സ്ത്രീകൾ അടക്കം നിരവധി പേർക്ക് ഗുരുതരമായ പരിക്ക്.
ബംഗാരം: ബംഗാരം ദ്വീപിലെ ടൂറിസ്റ്റ് ഹട്ടുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേണ്ടി കുറച്ച് ദിവസങ്ങൾക്ക് മുൻപ് അഗത്തിയിൽ എത്തിയ നാല് മഹാരാഷ്ട്രാ സ്വദേശികളായ തൊഴിലാളികൾ ആരോഗ്യ വകുപ്പ് നിർദേശിച്ച സ്വയം നിരീക്ഷണത്തിലായിരുന്നു. എന്നാൽ പ്രധാനമന്ത്രി ശ്രീ.നരേന്ദ്രമോദി പ്രഖ്യാപിച്ച ജനതാ കർഫ്യൂ ദിനത്തിൽ ഈ അന്യസംസ്ഥാന തൊഴിലാളികളെ ടൂറിസ്റ്റ് വകുപ്പിന്റെ ബോട്ടിൽ ബംഗാരം ദ്വീപിൽ എത്തിക്കുന്നതിന് അഗത്തി ടൂറിസം എ.ജി.എം ശ്രീ.സലാഹുദ്ദീൻ സ്വന്തമായി തീരുമാനിക്കുകയായിരുന്നു. അഗത്തിയിൽ നിന്നും ജോലിക്കായും മറ്റുമായി ബംഗാരം ദ്വീപിൽ എത്തിയ ഇരുനൂറോളം ആളുകൾ താമസിക്കുന്ന സ്ഥലത്തേക്കാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ സ്ഥിരീകരിച്ച മഹാരാഷ്ട്രയിൽ നിന്നുള്ള തൊഴിലാളികളെ ഇറക്കാനുള്ള ശ്രമം നടത്തിയത്. അതും രാജ്യം മുഴുവൻ ജനതാ കർഫ്യൂ ആചരിക്കുന്ന ദിവസം. സ്വാഭാവികമായും നാട്ടുകാരും തൊഴിലാളികളും പ്രതിഷേധിച്ചു. ഇവരെ ബംഗാരം ദ്വീപിൽ ഇറക്കാൻ അനുവദിക്കില്ല എന്ന് അവർ ഉറപ്പിച്ചു പറഞ്ഞു.
ഇതിനിടെ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ നേതൃത്വത്തിൽ അഗത്തി പോലീസ് സ്റ്റേഷനിൽ കുത്തിയിരിപ്പു സമരം നടത്തി. നേതാക്കൾ അഗത്തി ഡെപ്യൂട്ടി കളക്ടറെ കണ്ട് കാര്യങ്ങളുടെ ഗൗരവം ധരിപ്പിച്ചു. അന്യസംസ്ഥാന തൊഴിലാളികളുമായി ബംഗാരം ദ്വീപിലേക്ക് പോയ ബോട്ട് അടിയന്തിരമായി തിരിച്ച് അഗത്തിയിൽ എത്തി തൊഴിലാളികൾ നിരീക്ഷണത്തിൽ തുടരണമെന്ന് ഡപ്യൂട്ടി കലക്ടർ ഉത്തരവിറക്കി. ഈ ഉത്തരവ് ബംഗാരം ടൂറിസം വകുപ്പ് മാനേജർ സലാഹുദ്ദീനു നൽകി. ഉടൻ അഗത്തിയിലേക്ക് തിരിച്ചു പോവാൻ ആവശ്യപ്പെട്ടു. എന്നാൽ, അദ്ദേഹം അതിന് തയ്യാറായില്ല. കവരത്തിയിൽ നിന്നും ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവ് ലഭിച്ചാൽ മാത്രമേ തിരികേ പോവുകയുള്ളൂ എന്ന് ഇദ്ദേഹം വാശി പിടിച്ചു. തൊട്ടടുത്തുള്ള തിന്നകര ദ്വീപിൽ അന്യസംസ്ഥാന തൊഴിലാളികളെ ഇറക്കാനുള്ള ശ്രമം നടത്തി. അവിടെയും തൊഴിലാളികൾ തടഞ്ഞു. ഇതോടെ മഹാരാഷ്ട്രാ സ്വദേശികളായ ഈ തൊഴിലാളികളുമൊത്ത് ഇദ്ദേഹം കവരത്തിയിലേക്ക് പുറപ്പെട്ടു.
എന്നാൽ കവരത്തി ദ്വീപിലും ഇവരെ ഇറക്കുന്നതിന് നാട്ടുകാർ അനുവദിച്ചില്ല. തുടർന്ന് ഇവർ ബംഗാരം ദ്വീപിലേക്ക് തന്നെ തിരിച്ചു പോയി. പിന്നാലെ കോസ്റ്റ് ഗാർഡിന്റെ സ്പീഡ് വെസലിൽ ഐ.ആർ.ബി.എൻ ഉൾപ്പെടെയുള്ള സേന ബംഗാരം ദ്വീപിൽ എത്തി. അന്യസംസ്ഥാന തൊഴിലാളികളെ അവിടെ ഇറക്കുന്നത് തടഞ്ഞ തൊഴിലാളികളെയും നാട്ടുകാരെയും ഐ.ആർ.ബി.എൻ ഉൾപ്പെടെ അവിടെ എത്തിയ സൈന്യം ലാത്തിച്ചാർജ്ജ് നടത്തി, ക്രൂരമായി മർദ്ദിച്ചു. ഒരു വനിതാ കോൺസ്റ്റബിൾ പോലും ഇല്ലാതിരുന്ന പോലീസ് സംഘം സ്ത്രീകളെ അടക്കം കയ്യേറ്റം ചെയ്യുകയും അടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തു. ഇന്നലെ രാത്രിയോടെ ബംഗാരം ടൂറിസം വകുപ്പ് മാനേജർ അഗത്തിയിൽ വിളിച്ച് രണ്ട് ബോട്ടുമായി അടിയന്തിരമായി ബംഗാരത്ത് എത്തണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് ബംഗാരം ദ്വീപിൽ എത്തിയ ബോട്ടിൽ ബംഗാരം ദ്വീപിലും തിന്നകര ദ്വീപിലും ജോലി ചെയ്തു വന്നിരുന്ന 160 ഓളം ആളുകളെ ഗുരുതരമായ പരിക്കുകളോടെ രാത്രി 01.30 ഓടെ അഗത്തിയിൽ എത്തിച്ച് അഗത്തി രാജീവ് ഗാന്ധി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വളരെ ക്രൂരമായ പോലീസ് മർദ്ദനമാണ് ബംഗാരം ദ്വീപിൽ ഉണ്ടായത്. ഡപ്യൂട്ടി കലക്ടറുടെ ഉത്തരവ് പോലും മറികടന്ന് പോലീസ് സേന ഇത്തരം മൃഗീയമായ നടപടിയിലേക്ക് നീങ്ങിയതിന് പിന്നിൽ ആഭ്യന്തര വകുപ്പിലെയും ലക്ഷദ്വീപ് ഭരണകൂടത്തിലെയും ഉന്നത ഉദ്യോഗസ്ഥരുടെ മൗനമായ പിന്തുണ ഉണ്ടായിട്ടുണ്ട് എന്നത് ഉറപ്പാണ്. ഈ കൊറോണക്കാലത്തും ജനങ്ങൾക്ക് നേരെ അകാരണമായി ലാത്തിപ്രയോഗം നടത്താൻ പോലീസിന് പിന്തുണ നൽകിയവർ ആരായാലും അവർക്കെതിരെ ശക്തമായ അന്വേഷണങ്ങളും നടപടികളും ഉണ്ടാവണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക