
കവരത്തി: അപ്രതീക്ഷിതമായി സംഭവിച്ച പ്രളയ ദുരന്തത്തിൽ ഒന്ന് കണ്ണടച്ചു തുറക്കുമ്പോഴേക്ക് ജീവിതകാലം മുഴുവൻ സ്വരുക്കൂട്ടിയതെല്ലാം നഷ്ടപ്പെട്ട അവസ്ഥയിലാണ് കേരളത്തിലെ നമ്മുടെ സഹോദരങ്ങൾ. ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്നും വീടുകളിൽ എത്തിയ അവർ വീണ്ടും എല്ലാം ഒന്നിൽ നിന്നും തുടങ്ങുകയാണ്. അവർക്ക് വേണ്ട സഹായങ്ങൾ നൽകുന്നത് കേരളത്തെ എന്തിനും ആശ്രയിക്കുന്ന നമ്മുടെ ഉത്തരവാദിത്തം കൂടിയാണ്.
ധനശേഖരണമായും വസ്ത്ര സമാഹരണമായും ലക്ഷദ്വീപിലെ സന്നദ്ധ സംഘടനകൾ സജീവമായി തന്നെ രംഗത്തുണ്ട്. കവരത്തിയിൽ വിദ്യാർത്ഥികൾ ശേഖരിച്ച വസ്ത്രങ്ങൾ ഇന്നലെ ആലപ്പുഴയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തിച്ചു.
കവരത്തി ഡയറ്റ് വിദ്യാർത്ഥികൾ സമാഹരിച്ച 713603/- രൂപ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയച്ചു കൊടത്തു. വിദ്യാർത്ഥികൾക്ക് പൂർണ്ണ പിന്തുണയുമായി ഡയറ്റിലെ അധ്യാപകർ കൂടി മുന്നിട്ടിറങ്ങിയതോടെ ധനസമാഹരണം വിജയകരമാവുകയായിരുന്നു. സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തതിന് പിന്നാലെ വിദ്യാർത്ഥികൾ മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന് കത്തയച്ചു. “സ്നേഹം വിളമ്പി വിശപ്പകറ്റിയിരുന്ന ഞങ്ങളുടെ പൂർവ്വീകരായ ദ്വീപ് ജനതയുടെ സ്നേഹമസ്രണമായ പാത ഞങ്ങളും പിന്തുടരുന്നു. കേരളം ഞങ്ങൾ ദ്വീപുകാരുടെ ജീവവായുവാണ്. അത് പറയുന്നതിൽ ഒട്ടും ആലങ്കാരികതയില്ല. നിത്യോപയോഗ സാധനങ്ങൾ മുതൽ ചികിത്സക്കും ഉപരിപഠനത്തിനും ഉൾപ്പെടെ എന്തിനും ഏതിനും ഞങ്ങൾ ആശ്രയിക്കുന്നത് കേരളത്തെയാണ്. അത് കൊണ്ട് തന്നെ, കേരളത്തിന്റെ ഈ ദുരന്തത്തിൽ കേരള ജനതയോടും അങ്ങയുടെ സർക്കാരിനോടും ഒപ്പം ഞങ്ങളാലാവുന്ന ചെറിയ സഹായവുമായി ഞങ്ങളും കൂടെയുണ്ട്. ദുരിതമനുഭവിക്കുന്ന ജനവിഭാഗങ്ങളുടെ കണ്ണീരൊപ്പുന്നത് ഒരു സാമൂഹിക ഉത്തരവാദിത്തം എന്നതിലുപരി, ഭാവിയിലെ അധ്യാപകർ എന്നതിനാൽ ഞങ്ങൾക്ക് കൂടുതൽ ഉത്തരവാദിത്തം ഉണ്ട് എന്ന് ഞങ്ങൾ വിശ്വസിക്കുന്നു. വിദ്യാഭ്യാസ വകുപ്പിലെയും, ലക്ഷദ്വീപിലെ മറ്റ് ഉദ്യോഗസ്ഥരുടെയും, പൊതുജനങ്ങളുടെയും നിസ്സീമമായ സഹകരണത്തിന് നന്ദി അറിയിക്കുന്നു.”-എന്ന് ഡയറ്റ് വിദ്യാർത്ഥികൾ മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ പറയുന്നു.

അമിനിയിൽ പി.എൽ.ബി.സി റിലീഫ് സെല്ലിന്റെ നേതൃത്വത്തിൽ സമാഹരിച്ച 20000/- രൂപ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. ഇതിന്റെ ചെക്ക് അമിനി സബ് ഡിവിഷണൽ ഓഫീസർക്ക് പി.എൽ.ബി.സി നേതാക്കൾ കൈമാറി.
നാളെ പെരുന്നാൾ നിസ്കാര ശേഷം ദ്വീപിലെ പള്ളികൾ കേന്ദ്രീകരിച്ച് ധനസമാഹരണം നടത്തുമെന്ന് വിവിധ ദ്വീപുകളിലെ ഖാളിമാർ അറിയിച്ചു. ഇങ്ങനെ സമാഹരിക്കുന്ന തുക ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ മുഖാന്തരം കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയച്ചു കൊടുക്കും.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക