കവരത്തി: ലക്ഷദ്വീപ് കോ ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷന്റെ (എൽ.സി.എം.എഫ്) 2022-2027 വർഷത്തേക്കുള്ള പുതിയ ഭരണസമിതിയെ ഇന്ന് രാവിലെ കവരത്തിയിൽ ചേർന്ന ഡയറക്ടർ ബോർഡ് യോഗത്തിൽ തിരഞ്ഞെടുത്തു. എൻ.സി.പി പാനലിൽ മത്സരിച്ച ആന്ത്രോത്ത് ദ്വീപ് സ്വദേശി ശ്രീ. കോയമ്മക്കോയയെ പ്രസിഡന്റായും കവരത്തി ദ്വീപ് സ്വദേശി ശ്രീ. മുഹ്സിൻ പണ്ടാരിപ്പുരയെ വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തു.
ആന്ത്രോത്ത് ദ്വീപിലെ സർവീസ് സൊസൈറ്റി തിരഞ്ഞെടുപ്പിൽ ആറിൽ നാല് സീറ്റും നേടിയത് കോൺഗ്രസ് പാനലായിരുന്നു. എന്നാൽ, പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാർട്ടിക്കുള്ളിൽ ഉണ്ടായ ഭിന്നത മുതലെടുത്ത എൻ.സി.പി അസംതൃപ്തരായ രണ്ട് അംഗങ്ങളെ കൂടെക്കൂട്ടുകയും പ്രസിഡന്റ്, വൈസ് പ്രസിഡന്റ് പദവികൾ അവർക്ക് നൽകുകയും ചെയ്തു. അന്ന് തന്നെ ആന്ത്രോത്തിൽ നിന്നുള്ള ഒരു എൻ.സി.പി പ്രതിനിധി ഫെഡറേഷന്റെ തലപ്പത്ത് എത്തുമെന്ന് ഏകദേശം ഉറപ്പായിരുന്നു. ആ അവസരം മുതലെടുത്താണ് ആന്ത്രോത്ത് ദ്വീപിൽ നിന്നുള്ള ഫെഡറേഷൻ പ്രതിനിധിയായി ശ്രീ.കോയമ്മക്കോയ കവരത്തിയിൽ എത്തിയത്. ആദ്യമായാണ് ആന്ത്രോത്ത് ദ്വീപിൽ നിന്നുള്ള ഒരു എൻ.സി.പി പ്രതിനിധി ഫെഡറേഷനിൽ അംഗമായി എത്തുന്നത്. അദ്ദേഹത്തെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതോടെ ആന്ത്രോത്ത് കോൺഗ്രസിന് വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.
ഫെഡറേഷന് നൽകിയിരുന്ന എല്ലാ സാമ്പത്തിക സഹായങ്ങളും ലക്ഷദ്വീപ് ഭരണകൂടം നിർത്തലാക്കിയ പുതിയ സാഹചര്യത്തിൽ എൽ.സി.എം.എഫ് വലിയ വെല്ലുവിളിയാണ് നേരിടുന്നത്. പുതിയ ഫെഡറേഷൻ ഭരണസമിതി അതിനെ ക്രിയാത്മകമായി എങ്ങനെ നേരിടുന്നു എന്നതിനെ ആശ്രയിച്ചിരിക്കും സഹകരണ മേഖലയുടെയും ഫെഡറേഷന്റെയും ഭാവി.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക