കവരത്തി: ഒരു വർഷത്തോളം കോവിഡിനെ പടിക്ക് പുറത്തുനിർത്തിയ ലക്ഷദ്വീപിൽ ചുരുങ്ങിയ ദിവസങ്ങൾക്കകം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 50 ആയി. ഇവരുടെ സമ്പർക്ക പട്ടികയിലുള്ള 200ഓളം പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. രോഗം റിപ്പോർട്ട് ചെയ്ത തലസ്ഥാന ദ്വീപായ കവരത്തിയിൽ നിരോധനാജ്ഞ തുടരുന്നു.
ജനുവരി നാലിന് കൊച്ചിയി ൽ നിന്ന് കപ്പലിൽ എത്തിയ ഇന്ത്യൻ റിസർവ് ബറ്റാലിയനിലെ പാചകക്കാരനാണ് കഴിഞ്ഞ തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചത്. വെള്ളിയാഴ്ചയോടെ രോഗികളുടെ എണ്ണം 50ലെത്തി. ആരുടെയും നില ഗുരുതരമല്ല. രോഗം സ്ഥിരീകരിച്ചവരിൽ പ്ലസ് ടു വിദ്യാർഥിയും അഞ്ചാം ക്ലാസ് വിദ്യാർഥിയും ഉൾപ്പെടുന്നു. നിലവിൽ കവരത്തിയിൽ മാത്രമാണ് രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
ഇതര ദ്വീപുകളിൽ ജാഗ്രത നിർദേശം നൽകുകയും മുൻകരുതൽ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. കവരത്തിയിൽ സ്കൂളുകൾ അടച്ചു. പരീക്ഷകൾക്ക് നിക്ഷയിച്ച ദിവസങ്ങളിൽ നടക്കും. സർവെയ്ലൻസ് ടീം രൂപവത്കരിച്ചതിന് പിന്നാലെ ദിവസവും സാമ്പിൾ പരിശോധന നടത്തുന്നുണ്ട്.
വ്യാഴാഴ്ച മുതൽ പ്രതിദിന സാമ്പിൾ പരിശോധനകളുടെ എണ്ണം വർധിപ്പിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. കവരത്തിയിൽ നിന്ന് മറ്റ് ദ്വീപുകളിലേക്കും തിരിച്ചുമുള്ള യാത്ര വിലക്കിയിരിക്കുകയാണ്. നിലവിൽ രണ്ട് മൈക്രോ കണ്ടെയ്ൻമെൻറ് സോണുകളാണുള്ളത്.
സമൂഹ വ്യാപനം തടയാൻ കർശന നടപടി സ്വീകരിച്ചിട്ടുണ്ടെന്നും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാണെന്നും ലക്ഷദ്വീപ് എം.പി പി.പി. മുഹമ്മദ് ഫൈസൽ പറഞ്ഞു.
ആരോഗ്യപ്രവർത്തകർക്ക് പ്രതിരോധ കുത്തിവെപ്പ് പുരോഗമിക്കുകയാണ്.
കൊച്ചിയിൽ നിന്ന് കപ്പലിൽ എത്തുന്നവർക്ക് നിർബന്ധിത ക്വാറൻറീൻ ഡിസംബർ അവസാനം പിൻവലിച്ചതാണ് രോഗവ്യാപനത്തിന് കാരണമായത്
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക