കൊച്ചി: കേന്ദ്ര മാനവ വിഭവ വികസന മന്ത്രാലയത്തിന് കീഴിൽ നാഷണൽ ടെസ്റ്റിങ്ങ് ഏജൻസി നടത്തിയ ജോയിന്റ് എൻട്രൻസ് പരീക്ഷയിൽ ലക്ഷദ്വീപിൽ നിന്നും ആന്ത്രോത്ത് ദ്വീപ് സ്വദേശി അബ്ദുൽ ജവാദ് പി.എ ഒന്നാമനായി. ജെ.ഇ.ഇ ഒന്നാം പേപ്പറായ ബി.ഇ/ബി.ടെക് പ്രവേശന പരീക്ഷയിലാണ് അബ്ദുൽ ജവാദ് അഭിമാനകരമായ നേട്ടം സ്വന്തമാക്കിയത്. പരീക്ഷ എഴുതിയ ഓരോ വിദ്യാർഥികളുടെയും മാർക്ക് കണക്കാക്കിയിരിക്കുന്നത് പെർസന്റൈൽ നിരക്കിലാണ്. ഇത് സാധാരണ ശതമാനം കണക്കിൽ നിന്നും വ്യത്യസ്തമാണ്. മൊത്തം 88.33 പെർസന്റൈൽ മാർക്ക് നേടിയാണ് ജവാദ് ബി.ഇ/ബി.ടെക് കോഴ്സിന് അർഹത നേടിയിരിക്കുന്നത്. പട്ടികവർഗ വിഭാഗക്കാരായ വിദ്യാർഥികൾക്ക് ഇന്ത്യയിലെ ഏറ്റവും മികച്ച സാങ്കേതിക വിദ്യാഭ്യാസ കേന്ദ്രങ്ങളായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ക്യാമ്പസുകളിൽ അഡ്മിഷൻ ലഭിക്കുന്നതിന് 85 പെർസന്റൈൽ മാർക്കാണ് കണക്കാക്കിയിരിക്കുന്നത്. 88.33 പെർസന്റൈൽ മാർക്ക് നേടിയ അബ്ദുൽ ജവാദിന് അടുത്ത അധ്യയനവർഷം രാജ്യത്തെ ഏറ്റവും ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ ഏതെങ്കിലും ക്യാമ്പസിൽ അഡ്മിഷൻ നേടാനാവും. www.dweepmalayali.com
പ്രൈമറി തലം മുതൽ ആന്ത്രോത്ത് ദ്വീപിൽ തന്നെ പഠനം നടത്തിയ അബ്ദുൽ ജവാദ് ആന്ത്രോത്ത് മഹാത്മാ ഗാന്ധി സീനിയർ സെക്കണ്ടറി സ്കൂളിൽ നിന്നാണ് +2 പഠനം പൂർത്തിയാക്കിയത്. ആന്ത്രോത്ത് ഇടച്ചേരി പുതിയ ഐക്കകം വീട്ടിൽ ഫാത്തിമയുടെയും എസ്.വി.മുഹമ്മദ് അഷറഫിന്റെയും മകനാണ്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക