കവരത്തി: കൊവിഡ്19 മുൻകരുതലുകളുടെ ഭാഗമായി ലക്ഷദ്വീപ് പൂർണ്ണമായി അടച്ചിടുന്നു. ഇന്ന് പകൽ കൊച്ചിയിൽ നിന്നും ബേപ്പൂരിൽ നിന്നും വിവിധ ദ്വീപുകളിലേക്ക് കപ്പൽ പുറപ്പെട്ടു. ലക്ഷദ്വീപിൽ നിന്നും വൻകരയിലേക്ക് ഇന്നലെ മുതൽ തന്നെ യാത്രാ വിലക്ക് നിലവിൽ വന്നിരുന്നു. നാളെയും ബുധനാഴ്ചയും വീണ്ടും ചില കപ്പലുകൾ ദ്വീപിലേക്ക് സർവ്വീസ് നടത്തുന്നുണ്ട്. എം.വി മിനിക്കോയ് കപ്പൽ ബുധനാഴ്ച ബേപ്പൂരിൽ നിന്നും പുറപ്പെട്ട് വ്യാഴാഴ്ച കടമം, അമിനി, കവരത്തി ദ്വീപുകളിൽ എത്തി വെള്ളിയാഴ്ച തിരിച്ച് ബേപ്പൂരിൽ എത്തും. എം.വി കോറൽസ് കപ്പൽ നാളെ കൊച്ചിയിൽ നിന്നും പുറപ്പെട്ട് ബുധനാഴ്ച ആന്ത്രോത്ത്, മിനിക്കോയ് ദ്വീപുകളിൽ എത്തി വ്യാഴാഴ്ച തിരിച്ച് കൊച്ചിയിൽ എത്തും. അതിനു ശേഷം ഇനി ഒരു അറിയിപ്പ് ഉണ്ടാവുന്നത് വരെ ലക്ഷദ്വീപിലേക്കും തിരിച്ചു വൻകരയിലേക്കും കപ്പൽ സർവ്വീസുകൾ ഉണ്ടായിരിക്കുന്നതല്ല എന്ന് ലക്ഷദ്വീപ് കളക്ടർ അറിയിച്ചു. ലക്ഷദ്വീപ് ജില്ലാ കളക്ടറിൽ നിക്ഷിപ്തമായ ലക്ഷദ്വീപ് കൊവിഡ്19 പകർച്ചവ്യാധി തടയൽ നിയമത്തിന്റെ 14 ആം വകുപ്പ് പ്രകാരമാണ് ലക്ഷദ്വീപിലേക്കും തിരിച്ചുമുള്ള യാത്രകൾ നിരോധിച്ചിരിക്കുന്നത്.

കൊവിഡ്19 മുൻകരുതലുകളുടെ ഭാഗമായി ലക്ഷദ്വീപിലെ എല്ലാ ദ്വീപുകളിലും ഐസൊലേഷൻ വാർഡുകൾ തയ്യാറാക്കിയിട്ടുണ്ട്. വൻകരയിൽ പഠിക്കുന്ന വിദ്യാർഥികൾ ഉൾപ്പെടെ ദ്വീപിൽ തിരിച്ചെത്തിയവർ സ്വയം നിരീക്ഷണത്തിലാണ്. എന്നാൽ നിരീക്ഷണത്തിൽ ഉള്ളവരുടെ വ്യക്തമായ കണക്കുകൾ ആരോഗ്യ വകുപ്പ് ഇതുവരെയും പുറത്തുവിട്ടിട്ടില്ല.

അതിനിടെ ഇന്ന് ആന്ത്രോത്ത് ദ്വീപിൽ എത്തിയ ഹൈസ്പീഡ് വെസലിൽ എത്തിയ കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥനായ ഉത്തരേന്ത്യൻ സ്വദേശി രോഗലക്ഷണങ്ങൾ കാണിച്ചതിനാൽ ഇദ്ദേഹത്തെ ആന്ത്രോത്ത് ദ്വീപിൽ ഇറക്കുന്നതിന് നാട്ടുകാർ സമ്മതിച്ചില്ല. ഇദ്ദേഹത്തെ കോസ്റ്റ് ഗാർഡ് ബോട്ടിൽ ആന്ത്രോത്ത് ദ്വീപിന്റെ പുറംകടലിൽ എത്തിച്ച് കോസ്റ്റ് ഗാർഡ് കപ്പൽ എത്തുന്നത് വരെ അവിടെ കാത്തു നിന്ന് അദ്ദേഹത്തെ ആ കപ്പലിൽ കയറ്റി വിട്ടു. ഇദ്ദേഹത്തെ കപ്പലിൽ എത്തിച്ച ബോട്ടിൽ കൂടെ പോയ പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരെ പിന്നീട് പൂർണ്ണമായി സാനിറ്റേഷൻ നടത്തിയ ശേഷമാണ് ദ്വീപിൽ ഇറക്കിയത്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക