ജമ്മു: പോലീസുകാർക്ക് നല്ല ഭരണാധികാരികളാവാൻ കഴിയില്ല എന്ന് പൊതുവിൽ ഒരു ധാരണയുണ്ടായിരുന്നു. ലക്ഷദ്വീപിൽ തന്റെ നേതൃത്വത്തിൽ നടക്കുന്ന വികസന പ്രവർത്തനങ്ങൾ വഴി ആ ധാരണ തിരുത്തപ്പെട്ടു എന്ന് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ശ്രീ.ഫാറൂഖ് ഖാൻ പറഞ്ഞു. ഒരു പോലീസുകാരന് ഏറ്റവും മികച്ച ഭരണാധികാരിയാവാൻ സാധിക്കുമെന്ന് ഞാൻ തെളിയിച്ചു. തുറസ്സായ സ്ഥലങ്ങൾ നൂറ് ശതമാനവും ഭംഗിയോടെയും വൃത്തിയോടെയും സൂക്ഷിക്കുന്ന ലക്ഷദ്വീപ് രാജ്യത്തിന് മാതൃകയാവുകയാണ്. ലക്ഷദ്വീപിലെ മുഴുവൻ ആളുകളും ആധാർ-ബാങ്ക് അക്കൗണ്ട്-മൊബൈൽ നമ്പർ എന്നിവ ബന്ധിപ്പിക്കുന്ന കേന്ദ്ര സർക്കാർ പദ്ധതിയുടെ ഭാഗമായി. നാലുപാടും കടലിനാൽ ചുറ്റുപ്പെട്ടു കിടക്കുന്ന ദ്വീപുകളിൽ കുടിവെള്ളത്തിനായി പ്രത്യേക കടൽവെള്ള ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിക്കാൻ സാധിച്ചു. ഇങ്ങനെ, ഏറ്റവും പിന്നോക്കം നിൽക്കുന്ന ലക്ഷദ്വീപിനെ രാജ്യത്തിനാകെ മാതൃകയാക്കി മാറ്റുവാൻ തന്റെ നേതൃത്വത്തിലുള്ള അഡ്മിനിസ്ട്രേഷന് സാധിച്ചു എന്ന് അദ്ദേഹം പറഞ്ഞു.

ഫാറൂഖ് ഖാന്റെ ജന്മനാടായ ജമ്മുവിലെ അമർ സിങ്ങ് ക്ലബിൽ ജമ്മു കശ്മീർ പൗരാവലി നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ഏറ്റവും മികച്ച ഭരണാധികാരിയായി 2018-ൽ നീതി ആയോഗ് തിരഞ്ഞെടുത്ത അദ്ദേഹത്തെ സദസ്സിൽ ആദരിച്ചു.
ജമ്മു കാശ്മീരിന്റെ സമാധാനവും സാമുദായിക ഐക്യവും നിലനിർത്തുന്നതിന് ജമ്മു കാശ്മീർ പൗരാവലിയുടെ സംഭാവനകൾ വളരെ വലുതാണെന്ന് ഫാറൂഖ് ഖാൻ പറഞ്ഞു. വിവിധ സമുദായങ്ങളുടെ ദേവാലയങ്ങൾ ആക്രമിച്ചു കൊണ്ട് സംസ്ഥാനത്തെ സമാധാനം തകർക്കാൻ പാക്കിസ്ഥാനും അവരുടെ ഇന്റലിജൻസും പലപ്പോഴായി ശ്രമിച്ചിരുന്നതാണെങ്കിലും ജമ്മുവിലെ ജനങ്ങൾ അവരെ നിരാശപ്പെടുത്തുകയായിരുന്നു. രാജ്യം ഭീകരവാദത്തിനെതിരെ നടത്തിയ ശ്രമങ്ങൾ വിജയം കണ്ടത് പൊതു ജനങ്ങളുടെ പിന്തുണ കൊണ്ട് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ സമാധാനം നിലനിർത്തുന്നതിന് മുഴുവൻ സമയവും പ്രവർത്തിക്കുന്ന പോലീസിനെയും മറ്റ് അർദ്ധ സൈനിക വിഭാഗങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.
ലക്ഷദ്വീപിനെ പരിചയപ്പെടുത്തുന്ന കോഫീ ടേബിൾ ബുക്ക് ജമ്മു കാശ്മീർ പൗരാവലിയിലെ അംഗങ്ങൾക്ക് ഫാറൂഖ് ഖാൻ സമ്മാനിച്ചു.
ചടങ്ങിൽ ജമ്മു സിവിൽ സൊസൈറ്റി കൺവീനർ ശ്രീ.കിരൺ വട്ടൽ സ്വാഗത പ്രസംഗം നടത്തി. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ എന്ന നിലയ്ക്ക് ഏറ്റവും മികച്ച സേവനം നടത്തുന്ന ഫാറൂഖ് ഖാൻ ജമ്മു കാശ്മീരിന്റെ അഭിമാനമാണെന്ന് അദ്ദേഹം പറഞ്ഞു. ജമ്മു സ്വദേശിയും മുൻ സിക്കിം ചീഫ് ജസ്റ്റിസുമായിരുന്ന ശ്രീ.പ്രമോദ് കോഹ്ലിയെയും അദ്ദേഹം പ്രശംസിച്ചു. പ്രമോദ് കോഹ്ലി നിലവിൽ സെന്റ്രൾ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ചെയർമാനാണ്. “ഫാറൂഖ് ഖാനും പ്രമോദ് കോഹ്ലിയും സംസ്ഥാനത്തിന്റെ മക്കളാണ്. സംസ്ഥാനത്തിലെ മുഴുവൻ ജനങ്ങളും അവരെയോർത്ത് അഭിമാനിക്കുന്നു” -വട്ടൽ പറഞ്ഞു.

“പോലീസ് ഓഫീസർ എന്ന നിലയ്ക്കും ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ എന്ന നിലയ്ക്കും ഫാറൂഖ് ഖാന്റെ സേവനം വിസ്മയാവഹമാണ്. ജനങ്ങൾക്ക് വേണ്ടി ഉപയോഗപ്പെടുത്തുമ്പോൾ മാത്രമാണ് ‘അധികാരം’ കൊണ്ട് ഉപകാരമുണ്ടാവുന്നത്. ഫാറൂഖ് ഖാൻ ലക്ഷദ്വീപിൽ മാറ്റത്തിന്റെ തിരമാലകൾ തീർക്കുകയാ”ണെന്ന് ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ച ജമ്മു കാശ്മീർ മുൻ വിജിലൻസ് കമ്മിഷണർ കുൽദീപ് കോദ പറഞ്ഞു. പത്മശ്രീ പ്രോഫ: കെ.എൻ.പണ്ഡിത ഫാറൂഖ് ഖാനെ ഷാൾ അണിയിച്ച് ആദരിച്ചു. പ്രമോദ് കോഹ്ലി, പ്രൊഫ: അശോക് ഐമ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക