
കോഴിക്കോട്: ‘എന്‍റെ പ്രായത്തിലുള്ള ഒരുപാട് കുട്ടികള്‍ മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നുണ്ട്. ഇത് അവര്‍ക്ക് വേണ്ടിയുള്ളതാണ്’ സാന്ത്വനത്തിന്‍റെ ഈ വാക്കുകള്‍ക്കൊപ്പം കൈയിലുള്ള പണം ജില്ലാ കളക്ടര്‍ യു വി ജോസിനെ ഏല്‍പ്പിക്കുമ്പോള്‍ നാലാം ക്ലാസുകാരന്‍ കാരുണ്യരംഗത്ത് വേറിട്ട മാതൃകയാവുകയായിരുന്നു. വര്‍ഷങ്ങളായി താന്‍ കൊണ്ടു നടന്ന സ്വപ്നം മാറ്റിവെച്ചാണ് ലക്ഷദ്വീപുകാരനായ മുഹമ്മദ് അയ്മന്‍ റാഖിബ് കേരളത്തിന്‍റെ ദുരന്തമുഖത്ത് സാന്ത്വനമാകാന്‍ തയ്യാറായത്.
ഒരു ഗിയര്‍ സൈക്കിള്‍ വാങ്ങുക എന്ന സ്വപ്നത്തിനായി മൂന്ന് വര്‍ഷമായി സ്വരുക്കൂട്ടി വെച്ച പണം മുഹമ്മദ് അയ്മന്‍ റാഖിബ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. നാണയത്തുട്ടുകള്‍ കലക്ടര്‍ക്ക് കൈമാറുമ്പോള്‍ റാഖിബിനും കുടുംബത്തിനും അഭിമാനം മാത്രം. ടി വിയില്‍ കണ്ട വാര്‍ത്തകള്‍ മനസ്സുലച്ചപ്പോള്‍ തന്‍റെ പ്രായത്തിലുള്ള കുട്ടികള്‍ക്ക് വേണ്ടി ആഗ്രഹം മാറ്റിവയ്ക്കുകയായിരുന്നു ഈ കുരുന്ന്.
കല്‍പ്പേനി ദ്വീപിലെ ഷമീമിന്‍റെയും ബീഗം റസീനയുടെയും മകനായ ഈ മിടുക്കന്‍ കാരന്തൂര്‍ മര്‍കസ് ഇംഗ്ലിഷ് മീഡിയം സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ്. ഇവരുടെ കുടുംബം ആറ് വര്‍ഷമായി കോഴിക്കോട് കുറ്റിക്കാട്ടൂരിലാണ് താമസം. പിതാവിന്‍റെ സഹോദരന്‍ മുഹമ്മദ് ഷഹരിയാറിനും കൂട്ടുകാരനായ കവരത്തി ദ്വീപുകാരന്‍ സി എം അബ്ദുല്‍ മുഹ്സിനും ഒപ്പമെത്തിയാണ് റാഖിബ് കളക്ട്രേറ്റില്‍ ജില്ലാ കലക്ടര്‍ക്ക് പണം കൈമാറിയത്.
കടപ്പാട്: ജനയുഗം
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക