
ന്യൂഡൽഹി: ഈ വർഷമൊടുവിൽ തിരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശിലെയും രാജസ്ഥാനിലെയും വോട്ടർപട്ടികയിൽ ക്രമക്കേടുണ്ടെന്നാരോപിച്ച് കോൺഗ്രസ് നേതാക്കളായ കമൽനാഥും സച്ചിൻ പൈലറ്റും നൽകിയ ഹർജി കേൾക്കാമെന്ന് സുപ്രീംകോടതി. ഹർജികളിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ മറുപടിതേടിയ സുപ്രീംകോടതി കേസ് ഓഗസ്റ്റ് 31-ലേക്ക് മാറ്റി.
മധ്യപ്രദേശിലെ വോട്ടർപട്ടികയിൽ 61 ലക്ഷം പേരും രാജസ്ഥാനിൽ 41 ലക്ഷം പേരും വ്യാജമാണെന്ന് ഹർജികളിൽ ആരോപിച്ചു. വോട്ടർപട്ടികയിലെ ക്രമക്കേട് തിരുത്തണമെന്ന് മുതിർന്ന അഭിഭാഷകരായ അഭിഷേക് മനു സിങ്‌വി, വിവേക് തൻക, ആൽജോ ജോസഫ് എന്നിവർ വാദിച്ചു.
മധ്യപ്രദേശിലെ വോട്ടർപട്ടിക ഇമേജ് രൂപത്തിൽ പ്രസിദ്ധീകരിച്ചതിനാൽ പരിശോധന എളുപ്പമല്ല. അതിനാൽ ടെക്സ്റ്റ് രൂപത്തിൽ നൽകണം. ഇലക്‌ട്രോണിക് വോട്ടിങ് മെഷീന്റെ കൺട്രോൾ യൂണിറ്റ്, ബാലറ്റ് യൂണിറ്റ്, വി.വി.പാറ്റ് എന്നിവയിൽനിന്ന് വിവരങ്ങൾ ശേഖരിക്കാൻ മൊബൈൽ ആപ്പ് ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു.
വോട്ടർമാർക്ക് വി.വി.പാറ്റ് സ്ലിപ് കാണിക്കുന്നത് ഏഴ് സെക്കൻഡിൽനിന്ന് 15 സെക്കൻഡാക്കി ഉയർത്തണം. അല്ലാത്തപക്ഷം, സാങ്കേതികമായി അറിവുകുറഞ്ഞ ഭൂരിപക്ഷംവരുന്ന വോട്ടർമാർക്ക് അത് കാണാൻ സാധിക്കില്ലെന്നും അഭിഭാഷകർ ചൂണ്ടിക്കാട്ടി
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക