‘ഏകാധിപതിയുടെ നിലപാട്’; അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കണമെന്ന് ലക്ഷദ്വീപ് എംപി

0
542

കൊച്ചി: ജനപ്രതിനിധികളുടെ അധികാരങ്ങൾ അട്ടിമറിക്കുന്നത് ഉൾപ്പെടെയുള്ള നയങ്ങൾ നടപ്പാക്കുന്ന ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ തിരികെ വിളിക്കണം എന്ന ആവശ്യമുയർത്തി ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ. പുതിയതായി ചുമതലയേറ്റെടുത്ത പ്രധാനമന്ത്രിയുടെ വിശ്വസ്തൻ പ്രഫുൽ കോദാഭായ് പട്ടേലിന്റെ അജൻഡകൾക്കെതിരെ വിവിധ കേന്ദ്രങ്ങളിൽ നിന്നു പ്രതിഷേധം ഉയരുന്നതിനിടെയാണ് എംപിയുടെ പ്രതികരണം. പുതിയ അഡ്മിനിസ്ട്രേറ്റർ ചുമതലയേറ്റപ്പോൾ മുതൽ പ്രത്യേക രീതിയിലുള്ള നിയമനിർമാണത്തിനുള്ള ശ്രമമാണ് നടത്തുന്നതെന്ന് അദ്ദേഹം പ്രതികരിച്ചു.

കോവിഡ് തുടങ്ങിയപ്പോൾ മുതൽ മുൻ അഡ്മിനിസ്ട്രേഷൻ ഒരുക്കിയ ക്വാറന്റീൻ സംവിധാനം എടുത്തു കളഞ്ഞതായിരുന്നു ആദ്യ നടപടി. ഇതുമൂലം കഴിഞ്ഞ ജനുവരി മുതൽ കോവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ടു. ആദ്യ ഒരു വർഷം കോവിഡ് വരാത്ത രീതിയിലുള്ള എസ്ഒപിയായിരുന്നു ഇവിടെ നടത്തിയിരുന്നത്. ഇതു പ്രകാരം ദ്വീപിലേയ്ക്കു വരുന്നവർ കേരളത്തിൽ ക്വാറന്റീനിൽ ഇരുന്ന ശേഷം ദ്വീപിൽ എത്തിയും ക്വാറന്റീനിൽ ഇരിക്കണമായിരുന്നു. ഈ മാർഗനിർദേശം എടുത്തു കളഞ്ഞതോടെ ഇവിടെ കോവിഡ് വ്യാപനം രൂക്ഷമായി. അഡ്മിനിസ്ട്രേറ്റർക്കെതിരെ ഈ വിഷയത്തിൽ തന്നെ പ്രതിഷേധം ആരംഭിച്ചിരുന്നു.

രാജ്യത്ത് ക്രൈം ഏറ്റവും കുറവു റിപ്പോർട്ടു ചെയ്യപ്പെടുന്ന ലക്ഷദ്വീപിൽ ഒരു ജനപ്രതിനിധികളോടോ ജനാധിപത്യ സംവിധാനങ്ങളോടോ ആലോചിക്കാതെ ഗുണ്ടാ ആക്ട് നടപ്പാക്കാൻ തീരുമാനിച്ചു. നാഷണൽ ക്രൈം ബ്യൂറോ ഓഫ് റെക്കോർഡ്സിൽ തട്ടിക്കൊണ്ടു പോകലോ തീവ്രവാദ ആക്രമണമോ പൂജ്യമായിട്ടുള്ള സ്ഥലത്താണ് ഇത്തരത്തിലുള്ള നിയമനിർമാണം നടത്താൻ തീരുമാനിച്ചത്. ഇത്തരത്തിലുള്ള നിയമത്തിന്റെ ഒരു ആവശ്യവും ഇവിടെ ഇല്ലെന്നിരിക്കെയാണ് ഈ നടപടി. കേന്ദ്ര സർക്കാരിനെതിരെ ഉയരുന്ന പ്രതിഷേധങ്ങളെ അടിച്ചൊതുക്കുന്നതിനാണ് ഈ നിയമം നടപ്പാക്കാനുള്ള തീരുമാനം.

അനിമൽ പ്രിസർവേഷൻ റഗുലേഷൻ പ്രകാരം ഇവിടെ സംരക്ഷിക്കപ്പെടേണ്ട കടൽ ജീവികളുണ്ട്. പവിഴപ്പുറ്റുകൾ ഉൾപ്പടെയുള്ളവയാണ് അത്. ഇവയെ സംരക്ഷിക്കുന്നതിനെക്കുറിച്ച് ആലോചിക്കാതെയാണ് സർക്കാരിന്റെ അധീനതയിലുള്ള ഫാം അടച്ചു പൂട്ടാനും ജീവനക്കാരെ പിരിച്ചു വിടുകയും ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

സംഘപരിവാറിന്റെ അജൻഡ ഇവിടെ നടപ്പാക്കാനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നതെന്നാണ് ലക്ഷദ്വീപ് നിവാസികൾ ആരോപിക്കുന്നത്. പൗരത്വനിയമത്തിനെതിരായ ബോർഡ് സ്ഥാപിച്ച രണ്ടു പേരെ അറസ്റ്റു ചെയ്തു. ലക്ഷദ്വീപ് ഡെവലപ്മെൻറ് റെഗുലേഷൻ നിയമം കൊണ്ടുവന്ന് വികസന പ്രവർത്തനങ്ങളുടെ പേരിൽ ദ്വീപുകാരുടെ അനുവാദമില്ലാതെ അവരുടെ സ്ഥലം പിടിച്ചെടുക്കാനും നീക്കം നടക്കുന്നുണ്ട്. ദ്വീപിലെ പ്രധാന പദവികളുള്ള ഉദ്യോഗസ്ഥരെ തരം താഴ്ത്തുകയും താൽക്കാലിക ജീവനക്കാരെ പിരിച്ചു വിടുകയും ചെയ്തു.

വീടു നിർമാണത്തിന് ലഭ്യമായിക്കൊണ്ടിരുന്ന അസംസ്കൃത സാധനങ്ങളുടെ ലഭ്യത നിർത്തിവച്ചു തുടങ്ങി ദ്വീപ് നിവാസികൾക്ക് ദോഷമായി വരുന്ന നടപടികളാണ് അഡ്മിനിസ്ട്രേറ്ററുടെ ഭാഗത്തു നിന്ന് ഉണ്ടായിരിക്കുന്നതെന്നാണ് ആരോപണം. ഇതിനെതിരെ വരും ദിവസങ്ങളിൽ പ്രതിഷേധം ശക്തമാക്കാൻ വിവിധ സംഘടനകൾ തീരുമാനിച്ചിട്ടുണ്ട്. കോവിഡ് പ്രോട്ടോക്കോൾ നിലനിൽക്കുന്നതിനാൽ സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രതിഷേധം ശക്തമാണ്.

കടപ്പാട്: മനോരമ ഓണ്ലൈൻ


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here