കവരത്തി: ലക്ഷദ്വീപിലെ പണ്ടാരം ഭൂമിയുടെ (സർക്കാർ വക ഭൂമി) സ്ഥിതി വിവരക്കണക്കുകൾ തേടി ഭരണകൂടം. പല ദ്വീപുകളിലും ജനങ്ങൾ കൈവശം വച്ചിരിക്കുന്ന ഇത്തരത്തിലുള്ള ഭൂമി തിരിച്ചുപിടിക്കാനുള്ള ഊർജിത ശ്രമം ആരംഭിക്കുകയാണെന്നുള്ള സൂചനകളാണ് അധികാരികൾ നൽകുന്നത്. വകുപ്പുകളുടെ ആവശ്യത്തിനായും പൊതുജനക്ഷേമ പദ്ധതികൾക്കും വിട്ടുനൽകിയതൊഴികെയുള്ള ഭൂമിയാകും തിരിച്ചുപിടിക്കുക.
ലക്ഷദ്വീപിലെ വീടില്ലാത്തവർക്കുള്ള ഭവന നിർമാണ പദ്ധതി ഈ സ്വാതന്ത്ര്യ ദിനത്തിൽ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. ഇതിനുള്ള സ്ഥലം കണ്ടെത്താനുള്ള ശ്രമവും നിലവിലെ ഉത്തരവിനു പിന്നിൽ ഉണ്ടെന്നാണു സൂചന.
സർക്കാർ വക ആവശ്യങ്ങൾക്കായി വിവിധ വകുപ്പുകൾ പാട്ടത്തിനെടുത്തതോ പൊതുജനാവശ്യങ്ങൾക്കായി ഏറ്റെടുത്തതോ ആയ പണ്ടാരം ഭൂമിയുടെ വിശദാംശങ്ങൾ 25ന് മുൻപു സമർപ്പിക്കാനാണു ലക്ഷദ്വീപിലെ വിവിധ വകുപ്പു മേധാവികൾ, പൊലീസ് ഉദ്യോഗസ്ഥർ, കവരത്തി എഡിഎം, എല്ലാ ദ്വീപുകളിലെയും ഡപ്യൂട്ടി കലക്ടർമാർ, ബിഡിഒമാർ എന്നിവരോടു കലക്ടർ ഉത്തരവിട്ടത്.

വിവരങ്ങൾ നിർദിഷ്ട മാതൃകയിൽ നൽകണമെന്നാണു നിർദേശിച്ചിട്ടുള്ളത്. ഭൂമി തിരികെപ്പിടിക്കരുതെന്നാവശ്യപ്പെട്ട് അഡ്മിനിസ്ട്രേറ്റർക്കും ഉന്നതാധികാരികൾക്കും സങ്കടഹർജി സമർപ്പിക്കാനുള്ള നീക്കവും സജീവമാണ്.
കടപ്പാട്: മനോരമ ഓൺലൈൻ
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക