ഒരു ദ്വീപുകാരി പെൺകുട്ടിക്ക് എങ്ങനെ സിനിമ സ്വപ്നമായി… സിനിമയിലൂടെ അവൾ എങ്ങനെ തന്റെ രാഷ്ട്രീയം വ്യക്തമാക്കുന്നു… ഐഷ സുൽത്താന ‘ദ്വീപ്മലയാളി’യോട് സംസാരിക്കുന്നു.

0
1462

സിനിമ വിഭ്രാത്മകതയുടെ ലോകം മാത്രമല്ല. പച്ചയായ യഥാർത്ഥ്യങ്ങളും അതിൽ ഉണ്ട്. ഒരു സിനിമക്ക് ചിലപ്പോഴെങ്കിലും പച്ചയായ ജീവിതയഥാർത്ഥ്യങ്ങൾ കാണിച്ചു തരാൻ സാധിക്കും. സിനിമ എന്താണെന്ന് അറിയാത്ത ദ്വീപിൽ നിന്നും എത്തി ഇന്ന് സംവിധായികയായി വിവാദങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ആയിഷ സുൽത്താന. അവർ ഒരു നാടിന്റെ കഥ പറയുകയാണ് ഫ്ലഷ് എന്ന തന്റെ ആദ്യ സിനിമയിലൂടെ… ഈ സിനിമ ഒരു കഥയല്ല. ഒരു നാട് നേരിടുന്ന പ്രശ്നങ്ങളാണ്… നാടിന്റെ ആവശ്യങ്ങൾ ആണ്… നിർമാതാവ് പോലും റിലീസ് ചെയ്യാൻ നിരസിച്ച ഈ സിനിമ എന്താണ് എന്ന് നമുക്ക് അറിയാം സംവിധായികയുടെ വാക്കുകളിലൂടെ…

Advertisement

ഐഷ സുൽത്താന ‘ദ്വീപ് മലയാളി’യോട് സംസാരിക്കുന്നു…

സിനിമയുമായി ഒരു ബന്ധവും ഇല്ലാത്ത ചെത്ത്ലാത്ത് ദ്വീപിൽ നിന്നുമുള്ള ഒരു സാധാരണ പെൺകുട്ടിയായ ഐഷ സുൽത്താന എങ്ങനെ സിനിമയിലേക്ക് എത്തി?

യൂണിവേഴ്സിറ്റി കോളേജിൽ മലയാളം പഠിക്കുവാനായി കേരളത്തിൽ എത്തിയ ആളാണ് ഞാൻ. അവിടെ നിന്നും ഒരു ചാനലിൽ അവതാരകയായി. അവിടെനിന്നും ആണ് മാറ്റങ്ങൾ തുടങ്ങുന്നത്. സിനിമ ഒരിക്കലും എന്റെ പാഷൻ ആയിരുന്നില്ല. സിനമയുമായി ഒരു ബന്ധവുമില്ലാത്ത ഞാൻ ഒരു സംവിധായിക ആയി എന്ന് ഇപ്പോഴും എനിക്ക് വിശ്വസിക്കാനാകുന്നില്ല. ഭയങ്കരമായി എഫേർട്ട് എടുത്ത് കഷ്ടപ്പെട്ട് സിനിമയിൽ എത്തിയ ആളൊന്നുമല്ല ഞാൻ. ഒഴുക്കിനനുസരിച്ച് എത്തിപ്പെട്ടതാണ്. സിനിമ എന്നിലേക്ക് താനെ വന്നു ചേർന്നതാണ്.
ആദ്യം ആങ്കർ ആയി ചാനലിൽ വർക്ക്‌ ചെയ്തു. പിന്നീട് റേഡിയോയിൽ ആർ ജെ ആയും മോഡലിംഗ് രംഗത്തും പ്രവർത്തിച്ചു. ആക്ടിങ്ങിലും ട്രൈ ചെയ്തു പക്ഷെ ഇതിലൊന്നും എനിക്ക് സാറ്റിസ്‌ഫാക്ഷൻ കിട്ടിയില്ല. ഇതൊക്കെ എനിക്ക് തല്ലി പഴുപ്പിച്ച മാങ്ങ പോലെയാണ് ഫീൽ ചെയ്തത്.അതെ സമയം ഞാൻ കുഞ്ഞികൂനൻ സിനിമയൊക്കെ ചെയ്ത ശശി ശങ്കർ സാറിനോപ്പം സ്റ്റെപ്സ് എന്ന മൂവിയിൽ അസിസ്റ്റന്റ് ആയി പ്രവർത്തിച്ചു. അന്ന് അദ്ദേഹത്തിന്റെ മകൻ വിഷ്ണുവും ഞാനും ഒരുമിച്ചാണ് അദ്ദേഹത്തെ അസ്സിസ്റ്റ്‌ ചെയ്തത്. മാളികപ്പുറം സിനിമയുടെ ഡയറക്ടർ ആണ് വിഷ്ണു. അന്ന് എനിക്ക് മനസിലായി അതാണ് എന്റെ പാഷൻ എന്ന്. ഒരുപാട് കഷ്ടപ്പെടാൻ ഉണ്ട്. പക്ഷെ കഷ്ടപ്പെടുന്നതിന്റെ സുഖം മനസിലാകുന്നത് അസിസ്റ്റന്റ് ആയി ജോയിൻ ചെയ്തപ്പോഴാണ്. ആ ഇഷ്ടം തിരിച്ചറിഞ്ഞപ്പോൾ അത് തുടരാൻ തീരുമാനിച്ചു.

താങ്കളുടെ പുതിയ സിനിമ ഫ്ലഷ് റിലീസ് ആയി.പ്രേഷകർ നല്ല അഭിപ്രായങ്ങൾ പറയുന്നു. എന്താണ് സംവിധായിക എന്ന നിലയിൽ ഫ്ലഷ് എന്ന സിനിമയെപ്പറ്റി പറയാൻ ഉള്ളത്?

ഫ്ലഷ് എന്ന സിനിമ ലക്ഷദ്വീപ് എന്ന ഒരു നാടിന്റെ കഥയാണ്. ഈ സിനിമയിലൂടെ ഞാൻ ഫോക്കസ് ചെയ്തത് രണ്ട് കാര്യങ്ങളാണ്. ഒന്ന് ലക്ഷദ്വീപിന് എന്ത് വേണം, രണ്ടാമത് എന്ത് വേണ്ട എന്നത്. ഈ രണ്ട് കാര്യങ്ങളും ഞാൻ എന്റെ സിനിമയിൽ മെൻഷൻ ചെയ്തിട്ടുണ്ട്. കാണുന്ന ഓഡിയൻസിന് വളരെ വേഗത്തിൽ കമ്മ്യൂണിക്കേറ്റ് ചെയ്യാൻ സാധിക്കും വിധം അത് സിനിമയിൽ പറയുന്നുണ്ട്. അതിൽ തന്നെ പല സീനുകളും കട്ട്‌ ആയിട്ടുണ്ട്. പുതിയ വേർഷൻ എനിക്ക് അറിയില്ല. കട്ട്‌ ആയിട്ടുള്ള പല സീനകളും കാണുന്ന പ്രേഷകനെ ബാധിക്കും.

സിനിമയിൽ ഒത്തിരി എഡിറ്റിംഗ് നടന്നിട്ടുണ്ട് എന്നാണോ?

തീർച്ചയായും സിനിമയിൽ എഡിറ്റിംഗ് നടന്നിട്ടുണ്ട്. പല സീനുകളും കട്ട്‌ ആയിട്ടുണ്ട്. സിനിമയുടെ ഇപ്പോൾ ഉള്ള വേർഷൻ ഞാൻ കണ്ടിട്ടില്ല. ഞാൻ ഇല്ലാതിരുന്ന സമയത്താണ് സിനിമ റിലീസ് ചെയ്യുന്നത്. ജൂൺ 10 നാണ് സിനിമയുടെ റിലീസ് അവർ അനൗൺസ് ചെയ്യുന്നത്. അതും ജൂൺ 16 ന് റിലീസ്. ഈ ആറുദിവസം കൊണ്ട് എത്തിപ്പെടാനാകുന്ന ദൂരത്തിലായിരുന്നില്ല ഞാൻ. ഞാൻ ഒരു കമ്മിറ്റിമെന്റിന്റെ ഇടയിൽ ആയിരുന്നു. 6 ദിവസം കൊണ്ട് ഒരു സിനിമ റിലീസ് എന്ന് പറയുമ്പോൾ ഒരു പോസ്റ്റർ ഡിസൈൻ ചെയ്യാൻ ഉള്ള സമയം പോലും ഇല്ല. സൂപ്പർ സ്റ്റാറുകളുടെ സിനിമകൾ പോലും മിനിമം മൂന്ന് മാസങ്ങൾക്ക് മുൻപേ എങ്കിലും അനൗൺസ് ചെയ്ത് മാർക്കറ്റ് ചെയ്ത് ഇറങ്ങുന്ന സാഹചര്യത്തിലാണ് വേണ്ടത്ര ഒരുക്കങ്ങൾ ഇല്ലാതെ പബ്ലിസിറ്റി പോലും ഇല്ലാതെ 6 ദിവസങ്ങൾക്കൊണ്ട് ഒരു സിനിമ ഇറങ്ങുന്നത്. പുതുമുഖങ്ങളെ വെച്ചാണ് ഞാൻ ഈ പടം ചെയ്തത്. വിവാദങ്ങൾ ഒരിക്കലും ഒരു സിനിമ ഇറങ്ങി എന്ന കാര്യം ജനങ്ങളിലേക്ക് എത്തിക്കില്ല. വിവാദം ഉണ്ടാക്കി പടങ്ങൾ വിജയിപ്പിക്കുന്നു എന്നത് തെറ്റിദ്ധാരണ മാത്രമാണ്. ഇന്നും എത്രയോ ആളുകൾ സിനിമ ഇറങ്ങിയോ ഇല്ലയോ എന്ന കൺഫ്യൂഷനിൽ ഇരിക്കുന്നുണ്ട്. ആദിപുരുഷനും ഫ്ലാഷ് എന്ന സിനിമയും ഓടിക്കൊണ്ടിരിക്കുന്ന സമയത്താണ് ഇവർ ഫ്ലഷ് റിലീസ് ചെയ്യുന്നത്. ഫ്ലഷ് ആണോ ഫ്ലാഷ് ആണോ എന്ന് ആളുകൾക്ക് കൺഫ്യൂഷൻ ആണ്.

സംവിധായകൻ മേജർ രവി എന്നെ വിളിച്ചിരുന്നു. ഷേണായീസിൽ നിന്റെ പടം ഓടുന്നുണ്ടല്ലേ ഫ്ലഷ്. ഞാൻ ബുക്ക്‌ ചെയ്തിട്ടുണ്ട് കാണാൻ പോകും എന്ന് അദ്ദേഹം എന്നോട് പറഞ്ഞു. ഞാൻ ചോദിച്ചു ഷേണായീസിലോ… ഫ്ലഷിന്റെ ലിസ്റ്റിൽ അങ്ങനെ ഒരു തിയേറ്റർ ഇല്ലാലോ. സർ അവിടെ സിനിമ ഉണ്ട് എന്ന് തർക്കിച്ചു. ഒടുവിൽ ഞാൻ പറഞ്ഞു അത് ഫ്ലഷ് ആയിരിക്കില്ല സർ ഫ്ലാഷ് ആയിരിക്കും എന്ന്. സർ നെ പോലെ എത്രയോ പേർക്ക് ഫ്ലഷും ഫ്ലാഷും മാറി പോയിരിക്കും.
ഫ്ലഷ് എന്ന ഒരു സിനിമ റിലീസ് ആയി എന്നത് എവിടെയും എത്തിയിട്ടില്ല. ആളുകൾ അറിഞ്ഞിട്ടില്ല. ഞാൻ ഒരു മീഡിയയെ അങ്ങോട്ട് കോൺടാക്ട് ചെയ്തിട്ട് എന്റെ സിനിമ ഫ്ലഷ് റിലീസ് ആണ്. എല്ലാവരും സപ്പോർട്ട് ചെയ്യണം എന്ന് പറഞ്ഞിട്ടില്ല. ഇതൊരു വിവാദത്തിൽ നിൽക്കുന്ന സിനിമ ആയതുകൊണ്ട് ആളുകളോട് പറയാൻ എനിക്ക് പേടിയാണ്.

Advertisement

സിനിമയുടെ മാർക്കെറ്റിങ്ങിൽ ഉണ്ടായ കുറവ് സിനിമയുടെ പബ്ലിസിറ്റിയെ സാരമായി ബാധിച്ചിട്ടില്ലേ?

സാരമായി എന്നല്ല ഭയങ്കരമായി തന്നെ ബാധിച്ചു. പുതുമുഖങ്ങൾ മാത്രമുള്ള ഒരു സിനിമ ആളുകളിൽ എത്തണമെങ്കിൽ അത് എത്തിക്കുക തന്നെ വേണം. ഫ്ലഷിന്റെ കാര്യത്തിൽ ഒരു പത്ര പരസ്യം പോലും ഇല്ല. എങ്ങനെ ആളുകൾക്ക് അറിയാൻ സാധിക്കും ഏത് തീയേറ്റർ ലാണ് സിനിമ എന്ന്. പലരും ലിസ്റ്റിൽ ഉള്ള തിയേറ്ററുകളിൽ പോയിട്ടും അവിടെ പോലും സിനിമ കളിക്കുന്നില്ല.

ഇടക്കാലത്ത് സിനിമ വെള്ളിത്തിരയിൽ എത്താതെ പെട്ടിയിൽ തന്നെയാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായി താങ്കൾ തന്നെ പറഞ്ഞിരുന്നു. അതുമായി ബന്ധപ്പെട്ട് ഇപ്പോൾ എന്താണ് പ്രതികരിക്കാനുള്ളത്?

അവർക്ക് ഈ സിനിമ റിലീസ് ചെയ്ത് നാലാളിലേക്ക് എത്തിക്കണമെങ്കിൽ ഈ ആറു ദിവസം കൊണ്ട് റിലീസ് ചെയ്യണമായിരുന്നോ? സ്വന്തം സിനിമയോട് ഏതെങ്കിലും ഒരു പ്രൊഡ്യൂസർ അങ്ങനെ ഒരു വാശി കാണിക്കുമോ? പൈസ അവരുടേതല്ലേ? അതിൽ തന്നെ പ്രേഷകർക്ക് മനസിലാവുന്ന കാര്യങ്ങളല്ലേ.

ഇത്രയും ഒരു ഷോർട് ടൈം കൊണ്ട് സിനിമ റിലീസ് ചെയ്യുകയാണ് എന്ന് ഡയറക്ടർ അറിഞ്ഞിരുന്നില്ലേ?

ഇല്ല, ഞാൻ അറിഞ്ഞിരുന്നില്ല. അവർ പ്രസ്സ് മീറ്റ് വിളിച്ചാണ് സിനിമ റിലീസ് അനൗൺസ് ചെയ്യുന്നത്. അതിലൂടെ എല്ലാവർക്കും ഒപ്പമാണ് ഞാനും അറിയുന്നത്.ഞാൻ എന്റെ പി ആർ ഓ യെ ക്കൊണ്ട് സംസാരിപ്പിച്ചു എനിക്ക് ഒരു മാസം ടൈം എങ്കിലും തരണം എന്ന് ആവശ്യപ്പെട്ടു. പക്ഷെ അത് നടക്കില്ല എന്ന് തന്നെ അവർ തീർത്ത് പറഞ്ഞു.

നിർമ്മാതാവും അവരുടെ ഭർത്താവും ബി.ജെ.പിയുടെ ആളുകൾ ആയതിനാലും ഐഷ സുൽത്താന വ്യക്തമായ സംഘപരിവാർ വിരുദ്ധ നിലപാട് സ്വീകരിക്കുന്ന ആളായതിനാലും സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളിൽ ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ടോ?*

അറിവില്ലായ്മ കൊണ്ട് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളാണ് എന്നാണ് ഞാൻ കരുതിയിരുന്നത്. പുതിയ ആളുകൾ ആകുമ്പോൾ പല സമയത്തും ഡയറക്ടറിനും പ്രൊഡ്യൂസറിനും പരസ്പരം മനസിലാക്കാൻ ബുദ്ധിമുട്ടുകൾ ഉണ്ടാകും. ഇത് പല സിനിമകളിലും നടക്കുന്ന ഒരു കാര്യമാണ്. ഞാൻ പല സിനിമകളിലും അസിസ്റ്റന്റായും അസോസിയേറ്റ് ആയും പ്രവർത്തിച്ച ശേഷമാണ് സംവിധാനം ചെയ്യുന്നത്.
പക്ഷെ സെറ്റിൽ നിന്നും പ്രോപ്പർടീസും കൊടികളും ഒക്കെ മിസ്സ്‌ ആയി തുടങ്ങിയപ്പോഴാണ് എനിക്ക് ചെറിയ സംശയങ്ങൾ തുടങ്ങിയത്.

To advertise here, Whatsapp us.
To Advertise in Dweep Malayali, WhatsApp us now.

പ്രൊഡ്യൂസർ സിനിമയുടെ തിരക്കഥ മുഴുവനായും കേട്ടിട്ടില്ല എന്ന് പറയുന്നത് സത്യമാണോ?

ഒരിക്കലും സത്യമല്ല. അവരുടെ അടുത്ത് ഞാൻ പോയി ഇരുന്ന് ഫേസ് ടു ഫേസ് ഞങ്ങൾ സിനിമയെപ്പറ്റി സംസാരിച്ചിട്ടില്ല. അത് സത്യമാണ്. ഷൂട്ടിനു മുൻപ് അവരെ ഞാൻ നേരിട്ട് കണ്ടിട്ടില്ല. ഞങ്ങൾ ഫോണിലൂടെയാണ് സംസാരിച്ചുകൊണ്ടിരുന്നത്. ഷൂട്ടിനായി ദ്വീപിൽ പോകാൻ
ഞാൻ ഷിപ്പിൽ കേറിയ ശേഷം എനിക്ക് മൂന്ന് മണിക്കൂറിൽ കൂടുതൽ സമയം കിട്ടിയിരുന്നു. ആ ടൈമിൽ ഞാൻ അവരെ വിളിച്ച് ഈ കഥ മുഴുവൻ പറഞ്ഞു. അവർ എൻജോയ് ചെയ്ത് അത് കേട്ടതുമാണ്. അതിൽ ഉണ്ടായിരുന്നു എന്റെ രാഷ്ട്രീയം. അന്ന് അവർ ചോദിച്ചിരുന്നു ഇത് പ്രശ്നമാകുമോ എന്ന്. ഞാൻ മറുപടി പറഞ്ഞു ഇത് എങ്ങനെ പ്രശ്നമാകും സത്യമല്ലേ പറയുന്നത്. പറയുന്നതിൽ തെറ്റില്ലല്ലോ

നമ്മുടെ സിനിമയിൽ രാഷ്ട്രീയം സംസാരിക്കരുത് എന്നതാണ് ആകെ മുന്നോട്ട് വെച്ച ഡിമാൻഡ് എന്ന് ബീന കാസിം ഒരു ഇന്റർവ്യൂവിൽ പറഞ്ഞിരുന്നു.. ഇത് ശരിയാണോ..?

ഒരിക്കലുമില്ല, എന്നോട് അങ്ങനെ ഒരു ഡിമാൻഡും അവർ പറഞ്ഞിട്ടില്ല. അങ്ങനെ ഒരു ഡിമാൻഡ് എന്നോട് പറഞ്ഞിരുന്നെങ്കിൽ അവർ ഇന്ന് പ്രൊഡ്യൂസർ ആവില്ലായിരുന്നു. അങ്ങനെ ഒരു ഡിമാൻഡിൽ എനിക്ക് ഒരു പ്രൊഡ്യൂസറിനൊപ്പം വർക്ക്‌ ചെയ്യാനാവില്ല. അത് ഇന്ന് എന്നല്ല നാളെ ആയാലും അങ്ങനെ തന്നെയാണ്. പ്രൊഡ്യൂറിനെ സന്തോഷിപ്പിച്ച് എനിക്ക് ഒരിക്കലും ഒരുസിനിമ എടുക്കണ്ട. ഞാൻ പറയാൻ ആഗ്രഹിക്കുന്നത് എന്റെ നാടിന്റെ കഥയും പ്രശ്നങ്ങളുമാണ്. അവർ അങ്ങനെ ഒരു ഡിമാൻഡ് വച്ചിരുന്നെങ്കിൽ ആനന്ദ് പയ്യന്നൂർ തന്നെ ആവുമായിരുന്നു ഇതിന്റെ പ്രൊഡ്യൂസർ. ആനന്ദ് പയ്യന്നൂർ ഗൾഫിൽ കുടുങ്ങി പോയ സമയത്ത് ഞങ്ങൾക്ക് ഒരു ലൈൻ പ്രൊഡ്യൂസർ എന്ന നിലക്ക് വന്നതാണ് ഇവർ. ബീന കാസിമിന് ലക്ഷദ്വീപിൽ ഒരു റിസോർട്ട് ഉണ്ട്. ആ റിസോർട്ടിൽ ആണ് ഞങ്ങൾ ക്വാറന്റീൻ ഇരുന്നത്. അങ്ങനെയാണ് അവരുമായി ഉള്ള പരിചയം. ബീന കാസിമിന്റെ ഭർത്താവിന്റെ പേരിലാണ് ആ റിസോർട്. അന്ന് അവർ പറഞ്ഞു ലൈൻ പ്രൊഡ്യൂസർ ആക്കാമെങ്കിൽ ഞങ്ങൾ റിസോർട്ടിൽ ഫുഡ്‌ ആൻഡ് അക്കൗമേടേഷൻ ഞങ്ങൾ നോക്കിക്കൊള്ളാം എന്ന്. പിന്നെ സ്റ്റെപ് ബൈ സ്റ്റെപ് ആയിട്ട് പ്രൊഡ്യൂസർ റോളിലേക്ക് ആവുകയായിരുന്നു. അന്നൊക്കെ ബീന കാസിമിന്റെ ഭർത്താവാണ് സംസാരിച്ചിരുന്നത്. അവർക്ക് സിനിമ ഫീൽഡിലേക്ക് വരാൻ താല്പര്യമുണ്ട് എന്നും ബീന കാസിം നല്ല ഗായിക ആണ് എന്നും പറഞ്ഞു. ബീനത്താ നല്ല പാട്ടുകാരിയാണ്. ആ സ്പോട്ടിൽ തന്നെ ഫോൺ വിളിച്ചു ഞങ്ങൾ സംസാരിച്ചു. അങ്ങനെയാണ് ഞങ്ങൾ പരിചയത്തിലാകുന്നത്. നമ്മുടെ സിനിമയിൽ ബീനത്തായും മകളും പടിയിട്ടുണ്ട്. നമ്മൾ തിരിച്ചെത്തിയതിനു ശേഷമാണു ഇവർ രാഷ്ട്രീയം തിരുകി കയറ്റിയതും രാഷ്ട്രീയം ഉണ്ട് എന്ന് പറഞ്ഞതും അതിന്റെ പേരിൽ എന്നെ ടോർച്ചർ ചെയ്യാൻ തുടങ്ങിയതും.

നിർമാതാക്കളുടെ ഇത്തരത്തിലുള്ള നിർബന്ധങ്ങൾ സംവിധായകരുടെ ആവിഷ്കാര സ്വാതന്ത്ര്യം ഇല്ലാതാക്കുന്നു എന്ന് കരുതാമോ?

അതിൽ രണ്ട് കാര്യങ്ങൾ ഉണ്ട്. ഒരു നാണയത്തിന്റെ രണ്ട് വശങ്ങൾ പോലെ രണ്ട് വശങ്ങൾ ഉണ്ട്. ഞാൻ എന്ന ഒരു സംവിധായികയോട് അങ്ങനെ നിർബന്ധങ്ങൾ പിടിച്ചാൽ അത് എന്റെ ആവിഷ്കാരസ്വാതന്ത്ര്യത്തെ ഇല്ലാതെ ആക്കൽ ആവും. കാരണം ഞാൻ പറയാൻ ആഗ്രഹിക്കുന്നത് ഒരു നാടിന്റെ പ്രശ്നമാണ്. അതിലൂടെ എനിക്ക് ഒരു സൊല്യൂഷൻ ആണ് ആവശ്യം. പക്ഷെ ഒരു കൊമേർഷ്യൽ സിനിമ ചെയ്യുന്ന സംവിധായകനെ സംബന്ധിച്ചിടത്തോളം അത് ഒരു പ്രശ്നമായി വരുന്നില്ല.ഒരു ഹിറ്റ്‌ സിനിമ ചെയ്യുമ്പോൾ ഇങ്ങനെ ഉള്ള നിബന്ധകൾ പ്രൊഡ്യൂസറിനും സംവിധായകനും തമ്മിൽ സംസാരിച്ച് കയ്കാര്യം ചെയ്യാം. ഞാനും ഒരു കൊമേർഷ്യൽ സിനിമ ചെയ്യുകയാണെങ്കിൽ പ്രൊഡ്യൂസർ പറയുന്ന കാര്യങ്ങൾ അംഗീകരിക്കും. ബട്ട്‌ എനിക്ക് ഇവിടെ ആവശ്യം ഒരു കൊമേർഷ്യൽ സിനിമ അല്ല. ഞാൻ ചെയ്ത സിനിമ ഒരു ആർട്ട്‌ പ്ലസ് മിത്ത് ആണ്. ആ സിനിമ ഞാൻ അവതരിപ്പിച്ച രീതിയും ഡിഫറെൻറ് ആണ്.

Advertisement

ഫ്ലഷ് കണ്ട പ്രേക്ഷകരിൽ ചിലരെങ്കിലും സിനിമയെ വിമർശിക്കുന്നതായി കാണുന്നുണ്ട്. ചില സന്ദർഭങ്ങൾ ചിത്രീകരിച്ച് പ്രദർശിപ്പിച്ചു എന്നതിനപ്പുറം ഒഴുക്കുള്ള ഒരു കഥയുടെ അഭാവം ഉണ്ടെന്ന് അവർ വിമർശിക്കുന്നു. എന്താണ് താങ്കളുടെ പ്രതികരണം?

ഒരു ഡയറക്ടരുടെയും തിരക്കഥാകൃത്തിന്റെയും എഡിറ്റഡ് വേർഷൻ അല്ല സിനിമ എങ്കിൽ സ്വഭാവികമല്ലേ അത്. എന്റെ വേർഷൻ അല്ലല്ലോ അത്. എങ്കിലും ഞാൻ ഉദ്ദേശിച്ച രണ്ട് മൂന്ന് സീനുകളിലൂടെ പ്രശ്നങ്ങൾ അവതരിപ്പിക്കാൻ എനിക്ക് സാധിച്ചിട്ടുണ്ട്.

സിനിമയുടെ സാദ്ധ്യതകൾ കൂടുതൽ ലക്ഷദ്വീപിലേക്ക് വരണം എന്ന് ആഗ്രഹിക്കുന്നുണ്ടോ?

ഒരുപാട്. ലക്ഷദ്വീപിൽ നിന്നും ഒത്തിരി സിനിമകൾ വരണമെന്നും ലക്ഷദ്വീപിൽ ഒരു സിനിമ ഇൻഡസ്ട്രി ഉണ്ടാകണമെന്നുമാണ് ഞാൻ ആഗ്രഹിക്കുന്നത്. അവിടെ ഒരുപാട് കഴിവുള്ള ആളുകളും ഉണ്ട്. ലക്ഷദ്വീപിൽ നിന്നും ഒരു സിനിമ വരുമ്പോൾ അത് കാണാൻ ആഗ്രഹിക്കുന്ന പ്രേക്ഷകരെ ഉണ്ടാക്കിയെടുക്കുക എന്നതാണ് എന്റെ ആഗ്രഹം. നല്ല സിനിമകൾ ഉണ്ടാകാനുള്ള ഫെസിലിറ്റീസ് ദ്വീപിലും ഉണ്ടാകണം. ദ്വീപിലെ ആശുപത്രികളിൽ പോലും നല്ല ഫെസിലിറ്റീസ് ലഭ്യമല്ല എന്നിട്ടാണ് ഞാൻ ഇത് ആഗ്രഹിക്കുന്നത്. നമുക്ക് ആഗ്രഹിക്കലോ.

സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന ഒരാൾ എന്ന നിലക്ക് ദ്വീപിൽ സിനിമ മേഖല വളരുന്നതിനായി താങ്കൾക്ക് ഏത് ചെയ്യാനാകും?

ചെത്ത്ലാത്ത് ദ്വീപിൽ നിന്നും ഞാൻ എന്ന ഒരു സംവിധായിക ഉണ്ടായില്ലേ. ലക്ഷദ്വീപിൽ നിന്നും ഒരു സിനിമ വന്നില്ലേ. ഒത്തിരി ദ്വീപ് നിവാസികൾ അഭിനയിച്ചില്ലേ.. അത് എല്ലാവരും കണ്ടില്ലേ.ഇത്രയും കഴിവുള്ള ഒരു ടീം അവിടെ ഉണ്ട് എന്ന് എല്ലാവർക്കും മനസിലായില്ലേ.
അത് തന്നെ ഒരു വലിയ കാര്യമല്ലേ. അവസരങ്ങളും സാഹചര്യങ്ങളും കിട്ടിയാൽ ഇനിയും അവിടുന്ന് നല്ല നല്ല സിനിമകൾ വരും.ഒത്തിരി സിനിമ പ്രവർത്തകർ വരും. എന്റെ സിനിമയിൽ അഭിനയിച്ച കുട്ടികൾ എല്ലാവരും കഴിവുള്ളവരാണ്. അവർ ഒറ്റ ടേക്കിലാണ് ഓക്കേ ആക്കിയത്. എനിക്ക് അത്ഭുതം തോന്നിയിട്ടുണ്ട്. ഇത് തന്നെ ഒരു നല്ല മാറ്റത്തിന്റെ തുടക്കമാണ്. നാടിന് വേണ്ടി ഒരു സിനിമ ഇറക്കി. അത് നാലാൾ അറിഞ്ഞു അവിടെ തന്നെ അടിത്തറ പാകി കഴിഞ്ഞു.

ഫ്ലഷ് കാണാനായി തിയേറ്ററിൽ എത്തുന്ന പ്രേക്ഷകരോട് എന്താണ് പറയാനുള്ളത്?

ഇത് തിയേറ്ററിൽ തന്നെ പോയി കാണേണ്ട ഒരുപടം ആണ്. ആ ഒരു ഒഴുക്ക് ഇല്ലെങ്കിലും ഞങ്ങളുടെ പ്രശ്നം എന്താണ് ഞങ്ങൾക്ക് എന്ത് വേണം എന്ന് കൃത്യമായ ഒരു ഉത്തരം പ്രേഷകന് ലഭിക്കും. ആ പ്രേഷകർ ഞങ്ങൾക്ക് വേണ്ടി നിൽക്കുകയും ചെയ്യും.കേരളത്തിലുള്ളവർക്ക് ലക്ഷദ്വീപിന് വേണ്ടി സംസാരിക്കണമെങ്കിൽ കേരളം അറിഞ്ഞിരിക്കണം എന്താണ് ഇവിടുത്തെ പ്രശ്നം എന്ന്. അതാണ് ഞാൻ സിനിമയിലൂടെ സംസാരിക്കാൻ ശ്രമിക്കുന്നത്.

ഫ്ലഷ് എന്ന സിനിമയിലൂടെ നിങ്ങൾ പ്രേഷകരോട് സംസാരിക്കാൻ ആഗ്രഹിച്ചതൊക്കെ കമ്മ്യൂണിക്കേറ്റ് ചെയ്യാനായി എന്ന് കരുതുന്നുണ്ടോ?

എല്ലാം കൺവെ ചെയ്യാൻ സാധിച്ചിട്ടില്ല. അഗത്തി ദ്വീപ് മാത്രമേ ഞാൻ ഷൂട്ട്‌ ചെയ്തിട്ടുള്ളു. പെർമിഷൻ എടുത്ത ബാക്കി നാലു ദ്വീപുകളും ഷൂട്ട്‌ ചെയ്തിട്ടില്ല.എന്നിട്ടും അതിലും പലതും എഡിറ്റ്‌ ചെയ്തു. എങ്കിലും കണ്ട പ്രേഷകർ പറയുന്നു. കുഴപ്പമില്ല ദ്വീപിന്റെ പ്രശ്നങ്ങൾ ഞങ്ങൾക്ക് മനസ്സിലാകുന്നുണ്ട്, ദ്വീപിൽ പോയി വന്ന ഫീൽ ഉണ്ട് എന്ന്. അത് കേൾക്കുമ്പോൾ സന്തോഷം തോന്നുന്നു.

ദ്വീപിന്റെ സിനിമയാണ്. പക്ഷെ ദ്വീപിലെ ആൾക്കാർക്ക് മൂവി കാണാൻ സാഹചര്യം ഇല്ല. അതിന് വേണ്ടി എന്തെങ്കിലും ചെയ്യാൻ സാധിക്കുമോ?

അത് ഞാൻ ഒരാൾ വിചാരിച്ചാൽ സാധിക്കില്ല. പ്രൊഡ്യൂസർ കൂടി വിചാരിക്കണം. അവർക്ക് താല്പര്യമുണ്ടെങ്കിൽ കാണിക്കുവാൻ ഉള്ള സാഹചര്യങ്ങൾ ഒരുക്കട്ടെ.

ഒരു സംവിധായിക ആകാൻ നേരിട്ട വെല്ലുവിളികൾ എന്തൊക്കെയാണ്?

സിനിമ എന്നത് ഈസി അല്ല അതൊരു യുദ്ധമാണ്. ഒറ്റക്ക് ഒരിക്കലും യുദ്ധം ചെയ്യാൻ ആകില്ല. അതിലെ ക്രൂ പടയാളികളാണ്. എല്ലാവരും ഒരുമിച്ച് നിന്നാൽ മാത്രമേ ഈ യുദ്ധം വിജയിപ്പിക്കാൻ സാധിക്കുകയുള്ളു. എന്റെ ടെക്‌നീഷ്യൻമാരെല്ലാം വളരെ നല്ലവരാണ്. അവർ എപ്പോഴും എനിക്ക് ഒപ്പം നിന്നിട്ടുള്ളവരാണ്. ഈ സിനിമ മോശം എന്ന് ഒരാൾ പറയില്ല. പാളിച്ചകൾ ഉണ്ടായി എങ്കിലും ഞങ്ങൾ പരിശ്രമം കൊണ്ട് വിജയിച്ചാണ് നിൽക്കുന്നത്.

ഇനി മനസ്സിലുള്ള സിനിമാ ആലോചനകൾ എന്തൊക്കെയാണ്?

ആദ്യം ഞാൻ ചെയ്യാനിരുന്ന പ്രൊജക്റ്റ്‌ ഫ്ലഷ് അല്ല. നാലു വർഷം കൊണ്ട് ഞാൻ ചെയ്ത സ്ക്രിപ്റ്റ് പെൻഡിങ്ങിൽ ആണ്. അതിനായി എല്ലാം റെഡി ആണ് പക്ഷെ ആ സമയത്താണ് എന്റെ മുകളിൽ രാജ്യ ദ്രോഹ കുറ്റം ചുമത്തുന്നത്. 124A എന്ന വകുപ്പ് എന്റെ മേൽ ചുമത്തപെട്ടപ്പോൾ അത് എനിക്ക് വാശി ആയി. അതിന്മേൽ ആണ് ഞാൻ 124 A എന്ന മൂവി അനൗൺസ് ചെയ്യുന്നത്. ഇനി അടുത്ത പ്രൊജക്റ്റ്‌  124 A ആയിരിക്കും. ഈ വകുപ്പ് കൊണ്ടുവന്നത് ആരാണെന്നും പ്രയോഗിച്ചതെങ്ങനെയെന്നും നമുക്ക് അറിയാം. ആ വകുപ്പ് എന്താണെന്നും എങ്ങനെയാണെന്നും വ്യക്തമാക്കുന്നതാണ് എന്റെ സിനിമ.

താങ്കൾക്ക് എന്തെങ്കിലും കൂടുതലായി പറയുവാൻ ഉണ്ടോ?
ഇനി ഒരു സിനിമ ഞാൻ ചെയ്യുമ്പോൾ അത് ഒരിക്കലും ആർട്ട്‌ പ്ലസ് മിത്ത് ആയിരിക്കില്ല. അത് ഒരു കൊമേർഷ്യൽ സിനിമ ആയിരിക്കും.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here