കവരത്തി: അടുത്ത പൊതു തിരഞ്ഞെടുപ്പിനുള്ള നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ ലക്ഷദ്വീപ് പാർലമെന്റ് മണ്ഡലത്തിൽ നിന്നുള്ള സ്ഥാനാർത്ഥിയായി നിലവിലെ എം.പി പി.പി മുഹമ്മദ് ഫൈസലിനെ തന്നെ തിരഞ്ഞെടുത്തു. കവരത്തിയിൽ പ്രത്യേകമായി തയ്യാറാക്കിയ വേദിയിൽ വച്ച് നടന്ന ചടങ്ങിൽ എൻ.സി.പി ലക്ഷദ്വീപ് ഘടകം പ്രസിഡന്റ് ശ്രീ.അബ്ദുൽ മുത്തലിബ് പാർട്ടിയുടെ 2019-ലെ സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. എല്ലാവരും ഐക്യകണ്ഠമായാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തതെന്ന് ശ്രീ.അബ്ദുൽ മുത്തലിബ് പറഞ്ഞു. എല്ലാ ദ്വീപിലെയും പാർട്ടി നേതാക്കളും പ്രവർത്തകരും പങ്കെടുത്ത ചടങ്ങിൽ ഫൈസലിന്റെ രണ്ടാമൂഴത്തിനുള്ള പ്രഖ്യാപനത്തെ ഹർഷാരവത്തോടെയാണ് പാർട്ടി പ്രവർത്തകർ വരവേറ്റത്.www.dweepmalayali.com

മറ്റു പാർട്ടികൾ സ്ഥാനാർഥി പ്രഖ്യാപനം നടത്തുന്നതിന് മുമ്പ് തന്നെ എൻ.സി.പി ഒരു മുഴം മുമ്പേ എറിയുകയാണ്. സ്ഥാനാർത്ഥി പ്രഖ്യാപനം കഴിഞ്ഞതോടെ ഇനി തിരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് ആക്കം കൂട്ടാനാവും പാർട്ടി നേതാക്കൾ ശ്രമിക്കുക. കോൺഗ്രസ് സ്ഥാനാർത്ഥയായി ഹംദുള്ള സഈദിനെ തന്നെ പരിഗണിക്കണം എന്നാവശ്യപ്പെട്ട് എൽ.ടി.സി.സി ഐക്യകണ്ഠമായി എടുത്ത തീരുമാനം കോൺഗ്രസ് ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട്. ഹംദുവിനെ വീണ്ടും മത്സരിപ്പിക്കുന്നതിനോട് ഹൈക്കമാൻഡിനും അനുകൂലമായ നിലപാടാണെന്നാണ് അറിയുന്നത്. ഔദ്യോഗിക പ്രഖ്യാപനം ഉടൻ തന്നെ ഉണ്ടാവും. ആ പ്രഖ്യാപനം കൂടി വരുന്നതോടെ ലക്ഷദ്വീപ് തുരുത്തുകൾ തിരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങും.www.dweepmalayali.com
പി.പി.മുഹമ്മദ് ഫൈസൽ
ആന്ത്രോത്ത് ദ്വീപിലെ പടിപ്പുര തറവാട്ടിൽ സഫിയാബിയുടെയും കുന്നാംഗലം പൂക്കോയ തങ്ങളുടെയും മകനായി 1975 മെയ് 28-ന് ജനനം. ആന്ത്രോത്ത് ദ്വീപിലെ വിവിധ സ്കൂളുകളിൽ പ്രാധമിക പഠനം പൂർത്തിയാക്കിയ അദ്ദേഹം ആന്ത്രോത്ത് മഹാത്മാ ഗാന്ധി കോളേജിൽ നിന്നും പ്രീ ഡിഗ്രി പൂർത്തിയാക്കി. കണ്ണൂർ സർ സൈദ് കോളേജിൽ നിന്നും സുവോളജിയിൽ ബിരുദം പൂർത്തിയാക്കിയ അദ്ദേഹം കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും എം.ബി.എ കരസ്ഥമാക്കി. ആന്ത്രോത്ത് കാക്കർച്ചക്കാട ശ്രീമതി.റഹ്മത്ത് ബീഗം ഭാര്യയാണ്. ഒരു ആൺകുട്ടി ഉൾപ്പെടെ ഇവർക്ക് നാല് കുട്ടികളാണ്. www.dweepmalayali.com

2001-2004 കാലയളവിൽ ദുബൈയിലെ ഒരു സ്വകാര്യ കമ്പനിയിൽ സേവനം ചെയ്ത അദ്ദേഹം 2005 മുതൽ ലക്ഷദ്വീപ് ടൂറിസം വകുപ്പിൽ പ്രൊജക്ട് അസോസിയേറ്റായി കരാർ അടിസ്ഥാനത്തിൽ സേവനമനുഷ്ഠിച്ചു.
1998-99 കാലയളവിൽ ലക്ഷദ്വീപ് സ്റ്റുഡന്റ്സ് അസോസിയേഷൻ(എൽ.എസ്.എ) യുടെ ജനറൽ സെക്രട്ടറിയായിരുന്ന ഫൈസൽ നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ്സിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഈ സംഘടനകളിലൂടെ പൊതുരംഗത്ത് കടന്നു വന്ന ഫൈസലിനെ 2014 പൊതു തിരഞ്ഞെടുപ്പിൽ എൻ.സി.പിയുടെ സ്ഥാനാർത്ഥിയായി നിയോഗിക്കുകയായിരുന്നു. സിറ്റിംഗ് എം.പി ആയിരുന്ന ശ്രീ.ഹംദുള്ള സഈദിനെ 1500-ൽ പരം വോട്ടുകൾക്ക് പരാജയപ്പെടുത്തിയ അദ്ദേഹം പതിനാറാം ലോകസഭയിൽ ലക്ഷദ്വീപിൽ നിന്നുള്ള പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടു. www.dweepmalayali.com

തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് വേണ്ടി പ്രവർത്തിക്കും, മത്സ്യബന്ധന തൊഴിലാളികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തും, ലക്ഷദ്വീപിലെ സാധാരണകാകാരായ ജനങ്ങൾക്ക് മെച്ചപ്പെട്ട ആരോഗ്യ പരിരക്ഷ ഉറപ്പു വരുത്തും, ലക്ഷദ്വീപിലെ ടൂറിസം മേഖല പരിപോഷിപ്പിക്കും തുടങ്ങിയ വാഗ്ദാനങ്ങളുമായി ജനങ്ങളെ സമീപിച്ച അദ്ദേഹത്തിന് 2014-ൽ അപ്രതീക്ഷിതമായ മുന്നേറ്റമുണ്ടാക്കാൻ സാധിച്ചു. കന്നിയങ്കത്തിൽ തന്നെ വിജയിച്ച അദ്ദേഹം എൻ.സി.പിയുടെ ലോകസഭാ ചീഫ് വിപ്പായി തിരഞ്ഞെടുക്കപ്പെട്ടു. 0

2018 ആഗസ്റ്റ് 10 വരെയുള്ള കണക്കുകൾ പ്രകാരം പാർലമെന്റിലെ ഹാജർ അടിസ്ഥാനത്തിൽ ദേശീയ ശരാശരിയായ 80 ശതമാനത്തിനൊപ്പമാണ് പി.പി.മുഹമ്മദ് ഫൈസലിന്റെ ഹാജർ ശതമാനം. 47 ചർച്ചകളിൽ പങ്കെടുത്ത അദ്ദേഹം പാർലമെന്റിൽ 345 ചോദ്യങ്ങൾ ഉന്നയിച്ചു. ഇതിൽ ദേശീയ ശരാശരി 267 ചോദ്യങ്ങളാണ്. പാർലമെന്റിൽ ഫൈസൽ സ്വന്തമായി സ്വകാര്യ ബില്ലുകൾ ഒന്നും അവതരിപ്പിച്ചിട്ടില്ല. അതേസമയം, സർക്കാർ കൊണ്ടുവന്ന പട്ടിക ജാതി-പട്ടിക വർഗങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങൾ തടയുന്നതിനുള്ള 2018-ലെ ബില്ല്, ഓഖി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ കേന്ദ്രം കൊണ്ടുവന്ന പ്രകൃതി ദുരന്തങ്ങളുമായി ബന്ധപ്പെട്ട ബില്ല്, ജി.എസ്.ടി നടപ്പാക്കുന്ന ബില്ലിൽ ലക്ഷദ്വീപിന് പ്രത്യേക ഇളവ് അനുവദിക്കണം എന്നാവശ്യപ്പെട്ടതുൾപ്പെടെ 47 ബില്ലുകളിന്മേലുള്ള ചർച്ചകളിൽ സജീവമായി പങ്കെടുത്ത ഈ നാൽപ്പത്തിമൂന്നുകാരൻ പാർലമെന്റിൽ ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റി. www.dweepmalayali.com

“വിദ്യാർഥികളുടെ സ്കോളർഷിപ്പുകൾ വർദ്ധിപ്പിക്കും, ഭക്ഷ്യസുരക്ഷയുടെ പരിധിയിൽ ലക്ഷദ്വീപിലെ സാധാരണകാകാരെ കൊണ്ടുവരും, ആരോഗ്യ മേഖലയിൽ പൂർണ്ണ ആരോഗ്യ പരിരക്ഷ നടപ്പിൽ വരുത്തും തുടങ്ങിയവ 2014-ലെ പൊതു തിരഞ്ഞെടുപ്പിൽ എൻ.സി.പി മുന്നോട്ടുവച്ച മുഖ്യമായ വാഗ്ദാനങ്ങളായിരുന്നു. ഇത്തരം വിഷയങ്ങൾ യാഥാർത്ഥ്യമായതിലൂടെ പാർട്ടി അദ്ദേഹത്തിൽ അർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുവാൻ അദ്ദേഹത്തിന് സാധിച്ചു. അതുകൊണ്ട് തന്നെയാണ് അദ്ദേഹത്തെ വീണ്ടും സ്ഥാനാർത്ഥിയായി ഐക്യകണ്ഠമായി തീരുമാനിച്ചതെന്ന്” കവരത്തിയിൽ നടന്ന ചടങ്ങിൽ വിവിധ നേതാക്കൾ പറഞ്ഞു. www.dweepmalayali.com
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക