ഫലമറിയാൻ ഇനി മണിക്കൂറുകൾ മാത്രം. വോട്ടെണ്ണലിന് ഒരുക്കങ്ങൾ പൂർത്തിയായി.

0
764

കവരത്തി: രാജ്യം ആരു ഭരിക്കുമെന്നറിയാന്‍ മണിക്കൂറുകള്‍ ബാക്കി. 17-ാം ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ വ്യാഴാഴ്ച രാവിലെ എട്ടിന് തുടങ്ങും.
ആദ്യഫലസൂചന രാവിലെ ഒമ്ബതോടെ ലഭ്യമാകുമെന്നാണ് പ്രതീക്ഷ. വിജയിയെ ഉച്ചയോടെ അറിയാനാവുമെങ്കിലും ഔദ്യോഗിക പ്രഖ്യാപനം വൈകും. ലക്ഷദ്വീപിലെ ഏക വോട്ടെണ്ണൽ കേന്ദ്രമായ കവരത്തി സീനിയർ സെക്കണ്ടറി സ്കൂളിൽ വൊട്ടെണ്ണലിന് ഒരുക്കം പൂര്‍ത്തിയായെന്ന്‌ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു. വോട്ടെണ്ണല്‍ കേന്ദ്രത്തും പരിസരത്തും കനത്തസുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മാതൃകാവോട്ടെണ്ണല്‍ കേന്ദ്രവും സജ്ജമാക്കിയിട്ടുണ്ട്.
മൊത്തം വോട്ടുകളുടെ ഒരു ശതമാനം വിവി പാറ്റ് സ്ലിപ്പുകള്‍ എണ്ണുമെന്ന് അറിയിച്ചിട്ടുണ്ട്. ലക്ഷദ്വീപിൽ ഇത് ചിലപ്പോൾ ഒന്നോ രണ്ടോ മെഷീനുകളിൽ ഒതുങ്ങും. വി.വി പാറ്റ് സ്ലിപ്പുകൾ കൂടി എണ്ണിയ ശേഷമാവും ഔദ്യോഗിക ഫലപ്രഖ്യാപനം ഉണ്ടാവുക. ഉച്ചയോടെ തന്നെ മുഴുവൻ ഫലവും ഔദ്യോഗികമായി പ്രഖ്യാപിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇ.വി.എമ്മുകളിലെ വോട്ടുകള്‍ എണ്ണിത്തീര്‍ന്നിട്ടാകും വിവി പാറ്റുകള്‍ എണ്ണുക. ഫലപ്രഖ്യാപനത്തിന് സാധാരണ മൂന്ന് മുതൽ നാല് മണിക്കൂർ വരെയാണ് വേണ്ടിവന്നിരുന്നത്. എന്നാല്‍, വിവി പാറ്റുകള്‍ എണ്ണുന്നതോടെ ഏകദേശം അഞ്ചോ, ആറോ മണിക്കൂറുകൾ വേണ്ടി വരും. തപാല്‍വോട്ടുകളാണ് ആദ്യമെണ്ണുക. രാവിലെ എട്ടുവരെ ലഭിക്കുന്ന എല്ലാ തപാല്‍ വോട്ടുകളും എണ്ണും. അതോടൊപ്പം ഇ.ടി.പി.ബി.എസ്. വഴി ലഭിച്ച സര്‍വീസ് വോട്ടുകളുടെ സ്‌കാനിങ്‌ ആരംഭിക്കും. മൂന്ന് കൗണ്ടിങ്‌ ടേബിളുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. ആവശ്യമെങ്കില്‍ കൂടുതല്‍ ടേബിളുകള്‍ കമ്മിഷന്റെ അനുമതിയോടെ സജ്ജീകരിക്കും.
വ്യാഴാഴ്ച രാവിലെ സ്‌ട്രോങ് റൂമില്‍നിന്ന് വോട്ടിങ് യന്ത്രങ്ങള്‍ കൗണ്ടിംഗ് കേന്ദ്രത്തിലേക്ക് മാറ്റും. തിരഞ്ഞെടുപ്പ് നിരീക്ഷകന്‍, അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍, രാഷ്ട്രീയ പാര്‍ട്ടിപ്രതിനിധികള്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് യന്ത്രങ്ങള്‍ പുറത്തെടുക്കുന്നത്. ഓരോ ടേബിളിലും ഒരു മൈക്രോ ഒബ്‌സര്‍വറും കൗണ്ടിങ് സൂപ്പര്‍വൈസറും കൗണ്ടിങ് അസിസ്റ്റന്റും ഉള്‍പ്പെടെ മൂന്നുപേരാണ് ഉണ്ടാകുക. നിരവധി പോലീസ് ഉദ്യോഗസ്ഥരെയാണ് വോട്ടെണ്ണല്‍ ദിവസം സുരക്ഷയ്ക്ക് വിന്യസിച്ചിരിക്കുന്നത്. കൂടാതെ, കേന്ദ്ര സായുധസേനയില്‍ നിന്നുള്ള ഉദ്യോഗസ്ഥരും ക്രമസമാധാനപാലനത്തിനുണ്ടാകും.

വോട്ടെണ്ണലിനായി എല്ലാ സ്ഥാനാർത്ഥികളും അവരുടെ ഏജന്റുമാരും കവരത്തിയിൽ എത്തിയിട്ടുണ്ട്. എൻ.സി.പി, കോൺഗ്രസ് നേതാക്കളും പ്രവർത്തകരും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. നല്ല ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് രണ്ട് പാർട്ടിയിലെ പ്രവർത്തകരും ഉറപ്പിച്ചു പറയുന്നു. അതുകൊണ്ട് തന്നെ, വോട്ടെണ്ണൽ തീരുന്നത് വരെ എല്ലാവരും വലിയ ആകാംക്ഷയോടെ കാത്തിരിക്കേണ്ടി വരും.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here