റിപ്പോർട്ട്: അബ്ദുൽ സലാം കെ.കെ
മംഗലാപുരം: ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ലക്ഷദ്വീപ് സംസ്ഥാന കമ്മിറ്റി മംഗലാപുരത്ത് യോഗം ചേർന്നു. ലക്ഷദ്വീപ് എം.പി പി.പി മുഹമ്മദ് ഫൈസൽ ചെയർമാനായിട്ടുള്ള യോഗത്തിൽ ബാംഗ്ലൂർ ഡി.ജി എം.രാജഗോപാലൻ ഉൾപ്പെടെയുള്ള എഫ്.സി.ഐ പ്രതിനിധികളും എഫ്.സി.ഐയുടെ ലക്ഷദ്വീപ് കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു. നിലവിൽ ലക്ഷദ്വീപിൽ വിതരണം ചെയ്യുന്ന സാധാരണ പൊതുവിതരണ അരി മാറ്റി (എ) ഗ്രേഡ് അരി വിതരണം ചെയ്യുന്നത് ആരംഭിക്കണമെന്ന് യോഗം ഐക്യകണ്ഠേന തീരുമാനമെടുത്തു. നിലവിൽ ആന്ത്രോത്ത് ദ്വീപിലുള്ള എഫ്.സി.ഐ ഗോഡൗണോടൊപ്പം മറ്റ് ദ്വീപുകളിൽ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ കീഴിലുള്ള ഗോഡൗണുകൾ എഫ്.സി.ഐയുടെ മാർഗനിർദേശങ്ങൾ അനുസരിച്ച് നവീകരിക്കുന്നതിന് യോഗം ശുപാർശ ചെയ്തു. ഇത്തരം ഗോഡൗണുകളുടെ ഗുണനിലവാരം നിരീക്ഷിക്കുന്നതിനായി ഓരോ ദ്വീപിലും ഉന്നത വിദ്യാഭ്യാസം നേടിയ രണ്ടുപേരെയെങ്കിലും ജോലിയിൽ എടുക്കുവാനും എഫ്.സി.ഐയുടെ കീഴിൽ അവർക്ക് പ്രത്യേക പരിശീലനം നൽകുവാനും സമിതി ശുപാർശ ചെയ്തതായി ശ്രീ.മുഹമ്മദ് ഫൈസൽ എം.പി പറഞ്ഞു.

നിലവിൽ നമ്മുടെ ഗോഡൗണുകളിൽ ആദ്യം ശേഖരിക്കുന്ന അരിച്ചാക്കുകൾ ക്രമം പാലിക്കാതെയാണ് സൊസൈറ്റി ഔട്ട്ലെറ്റുകളിലേക്ക് പുറത്തെടുക്കുന്നത്. അതുകൊണ്ട് തന്നെ, ഒരു ഭാഗം അരി എപ്പോഴും പഴകി നശിച്ചു പോകുന്ന അലസമായ പ്രവണത കാണപ്പെടുന്നു. ഈ പ്രവണത നിർത്തലാക്കുന്നതിന് ശക്തമായ മാർഗനിർദേശങ്ങൾ നൽകിയതായി ഫൈസൽ കൂട്ടിച്ചേർത്തു. അതുപോലെ ലക്ഷദ്വീപിന്റെ മൊത്തം അരിവിഹിതമായ നാലായിരം മെട്രിക് ടണ്ണിന് പുറമെ അതികമായി അനുമതി ലഭിച്ച 1200 മെട്രിക് ടൺ അരി ഒരാഴ്ചക്കകം വാങ്ങി ഗതാഗതം നടത്തിയിരിക്കണം എന്ന എഫ്.സി.ഐയുടെ നിർദേശം പാലിക്കുന്നതിന് ഭൂമിശാസ്ത്രപരമായി ഒറ്റപ്പെട്ടു കിടക്കുന്ന ദ്വീപുകളിൽ പരിമിതികളുള്ളതിനാൽ കൂടുതൽ സമയം അനുവദിക്കണമെന്ന് എഫ്.സി.ഐ പ്രതിനിധികളോട് രേഖാമൂലം ആവശ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു. ലക്ഷദ്വീപ് സമിതിയുടെ ശുപാർശകൾ എഫ്.സി.ഐ എക്സിക്യൂട്ടീവ് ഡയറക്ടർ മുഖേന ദേശീയ ബോർഡിലേക്കാണ് പ്രധാനമായും കൈമാറുക. യോഗത്തിന് ശേഷം ലക്ഷദ്വീപിന്റെ മംഗലാപുരത്തെ ഗോഡൗണും തുറമുഖവും എം.പിയും സംഘവും സന്ദർശിച്ചു. റഫീഖ് എം.പി, സബീർ കെ, അംജദ് പി.കെ, ഹമീദ് എച്ച്.സി, മുഹമ്മദ്, എച്ച്.കെ മുഹമ്മദ് ഖാസിം എന്നിവർ പങ്കെടുത്തു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക