ന്യൂഡല്‍ഹി: മതത്തിന്റെയും ജാതിയുടെയും പേരില്‍ രാജ്യത്ത് അക്രമങ്ങള്‍ വര്‍ധിക്കുമ്പോള്‍ ജാതിയ്ക്കും മതത്തിനുമപ്പുറം ഹൃദയത്തില്‍ നന്മ വറ്റാത്തവരുമുണ്ടെന്ന് ഓര്‍മ്മിപ്പിച്ച് യുവതിയുടെ കുറിപ്പ് വൈറല്‍.
ഡല്‍ഹിയിലൂടെ ഊബര്‍ യാത്രയ്ക്കിടെയുണ്ടായ അപൂര്‍വ സുന്ദരമായ യാത്രാ അനുഭവം സാമൂഹ്യ പ്രവര്‍ത്തകയായ മേഖ്‌ന അത്വാനിയാണ് ഫേസ്ബുക്കില്‍ കുറിച്ചത്. ജൂലായ് ഏഴാം തീയതി കുറിച്ച യാത്രാനുഭവം സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്.

തൊപ്പി വച്ച ഇസ്ലാം മതവിശ്വാസിയെ കാണുന്ന കുട്ടിയുടെ സംശയങ്ങള്‍ക്ക് അമ്മ നല്‍കുന്ന ഹൃദ്യമായ മറുപടിയാണ് കുറിപ്പിനെ ചര്‍ച്ചയാക്കുന്നത്. എല്ലാവരുടെ ഉള്ളിലും ആ നന്മ അവശേഷിപ്പുണ്ടാകണമെന്നും യുവതി ഓര്‍മ്മിപ്പിക്കുന്നു.
”കുറച്ചു മാസങ്ങള്‍ക്കുമുന്‍പ് ഡല്‍ഹിയിലൂടെ ഊബര്‍ പൂള്‍ ടാക്‌സിയില്‍ യാത്ര ചെയ്യുകയായിരുന്നു. ഞാനായിരുന്നു ആദ്യ യാത്രക്കാരി, കുറച്ചുകഴിഞ്ഞപ്പോള്‍ ഒരു യുവതിയും യുവതിയുടെ മകളും ടാക്‌സിയില്‍ കയറി.
ഏകദേശം ഒരു കിലോമീറ്ററിനുശേഷം തലയില്‍ തൊപ്പി വച്ച ഇസ്ലാം മതവിശ്വാസിയായ ഒരാള്‍ മുന്‍പിലെ സീറ്റില്‍ കയറി. മുസ്ലിംകളായ പുരുഷന്‍മാര്‍ ധരിക്കാറുള്ള തൊപ്പി അദ്ദേഹം ധരിച്ചിട്ടുണ്ടായിരുന്നു. അങ്ങനെ യാത്ര പുരോഗമിക്കവേ, ആ കൊച്ചു പെണ്‍കുട്ടി ആശ്ചര്യത്തോടെ തന്റെ അമ്മയോട് ചോദിച്ചു, ‘എന്തുകൊണ്ടാണ് ആ അങ്കിള്‍ ഈ വൈകുന്നേര സമയത്ത് തലയില്‍ തൊപ്പി വച്ചിരിക്കുന്നത്.? പുറത്താണെങ്കില്‍ സൂര്യന്‍ ഇല്ലല്ലോ ! ?
ക്യാബില്‍ റേഡിയോയുടെ ശബ്ദം നന്നായിട്ട് ഉണ്ടായിരുന്നു. ആ മുസ്ലിം പുരുഷന്‍ ക്യാബ് ഡ്രൈവറുമായി സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഞാനാകട്ടെ എന്റെ ഫോണിലും.
ഈ കുട്ടിയുടെ ചോദ്യത്തോടെ ഞാന്‍ ഫോണില്‍ നിന്ന് തലയുയര്‍ത്തി, ഡ്രൈവറുമായുള്ള ആ പുരുഷന്റെ സംസാരവും നിന്നു. ഡ്രൈവര്‍ റേഡിയോയില്‍നിന്ന് കേട്ടുകൊണ്ടിരുന്ന സംഗീതത്തിന്റെ ശബ്ദം കുറച്ചു. ആ കുട്ടിയോട് എന്തെങ്കിലും ഒന്ന് പറയാം എന്ന് വിചാരിച്ചിരിക്കുമ്പോഴാണ് കുട്ടിയുടെ അമ്മ ഉത്തരവുമായി രംഗത്തെത്തുന്നത്.
ആ യുവതി പറഞ്ഞു, ‘ഞാന്‍ അമ്പലത്തില്‍ പോകുമ്പോഴൊക്കെ തലയില്‍ ദുപ്പട്ട ഇടുന്നത് കണ്ടിട്ടില്ലേ’ ?, അല്ലെങ്കില്‍ മുതിര്‍ന്നവര്‍ വീട്ടില്‍ വരുമ്പോള്‍?, അതുമല്ലെങ്കില്‍ നിന്റെ മുത്തച്ഛന്റെയോ മുത്തശ്ശിയുടെയോ പാദങ്ങള്‍തൊട്ട് അനുഗ്രഹം വാങ്ങുമ്പോഴും ചെയ്യാറില്ലേ, തലമൂടുക എന്നത് ബഹുമാനത്തിനും വണക്കത്തിനും കാണിക്കുന്ന ഒന്നാണ്..’
ആ പെണ്‍കുട്ടിക്ക് ഇനിയും എന്തൊക്കെയോ സംശയം ബാക്കിയുള്ളപോലെ അടുത്ത ചോദ്യംചോദിച്ചു.
‘ആ ചേട്ടന്‍ ഇപ്പോള്‍ ആരെയാണ് ബഹുമാനിക്കുന്നത്? ഇവിടെ ഇപ്പോള്‍ അമ്പലമില്ല, ആരുടെയും പാദങ്ങളില്‍ സ്പര്‍ശിക്കേണ്ട ആവശ്യവും ഇല്ല, പ്രായത്തില്‍ മുതിര്‍ന്നവര്‍ ആരും ഇപ്പോള്‍ കാറിലും ഇല്ല, പിന്നെ ആരോടാണ് ഈ വിധേയത്വം കാണിക്കേണ്ടത് ‘ ?
ആ അമ്മയ്ക്ക് ഈ ചോദ്യത്തിനും ഉത്തരമുണ്ടായിരുന്നു. വളരെ ശാന്തമായി ആ അമ്മ മറുപടി പറഞ്ഞു, ‘അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ അദ്ദേഹത്തെ പഠിപ്പിച്ചത് കാണുന്ന എല്ലാവരെയും ബഹുമാനിക്കാനും ആദരിക്കാനുമാണ്. ഞാന്‍ നിന്നെ പഠിപ്പിച്ചിട്ടില്ലേ, അതിഥികളോട് നമസ്‌തേ പറയാന്‍ അതുപോലെതന്നെ’.
വണ്ടിയിലുണ്ടായിരുന്ന ആരും തന്നെ ഈ മറുപടി പ്രതീക്ഷിച്ചില്ല, എന്തിനേറെ ആ മുസ്ലിം പുരുഷന്‍ പോലും ഈ മറുപടി പ്രതീക്ഷിച്ചുകാണില്ല.
കാറില്‍നിന്നും ആദ്യം ഇറങ്ങേണ്ടിയിരുന്നത് ഞാനായിരുന്നു. അങ്ങനെ എന്റെ ലക്ഷ്യസ്ഥാനം എത്തിയപ്പോള്‍ നിറഞ്ഞ ചിരിയോടെയും ആലോചനയോടെയും ഞാന്‍ വണ്ടിയില്‍ നിന്നിറങ്ങി.
എന്റെ ചിന്ത പോയത് ഇങ്ങനെ, അവന് ചുറ്റുമുള്ള എല്ലാ ആളുകളും ഇതുപോലെ ചിന്തിച്ചിരുന്നെങ്കില്‍..! ഇങ്ങനെ ഓരോ മാതാപിതാക്കളും അവരവരുടെ കുട്ടികളെ പഠിപ്പിച്ചിരുന്നെങ്കില്‍.
ഇന്നത്തെ തലമുറ എല്ലാവരും അവരവരുടെ കുട്ടികളെ ഇതുപോലെ പരിശീലിപ്പിച്ചിരുന്നെങ്കില്‍,
നമ്മളെ വിഭജിക്കാന്‍ നോക്കുന്ന രാഷ്ട്രീയക്കാര്‍ പരാജയപ്പെടുമായിരുന്നു.
ഈ രാജ്യത്തിന്റെ മതേതരത്വം നശിപ്പിക്കാന്‍ ശ്രമിക്കുന്ന യാഥാസ്ഥിതികരായ ബുദ്ധിശൂന്യര്‍ പരാജയപ്പെടുമായിരുന്നു.
‘MERA BHARAT MAHAAN’ ഇങ്ങനെ പറഞ്ഞ് അവസാനിപ്പിക്കുന്നു മേഖ്ന അത്‌വാനിയുടെ പോസ്റ്റ്.
Courtesy
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക