തളിപ്പറമ്പ്: കെഎസ്‌ആർടിസി ബസ്സിന് മുന്നിൽനിന്ന് ജീവിതത്തിലേക്ക് പിടഞ്ഞെണീക്കുന്ന ഷാദുവിന്റെ വീഡിയോ നവമാധ്യമങ്ങളിൽ വൈറലായി. അപകടത്തിൽ തലനാരിഴക്ക് രക്ഷപ്പെടുന്ന ദൃശ്യങ്ങൾ നെഞ്ചിടിപ്പോടെയേ കാണാനാകൂ. തളിപ്പറമ്പ് സിഎച്ച്എം എഎൽപി സ്കൂളിലെ മൂന്നാംക്ലാസ് വിദ്യാർഥി ഷാദു റഹ്മാനാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.
ഞായർ വൈകിട്ട് അഞ്ചിന് ഇരിട്ടി തളിപ്പറമ്പ് സംസ്ഥാന പാതയോരത്തെ താഴെ ചൊറുക്കള പെട്രോൾ പമ്പിന് സമീപമാണ് അപകടം. ജ്യേഷ്‌ഠൻ ഇംദാദിന് എൽഎസ്എസ് സ്കോളർഷിപ്പ് ലഭിച്ചതിന്റെ സന്തോഷത്തിൽ കഴിഞ്ഞ ദിവസം വാങ്ങിയ സൈക്കിളിൽ സഞ്ചരിക്കുകയായിരുന്നു ഷാദ്.
വീടിന് മുന്നിലെ ഇറക്കത്തിൽ സൈക്കിൾ നിയന്ത്രണം വിട്ട് റോഡിലെത്തി. ചീറിപ്പാഞ്ഞു വന്ന ബൈക്കിലിടിച്ച സെെക്കിൾ മറുവശത്തേക്ക് തലകുത്തി തെറിച്ച് വീണു. പിന്നാലെ കുതിച്ചുവന്ന കെഎസ്ആർടിസി ബസ് ഷാദിനെ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ കടന്നു പോവുകയായിരുന്നു.
ബസ് കയറിയിറങ്ങി സൈക്കിൾ പൂർണമായും തകർന്നു. എന്താണ് സംഭവിച്ചതെന്നറിയാതെ പകച്ചുനിൽക്കുകയായിരുന്നു ഷാദ്. 14 സെക്കൻഡുള്ള വീഡിയോയാണ് പതിനായിരങ്ങൾ കണ്ടത്. റോഡരികിലെ വീട്ടിലെ സിസിടിവിയിലാണ് അപകട ദൃശ്യങ്ങൾ പതിഞ്ഞത്. കുറുമാത്തൂർ പുല്യാഞ്ഞോട് എഎൽപി സ്‌കൂൾ അധ്യാപകൻ ചൊറുക്കളയിലെ അബൂബക്കറിന്റെയും -സൈനബയുടെയും മകനാണ് ഷാദുറഹ്മാൻ.
അപകടത്തിൽ ഷാദിന്റെ കാൽവിരലുകൾക്ക് പരിക്കേറ്റതിനാൽ പ്ലാസ്റ്ററിട്ടിരിക്കുകയാണ്. അപകടത്തിൽനിന്ന് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിനിടയിലും സ്കൂളിൽ പോകാൻ കഴിയാത്തതിന്റെയും പരീക്ഷ എഴുതാൻ സാധിക്കാത്തതിന്റെയും പ്രയാസത്തിലാണ് ഈ മിടുക്കൻ.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക