ആന്ത്രോത്ത്: കള്ളിനും കഞ്ചാവിനും അടിമപ്പെട്ട് ദ്വീപിന്റെ കഴിഞ്ഞകാല ആത്മീയതയെ അട്ടിമറിക്കാൻ പുതുതലമുറക്ക് പ്രചോദനം കിട്ടിയത് വിശുദ്ധ ഖുർആനിനോടുള്ള ദ്വീപുകാരന്റെ അവഗണനയുടെ ശാപത്തിൽ നിന്നാണെന്ന് ആന്ത്രോത്ത് ഖാളിയും മുൻ ഹജ്ജ് കമ്മിറ്റി ചെയർമാനുമായിരുന്ന ഹംസക്കോയ ഫൈസി. ഒരു ഭാഗത്ത് ഖുർആൻ ഒറ്റപ്പെടുകയും മറുഭാഗത്ത് സ്വബോധം പോലുമില്ലാതെ ആധുനിക തലമുറ അഴിഞ്ഞാടുകയുമാണ്. ഇതിനെ ഒരിക്കലും നീതീകരിക്കാനാവില്ല. ആധുനികതയുടെ പളപളപ്പിൽ നാം നമ്മുടെ ലക്ഷ്യബോധം മറക്കുന്നു. ഖുർആൻ നമുക്ക് അന്യമായി മാറിക്കൊണ്ടിരിക്കുന്നു. രക്ഷിതാക്കളും മക്കളുടെ നിർബന്ധത്തിന് വഴങ്ങി ആത്മീയതയുടെ നിശ്കാസത്തിന് കൂട്ടുനിൽക്കുകയാണ്. ദിനേന കേട്ട് കൊണ്ടിരിക്കുന്ന പല അപകട വാർത്തകളും നമുക്ക് പാഠമാവണം. -അദ്ദേഹം പറഞ്ഞു.

ആന്ത്രോത്ത് ദ്വീപിലെ പണ്ടാത്ത് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അൽ അബ്റാർ ഖുർആൻ സ്റ്റഡീ സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സോവനീർ പ്രകാശന ചടങ്ങിൽ ഉൽബോധന പ്രസംഗം നടത്തുകയായിരുന്നു അദ്ധേഹം.
അബ്റാർ പ്രസിണ്ടന്റ് NPSM അബ്ദുസ്സലാം തങ്ങൾ അദ്ധ്യക്ഷത വഹിച്ച പ്രസ്തുത യോഗം ആന്ത്രോത്ത് സബ് ഡിവിഷണൽ ഓഫീസർ ശ്രീ. എ.പി.ആറ്റക്കോയ ഉൽഘാടനം ചെയ്തു. ജനറൽ സെക്രട്ടറി അബ്ദുൽ ഹക്കീം സഖാഫി മുഖ്യ പ്രഭാഷണം നടത്തി. ഡോ.എൻ.പി ചെറിയ കോയ, സീതി മാസ്റ്റർ കണ്ണി ചെറ്റ, ആന്ത്രോത്ത് ഹൈസ്കൂളിലെ എൻ.സി.സി ഓഫീസർ സൈഫുദ്ധീൻ മാസ്റ്റർ, ബി.മൻസൂറലി സഖാഫി, നദീർ സഖാഫി തുടങ്ങി പ്രമുഖർ സംബന്ധിച്ചു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക