ലക്ഷദ്വീപ് കരിക്കുലത്തിന്റെ അനിവാര്യത.

1
2272

ഴിഞ്ഞ ജില്ലാ പഞ്ചായത്ത് സമ്മേളനത്തിൽ കിൽത്താൻ ദ്വീപിൽ നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗം സാജിദാ ബീഗം ചരിത്രപ്രധാനമായ ഒരു പ്രമേയം അവതരിപ്പിക്കുകയുണ്ടായി. ലക്ഷദ്വീപിന് സ്വന്തമായി ഒരു പാഠ്യപദ്ധതി വേണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം ഐക്യകണ്ഠമായാണ് യോഗം അംഗീകരിച്ചത്. 1879-ൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ദ്വീപുകളിൽ സ്ഥാപിച്ച വിദ്യാഭ്യാസ സമ്പ്രദായം ഒരു നൂറ്റാണ്ട് പിന്നിട്ടതിന്റെ ആഘോഷങ്ങൾ 1979-ൽ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന മൊറാർജി ദേശായിയാണ് കവരത്തിയിൽ വെച്ച് ഉദ്ഘാടനം ചെയ്തത്. ഒരു വർഷം നീണ്ടു നിന്ന ആഘോഷങ്ങളുടെ സമാപന സമ്മേളനത്തിൽ അന്നത്തെ കേരളാ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരുന്ന സി.എച്ച് മുഹമ്മദ് കോയയായിരുന്നു മുഖ്യാതിഥിയായി പങ്കെടുത്തത്. വീണ്ടും അര നൂറ്റാണ്ട് കൂടി കടന്നു പോയിരിക്കുന്നു. ഇതിനിടയ്ക്ക് ഒരൊറ്റ തവണ മാത്രമാണ് നാലാം തരം വരെയെങ്കിലും ലക്ഷദ്വീപിന്റെ മാത്രമായൊരു കരിക്കുലം നമ്മുടെ സ്കൂളുകളിൽ നടപ്പാക്കിയത്. അതും ഹ്രസ്വകാലത്തേക്ക് മാത്രം. കുഞ്ഞുണ്ണി മാഷ് ഉൾപ്പെടെയുള്ള കേരളത്തിലെ പ്രഗൽഭമതികളുടെ പിന്തുണയോടെ തയ്യാറാക്കിയ പാഠപുസ്തകങ്ങളാണ് ചില പാകപ്പിഴവുകൾ ചൂണ്ടിക്കാണിച്ചു കൊണ്ട് പെട്ടെന്ന് തന്നെ എടുത്തു മാറ്റിയത്. സാധാരണ മറ്റു സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ ബോർഡുകളും ദേശീയാടിസ്ഥാനത്തിൽ എൻ.സി.ഇ.ആർ.ടിയും ചെയ്യുന്നത് പോലെ കരിക്കുലം കമ്മിറ്റിയുടെ ക്യാമ്പുകൾ സംഘടിപ്പിച്ചു കൊണ്ട് ആ പാഠപുസ്തകങ്ങൾ പരിഷ്കരിക്കാമായിരുന്നു. എന്നാൽ ചില തൽപ്പരകക്ഷികൾക്ക് അത് എടുത്തു മാറ്റണമെന്ന നിർബന്ധബുദ്ധിയുള്ളതിനാൽ നിരുപാധികം ആ പാഠപുസ്തകങ്ങൾ നശിപ്പിച്ചു കളയുകയായിരുന്നു. ദ്വീപുകളിൽ ഒട്ടേറെ സാംസ്കാരിക മുന്നേറ്റങ്ങൾക്ക് കാരണക്കാരനായ ശ്രീ.ഒമേഷ് സൈഗാൾ അഡ്മിനിസ്ട്രേറ്ററുടെ കാലത്താണ് ആ സിലബസ് നിലവിൽ വന്നത്. വിദ്യാർഥികളുടെ മാതൃഭാഷയിൽ അവന്റെ സാമൂഹിക ചുറ്റുപാടുകൾ ഉൾപ്പെടുത്തി പാഠ്യപദ്ധതി പരിഷ്കരിക്കണമെന്ന ഐക്യരാഷ്ട്രസഭയുടെ നിർദേശം അനുസരിച്ച് ലോകമെമ്പാടും നടന്ന വിദ്യാഭ്യാസ പരിഷ്കരണ പ്രവർത്തനങ്ങളുടെ ഭാഗമായിരുന്നു നമ്മുടെ കരിക്കുലം രൂപീകരണവും. അതിന് യുനെസ്കോ സാമ്പത്തിക സഹായവും നൽകിയിരുന്നു. ദ്വീപിലെ ആദ്യത്തെ അധ്യാപകനായ ശ്രീ.കോയക്കിടാവുകോയാ മാസ്റ്റർ തയ്യാറാക്കിയ ‘നാവികശാസ്ത്രം’ എന്ന പുസ്തകവും, ശ്രീ.പി.ഐ പൂക്കോയയുടെ ‘ദ്വീപോൽപ്പത്തിയും’ കുറേക്കാലം ദ്വീപിലെ വിദ്യാലയങ്ങളിൽ പഠിപ്പിച്ചിരുന്നു.

Advertisement

ദേശീയ വിദ്യാഭ്യാസ കൗൺസിലായ എൻ.സി.ഈ.ആർ.ടിയാണ് വിദ്യാഭ്യാസ പദ്ധതികളിൽ ഗവേഷണവും പരിശീലനവും സംഘടിപ്പിക്കുന്നത്. ദേശീയ തലത്തിലുള്ള സിലബസുകൾ എൻ.സി.ഇ.ആർ.ടിക്ക് കീഴിലുള്ള നാഷണൽ കരിക്കുലം ഫ്രൈംവർക്കാണ് (എൻ.സി.എഫ്) ചെയ്യുന്നത്. ഒരോ സംസ്ഥാനങ്ങളും അതത് സംസ്ഥാനങ്ങൾക്ക് ആവശ്യമായ പദ്ധതികൾ രൂപപ്പെടുത്തുന്നത് എസ്.സി.ഇ.ആർ.ടി രൂപീകരിച്ചാണ്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും കരിക്കുലം ഫ്രൈംവർക്കിനുള്ള സംവിധാനങ്ങൾ ചെയ്തിട്ടുണ്ട്. എന്നാൽ ലക്ഷദ്വീപിൽ നാളിതുവരെയായി കരിക്കുലം രൂപീകരണത്തിനുള്ള ഒരു സംവിധാനവും ചെയ്തിട്ടില്ല. അന്ന് നാലാം തരം വരെയുള്ള പാഠപുസ്തകങ്ങൾ ഉണ്ടാക്കിയ കമ്മിറ്റി തന്നെ പിന്നീട് പ്രവർത്തനരഹിതമായി.

വിദ്യാർഥികളുടെ സാമൂഹികവും പാരിസ്ഥിതികവുമായ ചുറ്റുപാടുകൾ ഉൾപ്പെടുത്തി വേണം പാഠ്യപദ്ധതി തയ്യാറാക്കേണ്ടതെന്ന എൻ.സി.ഇ.ആർടിയുടെ നിബന്ധന KCF-2007 മാന്വലിൽ പറയുന്നുണ്ട്. തോടിനെ കുറിച്ചും പുഴയെ കുറിച്ചും എഴുതാൻ പറയുമ്പോൾ അത് അനുഭവിച്ചിട്ടില്ലാത്ത ദ്വീപിലെ വിദ്യാർത്ഥി നേരിടുന്ന പ്രയാസം നമുക്ക് ഊഹിക്കാനാവും. അതുപോലെതന്നെ കേരളത്തിലെ കലാരൂപങ്ങളായ കൂടിയാട്ടം, കുമ്മാട്ടി, ചാക്യാർക്കൂത്ത്, കഥകളി എന്നിവയൊക്കെയാണ് കുട്ടികൾക്ക് പഠിക്കാനുള്ളത്. ഈ കലാരൂപങ്ങളിൽ മിക്കതും ദ്വീപിലെ അധ്യാപകരിൽ ഭൂരിഭാഗവും ഒറ്റത്തവണ പോലും കണ്ടിട്ടുണ്ടാവില്ല. അപ്പോൾ ഈ കലാരൂപങ്ങൾ പഠിക്കുന്ന വിദ്യാർത്ഥികളുടെ അവസ്ഥ എന്തായിരിക്കും. മലമുഴക്കി വേഴാമ്പൽ, പൊന്മാൻ, എന്നൊക്കെ കേൾക്കുമ്പോൾ കരയിൽ പോവാത്ത നമ്മുടെ വിദ്യാർത്ഥികൾ ഭാവനയിൽ പുതിയ തരം പക്ഷികളെ സൃഷ്ടിക്കും.

അമേരിക്കയിലെ കറുത്ത വിഭാഗക്കാർ നമ്മൾ ദ്വീപുകാരെ പോലെയാണ്. അവരുമായി ബന്ധപ്പെട്ട ഒരു കാര്യവും അവരുടെ സിലബസ്സിൽ ഇല്ല. വെള്ളക്കാരും ആയി ബന്ധപ്പെട്ടവയാണ് അവിടത്തെ കരിക്കുലത്തിൽ മുഴുവനും. അമേരിക്കയിലെ കറുത്ത വർഗക്കാരുടെ വിദ്യാഭ്യാസ മാറ്റത്തെ കുറിച്ച് പഠനം നടത്തിയ ഡോക്ടർ ഗ്ലോറിയ ലാൻഡർ എന്ന ഗവേഷകൻ ഈ വിദ്യാഭ്യാസ പദ്ധതി അവരിൽ സംസ്കാരികമായ സ്തംഭനാവസ്ഥ ഉണ്ടാക്കിയിട്ടുണ്ട് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

Advertisement

ദ്വീപിലെ വിദ്യാർഥികൾക്ക് അവന്റെ ചുറ്റുപാടിനെ കുറിച്ച് അറിയില്ല. വീട്ടിൽ നിന്നും പുറത്തിറങ്ങിയാൽ അവന്റെ കാലിൽ വന്നു തൊടുന്ന ലക്ഷദ്വീപ് കടലിനെക്കുറിച്ച് അവന് വിവരമൊന്നുമില്ല. അവന്റെ വേരുകൾ ചെന്നെത്തുന്ന ചരിത്ര പെരുമകളൊന്നും അവൻ പഠിച്ചിട്ടില്ല. അവന്റെ കാക്ക കാരണവന്മാർ അലറിവിളിക്കുന്ന കടലിലിറങ്ങി, വീശിയടിക്കുന്ന കാറ്റ് മുഖത്ത് നിലയുറപ്പിച്ച, ദ്വീപോടത്തിന്റെ ചത്തിരിക്കുമുകളിലിരുന്ന് ധ്യാനിച്ച, കടൽ മത്സ്യങ്ങളെ വേട്ടയാടിയും ഇണക്കിയും പിടിച്ച് ചരിത്രത്തിന്റെ ചുമരുകളിൽ ആലേഖനം ചെയ്ത കടലറിവുകളും നാട്ടറിവുകളും അവൻ അറിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ ദ്വീപിലെ വിദ്യാർഥികൾ വേരുകൾ അറ്റുപോയ വ്യക്തിത്വങ്ങളായി വളർന്നുവന്നു.

അതുപോലെ ചില വിദേശ രാജ്യങ്ങളിൽ സ്കൂളിൽ ഡിവിഷൻ തിരിക്കുന്നത് ജന്മവാസനയുടെ അടിസ്ഥാനത്തിലാണ്. അങ്ങനെ വന്നാൽ അവന്റെ വാസനകൾക്ക് അനുകൂലമായ കാര്യങ്ങൾ മാത്രം അവർക്ക് നൽകിയാൽ മതിയാവും. ഈ നിലയിൽ മുന്നോട്ടു പോയാൽ ഒരു വ്യക്തിയിൽ അന്തർലീനമായി കിടക്കുന്ന ജന്മവാസനകളെ പൂർണമായും പുറത്തു കൊണ്ടുവരുവാനാകും. നമ്മുടെ രാഷ്ട്രപിതാവ് മഹാത്മജിയുടെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസ നയവും നിരീക്ഷണങ്ങളും അതിനോടൊപ്പം ചേർത്തു വായിക്കപ്പെടേണ്ടതാണ്.

കാലങ്ങളായി ലക്ഷദ്വീപ് വിദ്യാഭ്യാസവകുപ്പിൽ വരുന്ന പല തീരുമാനങ്ങളും വിദ്യാർത്ഥികളെയും അധ്യാപകരെയും പ്രതികൂലമായി ബാധിക്കുന്നവയാണ്. വിദ്യാഭ്യാസ ഡയറക്ടർ ഒരു അധ്യാപകനോ വിദ്യാഭ്യാസമേഖലയിൽ ദീർഘകാലം പ്രവർത്തിച്ച ഗവേഷകനോ ആയിരിക്കണമെന്ന റിക്രൂട്ട്മെന്റ് റൂളുകളൊക്കെ ലക്ഷദ്വീപിൽ അട്ടിമറിക്കപ്പെട്ടു. വെറും എസ്.എസ്.എൽ.സി വിദ്യാഭ്യാസ യോഗ്യതയുള്ള വ്യക്തികൾ വരെ ഒരു സങ്കോചവും കൂടാതെ ആ കസേരയിൽ കയറിയിരുന്നു. ദ്വീപിലെ യോഗ്യതയുള്ളവർ പലരും ഉണ്ടായിട്ടും അവർക്കൊന്നും ഒരു അവസരവും നൽകിയില്ല. ദ്വീപിലെ ഡോക്ടർ എം.മുല്ലക്കോയ, ഡോക്ടർ എം.കോയമ്മക്കോയ, ഹമീദ് കോയ, ഇവരൊക്കെ യോഗ്യത ഉണ്ടായിട്ടും ആ തസ്തികയിൽ ഉപയോഗിക്കാതെ പോയവരാണ്.

എ.ഓ ജോർജ്ജ് മാഷ്, പ്രിൻസിപ്പാൾ സുബൈദ, രവീന്ദ്രൻ മാഷ്, എന്നിവർ ആ സ്ഥാനത്തേക്ക് പരിഗണിക്കാൻ അർഹതയുള്ളവരാണ്. യോഗ്യരായവർ ഡയറക്ടർ സ്ഥാനം കൈകാര്യം ചെയ്യാത്തതു കാരണം ഘട്ടംഘട്ടമായി നടപ്പിൽ വരേണ്ട മാറ്റങ്ങൾ പലതും ഉരുൾപൊട്ടലും ഭൂമികുലുക്കവും പോലെയാണ് വിദ്യാഭ്യാസ വകുപ്പിൽ നടപ്പിലായത്. ദിലീപിന്റെ സ്വന്തമായ സിലബസ് നിരോധനം, ഡി.പി.ഇ.പി, സി.ബി.എസ്.ഇ സിലബസ് മാറ്റം, തിരികെ കേരള പാറ്റേൺ നടപ്പിലാക്കിയത്, മാർച്ച് 31 കഴിഞ്ഞാലും ഒരാവശ്യവുമില്ലാതെ 15 ദിവസം സ്കൂൾ തുറന്നു പ്രവർത്തിക്കുന്നത് തുടങ്ങിയ വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ താളപ്പിഴവുകളുടെ പട്ടിക വളരെ നീണ്ടതാണ്.

കേരളത്തിൽ അമ്പതാമത് സ്കൂൾ കലോത്സവങ്ങൾ നടക്കുമ്പോഴാണ് നമ്മൾ ആദ്യത്തെ കലോത്സവം നടപ്പിലാക്കിയത്. മത്സരയിനങ്ങൾ തീരുമാനിച്ചപ്പോൾ ദ്വീപിലെ കലക്കും സാഹിത്യത്തിനും വലിയ പ്രാധാന്യം ഒന്നും ഇല്ലായിരുന്നു. ഏകാങ്ക നാടകങ്ങൾ പുതിയ സാധ്യതകൾ തുറന്നു തരുമെന്ന് പ്രതീക്ഷിച്ചിരിക്കുബോഴാണ് ആക്ഷേപഹാസ്യം കൂടുന്നു എന്ന് കാണിച്ച് ഇനം തന്നെ എടുത്തു കളഞ്ഞത്. പിന്നീട് ഇടവിട്ട വർഷങ്ങളിൽ ശാസ്ത്രോത്സവവും കലോത്സവങ്ങളും നടത്താം എന്ന് തീരുമാനിച്ചു. ഈ വർഷം ലക്ഷദ്വീപ് തലത്തിലുള്ള ശാസ്ത്ര, കലോത്സവങ്ങൾ നിർത്തലാക്കി ദീപു തലങ്ങളിലുള്ള മത്സരങ്ങൾ മാത്രംമതി എന്ന തീരുമാനമെടുത്തു. കേരളത്തിലെ സിലബസും പോളിസിയും പിന്തുടരുന്ന വിദ്യാഭ്യാസവകുപ്പ് എട്ടാം ക്ലാസിലും അഞ്ചാം ക്ലാസിലും വിദ്യാർത്ഥികളെ തോൽപ്പിച്ച് കൊണ്ട് എല്ലാവരെയും അമ്പരപ്പിച്ചു. ഇവിടെ എട്ടിൽ തോറ്റ ഒരു വിദ്യാർത്ഥി വൻകരയിൽ പഠിക്കാൻ പോയപ്പോൾ ഒമതിലേക്കാണ് അവന് അഡ്മിഷൻ കൊടുത്തത്.

ഈ താളപ്പിഴവുകൾക്കെല്ലാം ഒരൊറ്റ കാരണമാണ്. വകുപ്പു മേധാവികളുടെ പോരായ്മ. വിദ്യാഭ്യാസ വകുപ്പ് മേധാവി അധ്യാപക സമൂഹത്തിൽ നിന്നുള്ള ഒരാളായിരിക്കണം. വേണമെങ്കിൽ കരിക്കുലം രൂപീകരണവും അനുബന്ധ കാര്യങ്ങളും നടക്കുന്നത് വരെയെങ്കിലും കേരളത്തിൽ നിന്നുള്ള ഒരു വിദഗ്ധനെ ഡെപ്യൂട്ടേഷനിൽ പരീക്ഷിക്കാവുന്നതാണ്.

www.dweepmalayali.com

ഇപ്പോൾ ജില്ലാ പഞ്ചായത്തിൽ അവതരിപ്പിച്ച പ്രമേയം ഒരു സാധ്യതയാണ്. അഞ്ചാം തരം വരെയെങ്കിലും പഠിപ്പിക്കുന്ന പാഠപുസ്തകങ്ങൾ ദ്വീപുകളുടെ സാമൂഹ്യ പാരിസ്ഥിതികാനുസരണമായി നിർമ്മിച്ചെടുക്കണം. കരിക്കുലം കമ്മിറ്റിയിൽ എൻ.സി.ഇ.ആർ.ടി നിബന്ധന പ്രകാരമുള്ള വിദ്യാഭ്യാസ വിദഗ്ധരും അതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സംഘടനകളും അധ്യാപക ഗവേഷകരും, അധ്യാപകർ, സാമൂഹിക നേതാക്കൾ, എഴുത്തുകാർ, ഇവരൊക്കെ പങ്കാളികളാകണം. കിട്ടിയ വിവരം അനുസരിച്ച് ഈ കരിക്കുല രൂപീകരണത്തെ അട്ടിമറിക്കാനുള്ള ഗൂഢശ്രമങ്ങൾ വിദ്യാഭ്യാസവകുപ്പിൽ നടന്നു വരുന്നുണ്ടത്രേ.

വിദ്യാഭ്യാസ മേഖലയിലെ മാറ്റങ്ങൾ ഇനിയും കണ്ടില്ലെന്ന് നടിച്ചാൽ നമ്മുടെ വരും തലമുറയ്ക്ക് കൂടി വേരില്ലാ ശൂന്യതയിൽ കാലം കഴിക്കേണ്ടിവരും.

ലേഖനം: ഇസ്മത്ത് ഹുസൈൻ


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

1 COMMENT

  1. ലേഖനം നന്നായിട്ടുണ്ട്. വകുപ്പ് മേധാവിയാകാൻ യോഗ്യതയുണ്ടെന്ന് കരുതുന്നവരുടെ പേരുകൾ ഒഴിവാക്കാമായിരുന്നു..
    ഈ വിഷയം ചർച്ചയിൽ കൊണ്ടു വരാൻ നടത്തുന്ന ശ്രമങ്ങൾ അഭിനന്ദനാർഹമാണ്..

LEAVE A REPLY

Please enter your comment!
Please enter your name here