കവരത്തി: സി.ഡി.സി എടുക്കുന്നതിന് മുന്നോടിയായുള്ള വിവിധ മറൈൻ കോഴ്സുകൾ മിനിക്കോയ് ദ്വീപിൽ വെച്ച് നടത്തുവാൻ തീരുമാനിച്ചു. പ്രീ സീ ട്രെയിനിംഗ് കോഴ്സുകൾ നടത്തുന്ന സ്ഥാപനങ്ങൾ ലക്ഷദ്വീപിൽ ഇല്ലാത്തതിനാൽ STCW-വിന്റെ അഞ്ച് പ്രത്യേക കോഴ്സുകൾ മിനിക്കോയ് ദ്വീപിൽ തുടങ്ങാൻ ആവശ്യമായ ക്രമീകരണങ്ങൾ നടത്തുവാൻ കേന്ദ്ര ഷിപ്പിങ്ങ് മന്ത്രാലയത്തിന് കീഴിലുള്ള മുംബൈയിലെ ഷിപ്പിങ്ങ് ഡി.ജി ദ്വീപ് ഭരണകൂടത്തോട് ആവശ്യപ്പെട്ടിരുന്നു. ആവശ്യമായ ക്രമീകരണങ്ങൾ നടത്തിയ ശേഷമാണ് ഇപ്പോൾ പോർട്ട് ഡിപ്പാർട്ട്മെന്റ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. 100 പേർക്ക് അവസരം നൽകുന്ന കോഴ്സ് ഏപ്രിൽ 9-ന് ആരംഭിക്കും. 15 ദിവസമാണ് കോഴ്സ് കാലാവധി. എസ്.എസ്.എൽ.സി/ തത്തുല്യം ആണ് കോഴ്സിന് അപേക്ഷിക്കാനുള്ള യോഗ്യത. മിനിക്കോയ് ദ്വീപുകാരാണെങ്കിൽ എട്ടാം ക്ലാസ്/തത്തുല്യം ആണ് യോഗ്യതയായി നിശ്ചയിച്ചിരിക്കുന്നത്.
ഈ ട്രെയിനിംഗ് കോഴ്സുകൾ വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സി.ഡി.സി ലഭിക്കുന്നതിന് വേണ്ടി അപേക്ഷിക്കാം.
വെള്ള പേപ്പറിൽ എഴുതിയ അപേക്ഷകൾ ഓരോ ദ്വീപിലുമുള്ളവർ അതാത് ദ്വീപിലെ ഡി.സി/എസ്.ഡി.ഒ ഓഫീസിൽ മാർച്ച് 31-ന് മുമ്പായി നൽകാവുന്നതാണ്. അപേക്ഷയോടൊപ്പം എസ്. എസ്. എൽ.സി/ നേറ്റിവിറ്റി / ജനന സർട്ടിഫിക്കറ്റ് എന്നിവയുടെ അറ്റസ്റ്റ് ചെയ്ത കോപ്പിയും സമർപ്പിക്കണം. കോഴ്സിന് അർഹമാവുന്നവർ സമയബന്ധിതമായി മിനിക്കോയ് ദ്വീപിൽ എത്തണം. അതിനായി പ്രത്യേക കപ്പൽ പ്രോഗ്രാം ഉണ്ടായിരിക്കുന്നതല്ല. കോഴ്സ് കാലാവധിയിലുളള താമസം/ഭക്ഷണം തുടങ്ങിയവ അപേക്ഷകർ സ്വന്തമായി കണ്ടെത്തേണ്ടതാണ്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക