തിരുവനന്തപുരം: അഡ്മിനിസ്ട്രേറ്ററെ ഉപയോഗിച്ച് ലക്ഷദ്വീപിനെ തകർക്കാനുള്ള ആർ.എസ്.എസ് അജണ്ടയെ ചെറുക്കണമെന്ന് കാംപസ് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി എ എസ് മുസമ്മിൽ ആവശ്യപ്പെട്ടു. 96 ശതമാനത്തിലധികം മുസ്ലിംകൾ താമസിക്കുന്ന ഇന്ത്യയിലെ ഏക ദ്വീപായ ലക്ഷദ്വീപിനെ അടിമുടി കാവിവത്ക്കരിക്കാനുള്ള നീക്കമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്. ലക്ഷദ്വീപിന്റെ പുതിയ അഡ്മിനിസ്ട്രേറ്ററായി 2020 ഡിസംബര്‍ അഞ്ചിന് പ്രഫുൽ പട്ടേൽ ചുമതലയേറ്റെടുത്തതു മുതലാണ് കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിൽ പ്രശ്നങ്ങൾ ആരംഭിക്കുന്നത്. ദ്വീപ് ജനതയുടെ പരമ്പരാഗത ജീവിതത്തെ അട്ടിമറിക്കുന്ന തരത്തിലുള്ള നിയമപരിഷ്‌കാരങ്ങളും പദ്ധതികളുമാണ് ഓരോ ദിവസവും നടപ്പാക്കപ്പെട്ടുകൊണ്ടിരിക്കുന്നത്.
കേന്ദ്ര സര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരായി പ്രതിഷേധിക്കുന്നവരെ അടിച്ചമർത്തുന്നതിൻ്റെ ഭാഗമായി യാതൊരുവിധ കുറ്റകൃത്യങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത ദ്വീപില്‍ ഗുണ്ടാ ആക്ട് നടപ്പിലാക്കുക, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഭക്ഷ്യ മെനുവില്‍ നിന്നും മാംസാഹാരങ്ങളെ പൂര്‍ണമായും ഒഴിവാക്കി ദ്വീപില്‍ മുഴുവനായും ഗോവധ നിരോധനം നടപ്പിലാക്കുക, ദ്വീപില്‍ ഇത്രകാലമില്ലാതിരുന്ന മദ്യം ലഭ്യമാക്കല്‍, രണ്ട് കുട്ടികളില്‍ കൂടുതലുള്ളവര്‍ക്ക് തദ്ദേശ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിന് അയോഗ്യത കല്‍പ്പിക്കുന്ന നിയമ നിര്‍മാണം, തുടങ്ങിയ നടപടികളിലൂടെ ദ്വീപ് ജനതയെ മുഴുവൻ വേട്ടയാടുകയാണ് സംഘപരിവാർ ഭരണകൂടം. അധികാരമുപയോഗിച്ച് വിചിത്രവും ക്രൂരവുമായ നിയമ പരിഷ്കരണങ്ങളിലൂടെ ലക്ഷദ്വീപ് ജനതയെയും അവരുടെ സംസ്കാരത്തെയും ഇന്മൂലനം ചെയ്യുക എന്നതാണ് സംഘപരിവാർ തങ്ങളുടെ പാവയായ അഡ്മിനിസ്ട്രേറ്ററെ ഉപയോഗിച്ച് ചെയ്ത് കൊണ്ടിരിക്കുന്നത്. ഇത്തരം അധികാര ദുർവിനിയോഗങ്ങൾക്കതിരെ ലക്ഷദ്വീപ് ജനതയോടൊപ്പം അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി രാജ്യത്ത് വലിയ രീതിയിൽ പ്രതിഷേധങ്ങൾ ഉയരേണ്ടതുണ്ടെന്നും മുസമ്മിൽ ആവശ്യപ്പെട്ടു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക