കുന്നത്തേരി തങ്ങൾ (റ)

0
2842
ലേഖനം: എം.പി ഹസൻ ഇർഫാനി എടക്കുളം, എൻ.എം ശഫീഖ് ഇർഫാനി പട്ടണക്കാട്
മുത്ത് നബി ( സ്വ ) യുടെ സന്താനപരമ്പരയിൽ ഇരുലോക ഖുത്ത്ബീങ്ങളുടെ ചക്രവർത്തിയായ ഗൗസുൽ അഅ്ളം മുഹ് യിദ്ദീൻ അബ്ദുൽഖാദിർ ജീലാനി ( ഖു . സി ) യുടെ ജീലീ ഖബീലയിൽ അവിടുത്തെ പൗത്രനായി , 1910 ൽ ആന്ത്രോത്ത് ദ്വീപിൽ ജനിച്ചു. മത വിജ്ഞാനസമ്പാദനത്തിനും പ്രചരണത്തിനും ജീവിതം സമർപ്പിച്ച മഹാനായിരുന്നു കുന്നത്തേരി തങ്ങൾ (ഖു . സി).

ദീനീപ്രചരണ രംഗത്ത് സജീവമായിരുന്ന മഹത്തുക്കളുടെ പാത പിൻപറ്റി കർമ്മരംഗത്ത് ഇറങ്ങിയ ശൈഖുനാ മലബാറിലും മറ്റും ദീനീ പ്രചരണവുമായി ബന്ധപ്പെട്ടുവെങ്കിലും അവിടുത്ത കർമ്മകേന്ദ്രമായി തിരഞ്ഞെടുത്തത് മതവിജ്ഞാനരംഗത്ത് പിന്നോക്കം നിന്നിരുന്ന തിരുകൊച്ചിയെയാണ്. ദീനീ പ്രചരണ രംഗത്തെ മഹാനവർകളുടെ നിത്യസ്മാരകമാണ് കുന്നത്തേരി മഹ്ളറത്തുൽ ഖാദിരിയ്യയും മദ്റസ നൂറുൽ ഇർഫാൻ അറബി കോളേജും. ശൈഖുനായുടെ പിതാമഹന്മാർക്ക് ഒരു നൂറ്റാണ്ടിലപ്പുറം ബന്ധമുണ്ട് ഈ നാടിനോടും മണ്ണിനോടും.

www.dweepmalayali.com
മഹാനായ കുന്നത്തരി തങ്ങൾ (ഖു.സി) ഖാദിരിയ്യ, രിഫാഇയ്യ, ചിശ്തിയ്യ, ശാദുലിയ്യ, നഖ്ശബന്ദിയ്യ മുതലായ ത്വരീഖത്തുകളുടെ ശൈഖായിരുന്നു. മഹാനവർകളിലേക്ക് വന്നു ചേരുന്ന “ഖാദിരിയ്യത്തുസ്സ്വൂഫിയ്യ ” എന്നറിയപ്പെടുന്ന ത്വരീഖത്തിന് ഇന്ത്യയിൽ 13 തലമുറ യുടെ പഴക്കവും പാരമ്പര്യവുമുണ്ട് .
 കുന്നത്തേരി തങ്ങളുടെ ഖാദിരീ , ചിശ്ത്തീ, ശാദുലി വഴികളിലെ ശൈഖായ തൊടുപുഴ നൈനാർ പള്ളിയിൽ അന്ത്യവിശ്രമം കൊള്ളുന്ന ഖൂത്വാരി ശൈഖുനാ(റ) ( ഹസ്റത്തുപ്പാപ്പ ), ഹൈദരാബാദ് സ്വൂഫി ( റ ) ( സ്വൂഫി മൻസിൽ ) വഴി ശാഹ് വലിയ്യുല്ലാഹിദ്ദഹ്‌ലവി ( റ ) യിലൂടെ ഗൗസുൽ അഅളം ( റ ) വഴി തിരുനബി ( സ്വ ) യിൽ ചെന്ന് ചേരുന്നു. മഹാനവർകളുടെ രിഫാഈ ത്വരീഖത്ത് ശൈഖ് യൂസുഫുർരിഫാഈ ആന്ത്രോത്ത് ( റ ) വഴിയിലൂടെ യുസുഫ് വലിയ്യുല്ലാഹി കുന്താപുരം ( റ ) വഴി തിരുനബി ( സ്വ ) യി ലെത്തിച്ചേരുന്നു.  ശൈഖുനായുടെ നഖ്ശബന്ദി ത്വരീഖത്ത് തൃശൂർ കാളത്തോട് അന്ത്യവിശ്രമം കൊള്ളുന്ന കമ്മുകുട്ടി മൗലാനാ (റ), അമേനിയിൽ മറപെട്ട് കിടക്കുന്ന ഗുലാം മുഹമ്മദ് അഹ്മദ് നഖ്ശബന്തി (റ) വഴിതിരുനബി (സ്വ)യിൽ എത്തിച്ചേരുന്നു.
ഹൈദരാബാദിൽ മറപെട്ടു കിടക്കുന്ന സ്വൂഫി ഹസ്റത്ത് (റ) ശാഹ് വലിയ്യുല്ലാഹിദ്ദഹ്‌ലവി ( റ ), അബ്ദുൽ അസീസ് ശകർബാരി സ്വൂഫി (റ) തുടങ്ങിയ ഇന്ത്യയിലെ അറിയപ്പെടുന്ന മശാഇഖന്മാർ ശൈഖുനായുടെ സിൽസിലയിലെ കണ്ണികളാണെന്ന് എടുത്ത് പറയേണ്ട ഒന്നാണ്.
ഖാദിരി, രിഫാഈ, നഖ്ശബന്തി തുടങ്ങിയ ശ്രേഷ്ഠമായ ത്വരീഖത്തുകളിൽ അത്യുന്നത പദവിയിലുള്ള ധാരാളം മഹാരഥൻമാർ കേരളത്തിൽ കഴിഞ്ഞു പോയിട്ടുണ്ട്. അവരിൽ ഏറ്റവും ശ്രേഷ്ഠരായവരെ അക്കാലത്തെ സുന്നത്ത് ജമാ അത്തിൻ്റെ പണ്ഡിതന്മാർ സ്വീകരിക്കുകയും അവരുടെ ആത്മീയ ശിഷ്യത്വം സ്വീകരിച്ച് ദീനിൻ്റെ ഉള്ളും പൊരുളും അവരിൽ നിന്നും ഗ്രഹിക്കുകയും ചെയ്തിരുന്നു. അത്തരത്തിൽ അക്കാലത്തെ ഏറ്റവും അംഗീകരിക്കപ്പെട്ട, അറിയപ്പെട്ട സ്വൂഫിയായിരുന്നു ബഹു. കുന്നത്തേരി തങ്ങൾ( റ ). മുത്തു നബി (സ)തങ്ങളിൽ നിന്ന് ശൈഖുനാ (റ) വരെ എത്തുന്ന കൃത്യമായ അധികാര ശ്രേണി (പാരമ്പര്യ സിൽസില) ശൈഖുനാ (റ)യുടെ ത്വരീഖത്തിൻ്റെ പ്രത്യേകതയായിരുന്നു. മുത്തു നബി(റ)യിൽ നിന്നും ഖുത്വുബുൽ അഖ്ത്താബ് (റ) വഴി ശൈഖുനാ (റ)യിൽ എത്തിച്ചേർന്നിരിക്കുന്ന ഖിലാഫത്ത് കൃത്യമായ ആധികാരിക രേഖകളിലൂടെയായതിനാൽ ഏറ്റവും വിശ്വസനീയവും അംഗീകൃതവും ആധികാരികവുമായ ത്വരീഖത്തായിരുന്നു ശൈഖുനാ (റ)യുടേത്. ഇത് ബോധ്യപ്പെട്ട അക്കാലത്തെ മഹാ പണ്ഡിതന്മാരെല്ലാം ബൈഅത്ത് ചെയ്ത് ശിഷ്യത്വം സ്വീകരിക്കാൻ ഏറ്റവും അനുയോജ്യനായി ശൈഖുനാ (റ)യെ തിരഞ്ഞെടുക്കുകയായിരുന്നു. ശൈഖുനാ (റ)യോട് അടുപ്പം പുലർത്താനും ബന്ധം നിലനിർത്താനും അവരുടെ ശിഷ്യന്മാരെക്കൊണ്ട് ശൈഖുനാ (റ)യുടെ ആത്മീയ ശിഷ്യത്വം സ്വീകരിപ്പിക്കാനും അഹ് ലുസ്സുന്നയുടെ അക്കാലത്തെ അറിയപ്പെട്ട ശറഈ പണ്ഡിതന്മാരെല്ലാം ജാഗരൂകരായിരുന്നു.
ശൈഖുന (റ)വിനെ തേടിയെത്തിയവർ
എറണാകുളം ജില്ലയിലെ ഭക്തരും സാത്വികരുമായി അറിയപ്പെട്ടിരുന്ന പണ്ഡിതമഹത്തുക്കളായ പുതിയാപ്ല അബ്ദുർറഹ്മാൻ മുസ്ലിയാർ, ഇടപ്പള്ളി കെ.പി. അബൂബക്കർ മുസ്ലിയാർ ( ഇടപ്പള്ളി ഉസ്താദ് ), തൃക്കാക്കര ബുഖാരി മുസ്ലിയാർ തുടങ്ങിയ പണ്ഡിത മഹത്തുക്കൾക്ക് ശൈഖുനായുമായുള്ള അടുപ്പത്തിലൂടെയാണ് അവരുടെ പ്രശസ്ത ശിഷ്യന്മാരും സുന്നത്ത് ജമാ അത്തിൻ്റെ നേതാക്കളുമായിരുന്ന ചന്തിരൂർ മുഹമ്മദ് മുസ്ലിയാർ, ഇ.കെ. ഹസൻ മുസ്ലിയാർ, തേവലക്കര അലവിക്കുഞ്ഞ് മുസ്ലിയാർ, ശഅ്റാനി കുഞ്ഞുമുഹമ്മദ് മുസ്ലിയാർ തുടങ്ങിയ പണ്ഡിത ശ്രേഷ്ഠരെ ശൈഖുനായുടെ മുരീദന്മാരും മുഹിബ്ബീങ്ങളുമാക്കിത്തീർത്തത്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ രൂപീകരണത്തിന് പ്രഥമ ആലോചനയോഗം ചേർന്ന കോഴിക്കോട് ജില്ലയിലെ കുറ്റിക്കാട്ടൂർ മണ്ണുങ്ങൽ അബ്ദുർറഹ്മാൻ മുസ്ലിയാർക്ക് ശൈഖുനായുമായുള്ള ആത്മീയബന്ധത്തിലൂടെ അദ്ദേഹത്തിന്റെ മരുമക്കളായ പെരിങ്ങത്തൂർ ആലിക്കുട്ടി മുസ്ലിയാർ ( കരുവംതുരുത്തി ), ആക്കോട് മുഹമ്മദ് കോയ മുസ്ലിയാർ ( കുറ്റിക്കാട്ടൂർ ) തുടങ്ങിയ പ്രഗത്ഭർ ശൈഖുനായുടെ മുരീദന്മാരായിത്തീർന്നു. ഖുത്വുബുസ്സമാൻ സയ്യിദ് സ്വാലിഹ് ജമലുലൈലി ( റ ) തേഞ്ഞിപ്പലം ( നൊസ്സൻ തങ്ങൾ ) അവർകൾക്ക് ശൈഖുനായുമായുള്ള അടുപ്പത്തിലൂടെ അദ്ദേഹത്തിന്റെ മകനും അവിഭക്ത സുന്നിയുവജനസംഘ ത്തിന്റെ നേതാവുമായിരുന്ന സയ്യിദ് ഫള്ൽ ജമലുലൈലി തങ്ങളും, മർഹും ശിഹാബുദ്ദീൻ അഹ്മദ്കോയ ശാലിയാത്തി ( റ )വിന് ശൈഖുനായുമായുള്ള ബന്ധം മനസ്സിലാക്കി ബേപ്പൂർ ഖാസി മുഹമ്മദ് കോയ മുസ്ലിയാർ, കാളാമ്പുറത്ത് കോയക്കുട്ടി മുസ്ലിയാർ എന്നിവരും ശൈഖുനായുടെ ശിഷ്യത്വം സ്വീകരിച്ച് മുരീദുമാരായി. എം.കെ.എം കോയ മുസ്ലിയാർ, പെരുമുഖം സൈനുദ്ദീൻ മുസ്ലിയാർ, ബേപ്പൂർ ഖാസി പി.ടി. അബ്ദുൽഖാദിർ മുസ്ലിയാർ, മഞ്ചേരി പന്തല്ലൂർ ഖാസി അബ്ദുല്ലക്കുട്ടി മുസ്ലിയാർ, പാണക്കാട് സയ്യിദ് ശിഹാബ് ഫള്ൽ തങ്ങൾ ( പുതുപ്പറമ്പ് ), പുളിയക്കോട് ഹസൻ മുസ്ലിയാർ, എം.പി മൊയ്തീൻ മുസ്ലിയാർ എടക്കുളം തുടങ്ങിയ നിരവധി സാദാത്തുക്കളും പണ്ഡിതരും കുന്നത്തേരി തങ്ങളിലാണ് അവരുടെ ശൈഖിനെ കണ്ടെത്തിയതും മുരീദുമാരായതും എന്നത് ശൈഖുനായുടെ ത്വരീഖത്തിൻ്റെയും ഖിലാഫത്തിൻ്റെയും ആധികാരികത വിളിച്ചോതുന്നു.
മേൽ പറഞ്ഞവരെല്ലാം പൊതു ജനങ്ങൾക്കിടയിൽ  അതിപ്രശസ്തരായ ശിഷ്യന്മാരായിരുന്നുവെങ്കിലും ആത്മീയ പ്രഭയിൽ ഇവരെയെല്ലാം കവച്ചുവെച്ച മുരീദുമാരും ശൈഖുനാക്കുണ്ടായിരുന്നു. ശൈഖുനാക്ക് ശേഷം ത്വരീഖത്തിൻ്റെ പ്രധാന ഖിലാഫത്ത് വഹിച്ച ഖുത്വ് ബുൽ അക്മൽ, ശൈഖുനാ മുഹമ്മദ് കമാലുദ്ധീൻ അൽ ജീലി (ഖു.സി), ഖുത്വ് ബുൽ വുജൂദ് ശൈഖുനാ സയ്യിദ് ശിഹാബുദ്ധീൻ അൽ ജീലി (ഖു.സി.) എന്നിവരൊക്കെ ആ മലർവാടിയിൽ വിരിഞ്ഞ ഏറ്റവും സുന്ദര കുസുമങ്ങളാണ്.
ഫിഖ്ഹ് ( കർമ്മശാസ്ത്രം ), മൻത്വിഖ് (തർക്കശാസ്ത്രം), ഇൽമുൽ അഖീദ (വിശ്വാസ ശാസ്ത്രം) തുടങ്ങിയ വിഷയങ്ങൾ മാത്രം പഠിപ്പിക്കപ്പെടുകയും തസ്വവ്വുഫ് മതാദ്ധ്യാപനരംഗത്ത് നിന്ന് മാറ്റി നിർത്തപ്പെടുകയും ചെയ്യുന്ന അവസ്ഥ ആത്മാവില്ലാത്ത ഒരു ഇസ്ലാമിനെ സൃഷ്ടിക്കലായി മാറുമെന്ന് മനസ്സിലാക്കിയ ശൈഖുനാ (ഖു.സി) മേൽ വിഷയങ്ങളോടൊപ്പം ആത്മസംസ്കരണമാകുന്ന ത്വരീഖത്തിനും അതിന്റെ വിജ്ഞാനശാഖയാകുന്ന തസ്വവ്വുഫിനും പ്രാധാന്യവും പ്രചരണവും ഉണ്ടാക്കിത്തീർക്കുന്നതിന് വേണ്ടി സ്ഥാപിച്ച മഹത്തായ ഇസ്ലാമിന്റെ സമ്പൂർണ്ണ വിജ്ഞാനകേന്ദ്രമാണ് മദ്റസ നൂറുൽ ഇർഫാൻ അറബിക്കോളേജ്.

തസ്വവ്വുഫില്ലാത്ത കർമ്മശാസ്ത്രം നിഷ്ഫലവും കർമ്മശാസ്ത്രമില്ലാത്ത തസ്വവ്വുഫ് വഴിതെറ്റിക്കുന്നതുമാണെന്ന് ഇമാം മാലിക് ( റ ) വിനെ പോലുള്ളവരുടെ അഭിപ്രായം മുഖവിലക്കെടുത്ത് പൂർവ്വസൂരികളുടെ സരണി അന്വർത്ഥമാക്കി ഇലാഹീ പ്രീതിക്ക് വേണ്ടി മാത്രം സ്ഥാപിതമായ ഈ സ്ഥാപനം  ശൈഖുനായുടെ ദീനീസേവനത്തിന്റെയും ദീർഘദൃഷ്ടിയുടെയും പ്രതീകമാണ്. ദീനീപ്രചരണത്തിന്റെ ഭാഗമായി മദ്റസ പ്രസ്ഥാനം ഇത്രയും വ്യാപകമായിട്ടില്ലാത്ത ആ കാലത്ത് സാധാരണ മുസ്ലിം സ്ത്രീ പുരുഷന്മാർക്ക് മതവിദ്യാഭ്യാസം നേടുന്നതിന് അന്ന് വ്യാപകമായിരുന്ന സബീനപാട്ടുകളുടെ ശൈലിയിൽ വുളു, കുളി തുടങ്ങി നിസ്ക്കാരം അടക്കമുള്ള കർമ്മങ്ങളുടെ വിശദീകരണവും അടിസ്ഥാന കാര്യമായ കലിമത്തുശ്ശഹാദയുടെ ശർത്ത് ഫർളുകളടക്കമുള്ള അത്യാവശ്യം അറിഞ്ഞിരിക്കേണ്ട വിശ്വാസ കാര്യങ്ങൾ ഉൾക്കൊള്ളുന്ന പദ്യരൂപേണയുള്ള വാജിബാത്ത് മാല ശൈഖുനയുടെ നിസ്തുലമായ ഒരു കൃതിയാണ്. സാലിക്കീങ്ങൾക്ക് പ്രത്യേകം തയ്യാറാക്കിയ തൗഹീദ് മാല ത്വരീഖത്തുകാർക്ക് ഉത്തമ വഴികാട്ടിയും ആത്മീയമുന്നേറ്റത്തിന് ഊർജ്ജം നൽകുന്നതുമായ ഗ്രന്ഥമാണ്. പ്രസിദ്ധമായ “താജുൽ അഖ്ബാർ” എന്ന യൂസുഫ് ഖിസ്സപ്പാട്ട്, ഫാത്വിമബീവി വഫാത്ത് മാല, മുഹ് യിദ്ദീൻ മാല, മഅ് രിഫത്ത് മാല, അസ്റാറുൽ മുഹഖിഖീൻ മുതലായവ ശൈഖുനായുടെ വിജ്ഞാനസാഗരത്തിൽ നിന്ന് ഉത്ഭവിച്ച അമൂല്യ ഗ്രന്ഥങ്ങളാണ്.

To advertise here, Whatsapp us.
സ്വൂഫി ചിന്താധാരയിൽ സംഭാവനകളർപ്പിച്ച മഹാത്മാക്കളായ സ്വൂഫിവര്യന്മാരുടെ അദ്ധ്യാത്മിക കൃതികളിലെ ഉള്ളടക്കം അവരുടെ വഴിയിൽ പ്രവേശിക്കാത്തവർക്ക് ഗ്രഹിക്കൽ ശ്രമകരമാണ്. അതുകൊണ്ട് തന്നെ ആ മഹാത്മാക്കളുടെ കൃതികൾ, അവരുടെ സാങ്കേതിക പ്രയോഗങ്ങളും മറ്റും അറിയാത്തവർ പാരായണം ചെയ്യാനോ ചർച്ച ചെയ്യാനോ പാടില്ലെന്ന് മഹാനായ ഇബ്നുഹജർ ( റ ), സൈനുദ്ദീൻ മഖ്ദൂം ( റ ) തുടങ്ങിയ ആധികാരിക ശാഫിഈ പണ്ഡിതരും മറ്റും ഏകോപിച്ച് പറഞ്ഞിരിക്കുന്നു . ആ വിലക്ക് വകവെക്കാതെ ഇൽമുതസ്വവ്വുഫിൽ അടിസ്ഥാന വിവരം പോലുമില്ലാത്തവർ സ്വൂഫികളുടെ ഗ്രന്ഥങ്ങൾ അപഗ്രഥനം നടത്തിയും വ്യഖ്യാനിച്ചും വഴിതെറ്റിപ്പോയതിന്റെ നിരവധി ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാൻ കഴിയും. ചിലർ വ്യാഖ്യാനിച്ച് വ്യാഖ്യാനിച്ച് ശൈഖുൽ അക്ബർ ഇബ്നു അറബി ( റ ), ഇമാം ഗസ്സാലി ( റ ), ഇമാം ശാദുലി ( റ ), ജുനൈദുൽ ബഗ്ദാദി ( റ ) തുടങ്ങിയ മഹാരഥന്മാരെ പോലും വഴിപിഴച്ചവരുടെ പട്ടികയിൽ പെടുത്തിയതൊക്കെ ചരിത്രമാണ്. ഇതുപോലെ ശൈഖുനായുടെ അസ്റാറുൽ മുഹഖിഖീൻ എന്ന തസ്വവ്വുഫിൻ്റെ ഗ്രന്ധവും തൗഹീദ് മാല എന്ന കാവ്യവും ചിലർ വ്യാഖ്യാനിച്ച് സ്വയം നാശം വരുത്തിവെച്ചപ്പോൾ വിഷയം പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിയമിച്ച പഠനസമതിയിലെ അംഗവും ത്വരീഖത്തിന്റെ ശൈഖും മുറബ്ബിയുമായിരുന്ന ഖാളി സയ്യിദ് ഉമറുൽ ഫാറൂഖ് അൽ ബുഖാരി പൊസോട്ട് തങ്ങൾ (ഖു.സി) അവർകൾ ആ വ്യാഖ്യാനങ്ങളും ആരോപണങ്ങളും മുഴുവനും സത്യവിരുദ്ധമാണെന്നും തസവ്വുഫ് മനസ്സിലാക്കാനും ഗ്രഹിക്കാനും  കഴിയാത്തവർ കൈകാര്യം ചെയ്തതു കൊണ്ട് സംഭവിച്ചതാണെന്നും പ്രഖ്യാപിച്ച് കൊണ്ട് ശൈഖുനായുടെ ജന്മനാടായ ആന്ത്രോത്ത് ദ്വീപിലെ എസ്.വൈ.എസ്, എസ്.എസ്.എഫ് സംഘടനകളുടെ സംയുക്ത യോഗത്തിൽ സാക്ഷ്യപ്പെടുത്തിയതും മിനിറ്റ്സിൽ രേഖപ്പെടുത്തി വെച്ചതും കാണാം. യോഗത്തിൽ കുന്നത്തേരി ത്വരീഖത്തിനെ കുറിച്ച് ഒരാൾ സംശയം ചോദിച്ചു.
അതിന് തങ്ങൾ നൽകിയ മറുപടി. “കുന്നത്തേരി തങ്ങളുടെ കൃതികളും ത്വരീഖത്തും ഹഖാണ്. പ്രസ്തുത ത്വരീഖത്തിന്റെ അടിസ്ഥാനഗ്രന്ഥമായ അസ്റാറുൽ മുഹഖിഖീൻ എന്റെ കൈയ്യിലുണ്ട്. അത് ഞാൻ ആധികാരികമായി പരിശോധിച്ചു. ഞാൻ കണ്ടിടത്തോളം അത് നൂറ് ശതമാനം ഹഖാണ്. എന്നാൽ അത് വാദപ്രതിവാദത്തിലൂടെ ചർച്ച ചെയ്യാൻ പാടില്ലാത്തതും പ്രസ്തുത ത്വരീഖത്തിനെതിരെയുള്ള ചർച്ച എസ്.വൈ.എസിലോ എസ്.എസ്.എഫിലോ ഉണ്ടാവാൻ പാടില്ലാത്തതുമാണ്. ഈ ഗ്രന്ഥം നൂറ് ശതമാനം ഹഖാണെന്ന് ഞാൻ അല്ലാഹുവിന്റെ മുമ്പിൽ സാക്ഷിയാണ്. സാക്ഷിയാണെന്ന്  തങ്ങൾ ആവർത്തിച്ചു പറഞ്ഞു. ഇനി ആർക്കെങ്കിലും വല്ല സംശയവും ബാക്കി നിൽക്കുന്നുണ്ടോ എന്ന് തങ്ങൾ വീണ്ടും ചോദിച്ചു. ആരും സംശയം ചോദിക്കാതെ തങ്ങളുടെ വിശദീകരണത്തിൽ തൃപ്തിപ്പെടുകയും അംഗീകരിക്കുകയും ചെയ്തതുമാണ്. എന്നാലും പലവിധ സങ്കുചിത ലക്ഷ്യങ്ങളുമായി ഇല്മുതസവ്വുഫ് മനസ്സിലാക്കാനൊ ഗ്രഹിക്കാനൊ മെനക്കെടാത്ത പലരും ഇന്നും ഇത്തരം അബദ്ധങ്ങൾ ഏറ്റുപിടിച്ചു നടക്കുന്നത് കൊണ്ട് ശൈഖുനാക്കൊ ശൈഖുനായുടെ മഹത്വത്തിനൊ ഒരു മങ്ങലുമേല്പിക്കുന്നില്ല.
ആത്മീയ തുറവടിയും അറിവും ലഭിച്ച മഹത്തുക്കളാരും ഗൗസുൽ അഅ്ളമിന്റെ മാർഗ്ഗത്തെ (ത്വരീഖത്തിനെ) നിഷേധിച്ചിട്ടില്ലെന്ന പണ്ഡിതവചനമാണ് പൊസോട്ട് തങ്ങൾ (ഖു.സി) എന്ന ആത്മീയഗുരുവിന്റെ ഈ സാക്ഷ്യപ്പെടുത്തൽ. അത്തരക്കാർ തന്നെയാണ് ഇത് പറയാൻ അർഹരും. ഇതുപോലെ ഒരുപാട് പണ്ഡിതന്മാർ ശൈഖുനായെ കുറിച്ചും ശൈഖുനായുടെ കൃതികളെ കുറിച്ചും അവിടുത്തെ ഖലീഫമാരായിരുന്ന അൽ ഖുത്ബുൽ അക്മൽ അസ്സയ്യിദ് മുഹമ്മദ് കമാലുദ്ദീനുൽ ഖാദിരിയ്യു സ്സ്വൂഫിയ്യ് (ഖു.സി), ശൈഖുനാ ഖുതുബുൽ വുജൂദ് സയ്യിദ് ശിഹാബുദ്ദീനിൽ ഖാദിരിയ്യു സ്സ്വൂഫിയ്യ് (ഖു.സി) എന്നിവരുടെ സ്ഥാനങ്ങളെയും മഹത്വത്തെയും സംബന്ധിച്ച് പറഞ്ഞ രേഖകൾ നിരവധിയാണ്. അതെല്ലാം കൂടി പരസ്യപ്പെടുത്തേണ്ടതില്ലാത്തതിനാൽ തൽക്കാലം മാറ്റിവെക്കുന്നു.
വന്ദ്യരായ ശൈഖുനായുടെ 53-ാം ഉറൂസ് മുബാറക് ഈ വരുന്ന 22 മുതൽ 27 വരെയുള്ള തീയതികളിൽ കുന്നത്തേരി മഹ്ളറത്തുൽ ഖാദിരിയ്യയിൽ വിപുലമായ പരിപാടികളോടെ നടത്ത പ്പെടുകയാണ്. ഉറൂസിലേക്കും മറ്റ് പരിപാടികളിലേക്കും നിങ്ങളെ ആദരപൂർവ്വം ക്ഷണിക്കുന്നു. കൂടാതെ മഞ്ചേരി, ഖത്തർ, ഒമാൻ, ആന്ത്രോത്ത്, കിൽത്താൻ, കവരത്തി എന്നീ സ്ഥലങ്ങളിലും ശൈഖുന (റ)വിന്റെ ആണ്ട് നേർച്ച നടത്തപ്പെടുന്നു.

ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here