ഐപിഎല്‍ ഇത്തവണ യു എ ഇയില്‍; സെപ്‌തം‌ബര്‍ 19ന് ആദ്യ മത്സരം, ഫൈനല്‍ നവംബര്‍ 8ന്

0
829

ക്രിക്കറ്റ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കുട്ടിക്രിക്കറ്റ് പൂരത്തിന് സെപ്റ്റംബര്‍ 19ന് തുടക്കമാകും. യുഎഇയില്‍ നടക്കുന്ന ടൂര്‍ണമെന്റിന്റെ കലാശപോരാട്ടം നവംബര്‍ 8ന് ആയിരിക്കുമെന്നും ഐപിഎല്‍ ചെയര്‍മാന്‍ ബ്രിജേഷ് പട്ടേല്‍ പറഞ്ഞു. വാര്‍ത്ത ഏജന്‍സിയായ പിടിഐയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അടുത്ത ആഴ്ച ചേരുന്ന ഗവേണിങ് യോഗത്തിന് ശേഷം മാത്രമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാവുക. എന്നാല്‍ മത്സരക്രമം സംബന്ധിച്ച അനൗദ്യോഗിക അറിയിപ്പ് ബിസിസിഐ ഫ്രാഞ്ചൈസികള്‍ക്ക് നല്‍കിയതായാണ് സൂചുന.

“ഉടന്‍ തന്നെ ഐപിഎല്‍ ഗവേണിങ് കൗണ്‍സില്‍ ചേരും. എന്നാല്‍, മത്സരക്രമം നേരത്തെ തീരുമാനമായിട്ടുണ്ട. സെപ്റ്റംബര്‍ 19 മുതല്‍ നവംബര്‍ 8 വരെയാണ് മത്സരങ്ങള്‍. സര്‍ക്കാര്‍ അനുമതിക്കായാണ് കാത്തിരിക്കുന്നത്. ഇത്തവണയും 51 ദിവസത്തെ മുഴുവന്‍ സീസണും സംഘടിപ്പിക്കാന്‍ സാധിക്കും,” ബ്രിജേഷ് പട്ടേല്‍ പറഞ്ഞു.

കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഓസ്ട്രേലിയയില്‍ നടക്കേണ്ടിയിരുന്ന ടി20 ലോകകപ്പ് മാറ്റിവച്ചതോടെയാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനുള്ള സാധ്യതകള്‍ സജീവമായത്. ഇന്ത്യയില്‍ കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ യുഎഇയിലായിരിക്കും ടൂര്‍ണമെന്റ് സംഘടിപ്പിക്കുക.

“ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സംഘടിപ്പിക്കുന്നതിന് യുഎഇ നേരത്തെ തന്നെ സന്നദ്ധത അറിയിച്ചിരുന്നു. 2014ല്‍ ടൂര്‍ണമെന്റിന്റെ ആദ്യ പാദം അവിടെയാണ് നടത്തിയത്. യുഎഇയിലെ സാഹചര്യങ്ങളെക്കുറിച്ചും സാധ്യതകളെക്കുറിച്ചും നമുക്ക് നല്ല അറിവുണ്ട്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വരും ദിവസങ്ങളില്‍ തന്നെ ഐപിഎല്‍ ഗവേണിങ് ബോഡി ചേര്‍ന്ന് ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യുമെന്നും ബ്രിജേഷ് പട്ടേല്‍ വ്യക്തമാക്കി.

ഓസ്ട്രേലിയയില്‍ വീണ്ടും കോവിഡ് വ്യാപനമുണ്ടായ സാഹചര്യത്തിലാണ് ടി20 ലോകകപ്പ് മാറ്റിവയ്ക്കാന്‍ ഐസിസി തീരുമാനിച്ചത്. ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ 15 വരെ ഓസ്‌ട്രേലിയയില്‍ നടക്കേണ്ടതായിരുന്നു മത്സരങ്ങള്‍. എന്നാല്‍ വിക്ടോറിയ സംസ്ഥാനത്ത്കോവിഡ് കേസുകളുടെ രണ്ടാം കുതിച്ചുചാട്ടമുണ്ടായപ്പോള്‍ മെയ് മാസത്തില്‍ തന്നെ ആതിഥേയത്വം വഹിക്കാനുള്ള ബുദ്ധിമുട്ട് ഓസ്ട്രേലിയ ക്രിക്കറ്റ് ബോര്‍ഡ് പ്രകടിപ്പിച്ചിരുന്നു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here