ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റിലി അന്തരിച്ചു(66). ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു . ഉച്ചക്ക് 12.7ഓടെയായിരുന്നു അന്ത്യമെന്ന് ആശുപത്രി പുറത്തുവിട്ട പത്രക്കുറിപ്പില്‍ പറയുന്നു. ആരോഗ്യസ്ഥിത മോശമായതിനെത്തുടര്‍ന്ന് ഈ മാസം ഒമ്പതിനാണ് ജെയ്റ്റ്‌ലിയെ എയിംസില്‍ പ്രവേശിപ്പിച്ചത്
ഒന്നാം മോദി സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന ജെയ്റ്റ്‌ലി ആരോഗ്യ കാരണങ്ങളാല്‍ ഇത്തവണ പൊതുതിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നില്ല. നിലവില്‍ യുപിയില്‍ നിന്നുള്ള രാജ്യസഭാംഗമാണ്. ജയ്റ്റ്‌ലി ധനമന്ത്രിയായിരുന്ന വേളയിലാണു മോദി സര്‍ക്കാര്‍ നോട്ടുനിരോധനം, ജിഎസ്ടി തുടങ്ങിയവ നടപ്പാക്കിയത്. അഭിഭാഷകനായും എഴുത്തുകാരനായും ശോഭിച്ചു.

വാജ്‌പേയി മന്ത്രിസഭയിലും നരേന്ദ മോദി മന്ത്രിസഭയിലും അംഗമായിരുന്ന ജെയ്റ്റ്‌ലി വാര്‍ത്താ വിതരണ പ്രക്ഷേപണം, ഓഹരി വിറ്റഴിക്കല്‍, നിയമം, കമ്പനി കാര്യം, വാണിജ്യം, വ്യവസായം, പ്രതിരോധം, ധനകാര്യം തുടങ്ങിയ വകുപ്പുകള്‍ കൈകാര്യം ചെയ്തു. നാലു തവണ രാജ്യസഭാംഗമായി. രാജ്യസഭാ നേതാവ്, പ്രതിപക്ഷ നേതാവ് എന്നീ പദവികള്‍ വഹിച്ചു.
ക്രിക്കറ്റിനോട് എറെ താല്‍പര്യമുണ്ടായിരുന്ന ജെയ്റ്റ്‌ലി ഏറെനാള്‍ ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ ഭരിച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ (ബിസിസിഐ) വൈസ് പ്രസിഡന്റുമായി.
1952 ഡിസംബര്‍ 28ന് മഹാരാജ് കിഷന്‍ ജയ്റ്റ്‌ലിയുടെയും രത്തന്‍ പ്രഭ ജയ്റ്റ്‌ലിയുടെയും മകനായി ഡല്‍ഹിയില്‍ ജനനം. സെന്റ് സേവ്യേഴ്‌സ് സ്‌കൂള്‍, ശ്രീറാം കോളജ് ഓഫ് കൊമേഴ്‌സ്, യൂണിവേഴ്‌സിറ്റി ഓഫ് ഡല്‍ഹി എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. എഴുപതുകളില്‍ എബിവിപിയിലൂടെ പൊതുരംഗത്തെത്തി. 1980ല്‍ ബിജെപി അംഗത്വമെടുത്തു. അടിയന്തരാവസ്ഥക്കാലത്തു തടവിലായി. നിയമപഠനം പൂര്‍ത്തിയാക്കിയ ജയ്റ്റ്‌ലി 1977 മുതല്‍ അഭിഭാഷകനായി. സുപ്രീംകോടതി സീനിയര്‍ അഭിഭാഷകനും അഡീഷനല്‍ സോളിസിറ്റര്‍ ജനറലുമായി. രാഷ്ട്രീയത്തിലേക്കു മടങ്ങിയെത്തിയ അദ്ദേഹം 1991ല്‍ ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗമായി. പാര്‍ട്ടി വക്താവായി മികവു തെളിയിച്ചു. ബിജെപിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയായി.
2018ല്‍ വൃക്ക ശസ്ത്രക്രിയയ്ക്കു വിധേയനായി. യുഎസില്‍ ടിഷ്യു കാന്‍സര്‍ ചികില്‍സയ്ക്കു വിധേയനായി. പല തവണ ഇന്ത്യയിലും വിദേശത്തും വിദഗ്ധ ചികില്‍സ തേടി. രണ്ടാം മന്ത്രിസഭയിലേക്ക് പരിഗണിക്കേണ്ടതില്ലെന്നും വകുപ്പില്ലാമന്ത്രിയെന്ന നിലയില്‍ ഉള്‍പ്പെടുത്തേണ്ടതില്ലെന്നും മോദിയെ ജയ്റ്റ്‌ലി അറിയിച്ചിരുന്നു. സംഗീതയാണ് ഭാര്യ. സൊനാലി, രോഹന്‍ എന്നിവര്‍ മക്കളാണ്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക