ചേത്ത്ലാത്ത്: ലക്ഷദ്വീപ് ജില്ലാ പഞ്ചായത്ത് അംഗവും ചേത്ത്ലാത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമായ ശ്രീ.കെ.എൻ കാസ്മിക്കോയ രാജിവെച്ചു. ബി.സി.സി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജിവെച്ചു കൊണ്ടുള്ള കത്ത് എൽ.ടി.സി.സി പ്രസിഡന്റ് അഡ്വ:ഹംദുള്ള സഈദിന് അയച്ചു കൊടുത്തു. കത്തിന്റെ പകർപ്പ് ദ്വീപ് മലയാളിക്ക് ലഭിച്ചു. പതിനേഴാം ലോകസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണ്ണയത്തിനായി വിജയസാധ്യതയുള്ള മൂന്ന് നേതാക്കളുടെ പേരുകൾ എ.ഐ.സി.സി മുമ്പാകെ സമർപ്പിക്കണമെന്ന് നിർദേശിച്ചു കൊണ്ട് പ്രസിഡന്റ് ശ്രീ.രാഹുൽ ഗാന്ധി ഓരോ ബ്ലോക്ക് കമ്മിറ്റികൾക്കും കത്തയച്ചിരുന്നു. ഇതിന്റെ ഭാഗമായി ചേത്ത്ലാത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിക്ക് മുമ്പാകെ എൽ.ടി.സി.സി പ്രസിഡന്റ് ശ്രീ.അഡ്വ.ഹംദുള്ള സഈദ്, മുതിർന്ന കോൺഗ്രസ് നേതാവ് ശ്രീ.യു.സി.കെ തങ്ങൾ, റിട്ടയേർഡ് പ്രിൻസിപ്പാൾ ശ്രീ.കെ.മുഹമ്മദ് എന്നിവരുടെ പേരുകൾ അടങ്ങുന്ന പാനൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കൂടിയായ ശ്രീ.കെ.എൻ കാസ്മിക്കോയ സമർപ്പിച്ചിരുന്നു. എന്നാൽ എ.ഐ.സി.സി നൽകിയ ഫോമിലെ മൂന്ന് കോളത്തിലും അഡ്വ:ഹംദുള്ള സഈദിന്റെ പേര് മാത്രം ഉൾപ്പെടുത്തിയാൽ മതി എന്ന് നോർത്ത് ബ്ലോക്ക് ഡി.സി.സി പ്രസിഡന്റ് ശ്രീ.ബുഹാരിക്കോയയും എൽ.ടി.സി.സി പ്രസിഡന്റ് ശ്രീ.ഹംദുള്ള സഈദും അറിയിച്ചിട്ടുണ്ടെന്നും അതുകൊണ്ട് മറ്റ് പേരുകൾ വെട്ടിക്കളയണമെന്നും ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡന്റും സെക്രട്ടറിയും ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടു എന്ന് കാസ്മിക്കോയ ഹംദുള്ള സഈദിന് അയച്ച കത്തിൽ പറയുന്നു.
www.dweepmalayali.com
ഒരാളുടെ പേര് മാത്രം അയക്കുന്നത് എ.ഐ.സി.സി നിർദേശത്തിന് എതിരാണെന്നും അത് ലക്ഷദ്വീപിനെ കുറിച്ച് കേന്ദ്ര നേതൃത്വത്തിന് തെറ്റായ സന്ദേശം നൽകുമെന്നും കാസ്മിക്കോയ വാദിച്ചു. ലക്ഷദ്വീപിൽ ഒരുപാട് മുതിർന്ന നേതാക്കൾ ഉണ്ടായിരിക്കെ ഒരു ചടങ്ങിന് വേണ്ടിയെങ്കിലും മറ്റ് രണ്ട് നേതാക്കളുടെ പേരുകൾ ഉൾപ്പെടുത്തണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മറിച്ച് ഒരാളുടെ പേര് മാത്രം ഉൾപ്പെടുത്തുന്നത് എ.ഐ.സി.സി പ്രസിഡന്റ് ശ്രീ.രാഹുൽ ഗാന്ധിയെ വഞ്ചിക്കുന്നതിന് തുല്യമായതിനാൽ അതിന് താൻ കൂട്ടുനിൽക്കില്ല എന്ന് കാസ്മിക്കോയ അറിയിച്ചു. ഇത്രയും കേട്ടതോടെ കമ്മിറ്റിയിലുള്ള മറ്റുള്ളവർ മുഴുവനും മീറ്റിങ്ങിനിടയിൽ നിന്ന് ഇറങ്ങിപ്പോയി. കമ്മിറ്റിയിൽ നടന്ന കാര്യങ്ങൾ കാസ്മിക്കോയ ഡി.സി.സി പ്രസിഡന്റ് ശ്രീ.ബുഹാരിക്കോയയെ അറിയിച്ചു. അപ്പോൾ അദ്ദേഹവും പറഞ്ഞത് ഹംദുള്ള സഈദിന്റെ പേര് മാത്രം ഉൾപ്പെടുത്തിയാൽ മതി എന്നാണ്. മറ്റെല്ലാ ബ്ലോക്ക് കമ്മിറ്റികളും അങ്ങനെയാണ് ചെയ്തതെന്നും ബുഹാരിക്കോയ അറിയിച്ചു.
ഈ സാഹചര്യത്തിൽ, കോൺഗ്രസിന്റെ ആശയ ആദർശങ്ങൾ മുറുകെ പിടിക്കുന്ന ഒരു പാർട്ടി പ്രവർത്തകൻ എന്ന നിലക്കും, ഏറെ ബഹുമാനമർഹിക്കുന്ന ബി.സി.സി പ്രസിഡന്റ് സ്ഥാനത്തിരിക്കുന്ന വ്യക്തി എന്ന നിലക്കും കോൺഗ്രസ് പ്രസിഡന്റ് ശ്രീ.രാഹുൽ ഗാന്ധിയെ വഞ്ചിക്കാൻ എനിക്ക് കഴിയില്ല എന്നും അതുകൊണ്ട് തന്നെ സത്യസന്ധമായി പ്രവർത്തിക്കാത്ത ഒരുകൂട്ടം ആളുകളുടെ കൂടെ പ്രവർത്തിക്കുന്നതിന് ബുദ്ധിമുട്ടുണ്ടെന്നും ശ്രീ.കാസ്മിക്കോയ അഡ്വ: ഹംദുള്ള സഈദിന് അയച്ച രാജിക്കത്തിൽ വിശദമാക്കുന്നു. പാർട്ടിയുടെ ഇത്തരം നിലപാടുകളിൽ പ്രതിഷേധിച്ച് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സ്ഥാനവും എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ സ്ഥാനവും രാജി വച്ചതായി ശ്രീ.കെ.എൻ.കാസ്മിക്കോയ അറിയിച്ചു. കത്തിന്റെ പകർപ്പ് ചേത്ത്ലാത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയിലെ ഭാരവാഹികൾക്കും അദ്ദേഹം നൽകിയിട്ടുണ്ട്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക