ആന്ത്രോത്ത്: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കോഡ പട്ടേലിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ എസ്.എൽ.എഫിന്റെ നേതൃത്വത്തിൽ എടുത്ത തീരുമാനങ്ങൾ എല്ലാം നടക്കാതെ പോയതിന് പിന്നിൽ എസ്.ടി.സി.സി പ്രസിഡന്റ് ഹംദുള്ളാ സഈദാണെന്ന് ലക്ഷദ്വീപ് എം.പി പി.പി.മുഹമ്മദ് ഫൈസൽ പറഞ്ഞു. എൻ.സി.പി ആന്ത്രോത്ത് യൂണിറ്റ് പഞ്ചായത്ത് സ്റ്റേജിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്.എൽ.എഫ് ഒറ്റക്കെട്ടായി മുന്നോട്ടു പോവണം എന്ന് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് എൻ.സി.പിയാണ്. അതിന് വേണ്ടി എന്ത് ത്യാഗവും സഹിക്കാൻ പാർട്ടി തയ്യാറാണ്. എന്നാൽ കൂട്ടായെടുത്ത എല്ലാ തീരുമാനങ്ങളും പൊളിക്കാനുള്ള ശ്രമമാണ് കോൺഗ്രസ് പ്രസിഡന്റ് നടത്തിയത്. സ്വാതന്ത്ര്യദിനം, ഗാന്ധിജയന്തി ആഘോഷങ്ങൾ ഔദ്യോഗിക പരിപാടികൾ ബഹിഷ്കരിച്ചു കൊണ്ട് എല്ലാവരും ഒറ്റക്കെട്ടായി പഞ്ചായത്തിന് കീഴിൽ നടത്താം എന്ന് തീരുമാനിച്ചത് എസ്.എൽ.എഫാണ്. എന്നാൽ ഔദ്യോഗിക പരിപാടികൾക്ക് ക്ഷണം ലഭിച്ച കോൺഗ്രസിന്റെ ജനപ്രതിനിധികൾ ഔദ്യോഗിക പരിപാടികളിൽ നിർബന്ധമായി പങ്കെടുക്കണം എന്ന് പാർട്ടി പ്രസിഡന്റ് രേഖാമൂലം അറിയിച്ചതോടെ എസ്.എൽ.എഫ് കൂട്ടായെടുത്ത തീരുമാനം നടപ്പായില്ല. ഫൈസൽ പറഞ്ഞു.
ലക്ഷദ്വീപ് ഭരണകൂടം ഇറക്കിയ വിവാദ ഉത്തരവുകൾ ലക്ഷദ്വീപ് ബാർ അസോസിയേഷന്റെ നേതൃത്വത്തിൽ കോടതിയിൽ ചോദ്യം ചെയ്യാൻ തീരുമാനിച്ചിരുന്നു. ജില്ലാ പഞ്ചായത്തിന്റെ അധികാരം എടുത്തു കളഞ്ഞ ഉത്തരവിനെതിരെയാണ് ആദ്യം തന്നെ കോടതിയെ സമീപിക്കേണ്ടത് എന്ന് ലക്ഷദ്വീപ് ബാർ അസോസിയേഷൻ ചേർന്ന യോഗത്തിൽ ധാരണയായി. പ്രസ്തുത ഉത്തരവ് പിൻവലിപ്പിക്കാനായാൽ പഞ്ചായത്തിന് കീഴിൽ ഉണ്ടായിരുന്ന വകുപ്പുകളിൽ നിന്നും പിരിച്ചുവിട്ട ഉദ്യോഗസ്ഥരെ തിരിച്ചെടുപ്പിക്കാൻ സാധിക്കും എന്നതിനാലാണ് ആദ്യം തന്നെ ആ ഉത്തരവിനെ കോടതിയിൽ ചോദ്യം ചെയ്യാൻ തീരുമാനിച്ചത്. എന്നാൽ ആ കേസ് കോൺഗ്രസും പരിഷത്തും സ്വന്തമായി നടത്താമെന്ന് ഏറ്റെടുക്കുകയും പിന്നീട് ഒന്നും ചെയ്തില്ല എന്നും ഫൈസൽ ആരോപിച്ചു. തുടർന്നും എസ്.എൽ.എഫുമായി സഹകരിച്ചു മുന്നോട്ട് പോകാനാണ് എൻ.സി.പി ശ്രമിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക