കൊച്ചി: കൊച്ചി കോസ്റ്റ് ഗാര്‍ഡിന്റെ കാര്യശേഷി വര്‍ധിപ്പിക്കുന്ന ആധുനിക കപ്പലായ ‘സമര്‍ഥ്’ ഗോവയില്‍ നിന്ന് കൊച്ചിയിലെത്തി. നിലവിലെ ചെറിയ കപ്പലുകളെ അപേക്ഷിച്ച് 105 മീറ്റര്‍ നീളത്തിലുള്ള വലിയ കപ്പലാണ് സമര്‍ഥ്.
മള്‍ട്ടി പര്‍പസ് വെസല്‍ എന്നതാണ് പ്രത്യേകത. തീരസുരക്ഷക്കൊപ്പം കടലിലെ രക്ഷാപ്രവര്‍ത്തനം, കടലില്‍ എണ്ണ ചോര്‍ന്നാല്‍ നീക്കം ചെയ്യാനുള്ള സംവിധാനം, കടല്‍ ശുചീകരണത്തിനുള്ള പൊലൂഷന്‍ റെസ്പോണ്‍സ് സിസ്റ്റം, തീയണക്കാനുള്ള സംവിധാനം എന്നിവ കപ്പലിലുണ്ട്. അടുത്തിടെ ലക്ഷദ്വീപിന് സമീപം കടലില്‍ വന്‍ മയക്കുമരുന്നുവേട്ട നടത്തിയതും സമര്‍ഥ് കപ്പല്‍ മുഖേനയായിരുന്നു.
ലക്ഷദ്വീപിന്റെ ഏറ്റവും വലിയ യാത്രാ കപ്പലായ എംവി കവരത്തിയുടെ എഞ്ചിൻ റൂമിൽ തീപിടുത്തം ഉണ്ടായി അപകടം സംഭവിച്ചപ്പോൾ രക്ഷാ പ്രവര്‍ത്തനത്തിന് എത്തിയതും സമര്ഥായിരുന്നു. കടല്‍ പാട്രോളിങ്ങിന് രണ്ട് ഇന്‍ഫ്ലേറ്റബിള്‍ ബോട്ടുകള്‍ ഉള്‍പ്പെടെ ഇരട്ട എന്ജിന് ഹെലികോപ്റ്ററും നാല് അതിവേഗ ബോട്ടും വഹിക്കാന്‍ കഴിയുന്ന തരത്തിലാണ് കപ്പലിന്റെ രൂപകല്പന. ഇരട്ട എഞ്ചിനുകൾ ഉള്ള കപ്പല്ലിന് നിന്ന നില്പില് തിരിക്കാന്‍ സാധിക്കുന്ന ബോ ത്രെസ്റ്റര്‍(ബി.ടി) സംവിധാനവുമുണ്ട്. പരമാവധി വേഗം 23 നോട്ടിക്കല്‍ മൈലാണ്. 2015ല്‍ ഗോവയില്‍ കമീഷന് ചെയ്തതാണ് കപ്പല്‍. തന്ത്രപ്രധാന മേഖലയെന്നത് കണക്കിലെടുത്താണ് കപ്പല്‍ കൊച്ചിയിലെത്തിക്കുന്നത്. ഇതടക്കം നിലവില്‍ 13 ചെറിയ, ഇടത്തരം കപ്പലുകളാണ് കോസ്റ്റ് ഗാര്‍ഡിനുള്ളത്.
കൊച്ചിയിലെത്തിയ കപ്പലിനെ നാവിക ബാന്‍ഡ് മുഴക്കിയാണ് സ്വീകരിച്ചത്. കപ്പലിലെ കമാന്‍ഡിങ് ഓഫിസര്‍ ഡി.ഐ.ജി ആഷിഷിനെയും ക്രൂവിനെയും കരയില്‍ കമാന്‍ഡര്‍ ഷൈലേശ് ഗുപ്ത സ്വീകരിച്ചു. ഒരു മാസം വരെ തുടര്‍ച്ചയായി കടലില്‍ കഴിയാനുള്ള സൗകര്യം കപ്പലിനുണ്ടെന്ന് ഡി.ഐ.ജി ആഷിഷ് പറഞ്ഞു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക