കവരത്തി: കൊവിഡ് മുൻകരുതലുകളുടെ ഭാഗമായി ലക്ഷദ്വീപിലെ എല്ലാ ദ്വീപുകളിലും ഇന്നലെ അർധരാത്രി മുതൽ നിരോധനാജ്ഞ നിലവിൽ വന്നു. ലക്ഷദ്വീപ് ജില്ലാ മജിസ്ട്രേറ്റ് ശ്രീ.വിജേന്ത്ര സിങ്ങ് റാവത്താണ് നിരോധനാജ്ഞ നിലവിൽ വന്നതായി ഉത്തരവ് ഇറക്കിയത്. കൊവിഡ് രോഗം പടരുന്നത് സാമൂഹിക വ്യാപനത്തിലൂടെയാണ് എന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ ലക്ഷദ്വീപിൽ പോസിറ്റീവ് കേസുകൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല എങ്കിലും ഒറ്റപ്പെട്ടു കിടക്കുന്ന പ്രദേശമായതിനാൽ അതീവ ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണ്. വൻകരയിൽ പഠിക്കുന്ന വിദ്യാർഥികളെ മുഴുവനും കഴിഞ്ഞ ദിവസങ്ങളിലായി അവരുടെ ദ്വീപുകളിൽ എത്തിച്ചിരുന്നു. ഇവരോട് സ്വന്തം വീട്ടിൽ തന്നെ ആരോഗ്യ വകുപ്പ് നൽകിയ നിർദ്ദേശങ്ങൾ പാലിച്ചു കൊണ്ട് നിരീക്ഷണത്തിൽ കഴിയണം എന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഭൂരിഭാഗം ആളുകളും ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ പാലിക്കുന്നില്ല എന്ന് പരക്കെ ആക്ഷേപമുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്ന് ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം തന്നെ അറിയിച്ചിരുന്നു. ഇതിനിടെ തുടർന്ന് ഇന്നലെ നടന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിക്കുന്നതിന് തീരുമാനമായത്. നാലോ അതിൽ കൂടുതലോ ആളുകൾ കൂട്ടം കൂടി നിൽക്കുന്നത് കുറ്റകരമാണ്. നിരോധനാജ്ഞ ലംഘിച്ചാൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് നീങ്ങുമെന്ന് പോലീസ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. ആരോഗ്യ വകുപ്പ് നൽകുന്ന നിർദേശങ്ങൾ നമ്മൾ ഓരോരുത്തരുടെയും സുരക്ഷയ്ക്ക് വേണ്ടിയാണ്. അത് പൂർണ്ണമായി അനുസരിച്ച് കൊണ്ട് നമുക്ക് നമ്മെയും നമ്മുടെ വേണ്ടപ്പെട്ടവരെയും സംരക്ഷിക്കാം.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക