ബേപ്പൂർ: മൺസൂൺ നിയന്ത്രണങ്ങൾക്കു ശേഷം തുറമുഖത്തു നിന്നു ലക്ഷദ്വീപിലേക്ക് ഉരു മാർഗമുള്ള ചരക്കു നീക്കത്തിന് തുടക്കം. ആന്ത്രോത്ത്, കൽപേനി ദ്വീപുകളിലേക്കുള്ള ചരക്ക് കയറ്റിയ 2 ഉരുക്കൾക്ക് തുറമുഖ അധികൃതർ യാത്രാനുമതി നൽകി. ഇന്നു രാവിലെ 6നു ഇവ തുറമുഖം വിടു. നിർമാണ വസ്തുക്കൾ, ഫർണിച്ചർ ഉരുപ്പടികൾ, പലചരക്ക് സാധനങ്ങൾ, പശുക്കൾ എന്നിവയുമായി ശാലോം ഉരു ആന്ത്രോത്ത് ദ്വീപിലേക്കും ശ്രീമുരുകൻ തുണൈ ഉരു കൽപേനി ദ്വീപിലേക്കുമാണ് സീസണിൽ ആദ്യമായി പുറപ്പെടുന്നത്.
മറ്റു 3 ഉരുക്കൾ തുറമുഖത്ത് ചരക്ക് കയറ്റുന്നുണ്ട്. 2 ദിവസത്തിനകം ഇവ തീരം വിടും. അതേസമയം കഴിഞ്ഞ 15നു തുറമുഖം പൂർണ തോതിൽ പ്രവർത്തനം തുടങ്ങിയെങ്കിലും ദ്വീപിലേക്കുള്ള യാത്രാ കപ്പൽ സർവീസ് ഇതുവരെ തുടങ്ങിയിട്ടില്ല. കപ്പലുകളുടെ ഷെഡ്യൂൾ തയാറായാൽ സർവീസ് തുടങ്ങാനാകുമെന്നാണു ദ്വീപ് തുറമുഖ അധികൃതർ നൽകുന്ന സൂചന.കോവിഡ് പശ്ചാത്തലത്തിൽ നേരത്തെ ദ്വീപ് അഡ്മിനിസ്ട്രേഷൻ പുറപ്പെടുവിച്ച സാധാരണ പ്രവർത്തന പ്രക്രിയ (എസ്ഒപി) പ്രകാരമാണ് ഉരു സർവീസ് തുടങ്ങുന്നത്.

കോവിഡ് ആർടിപിസിആർ പരിശോധന നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്കു മാത്രമേ ഉരുവിൽ ജോലി ചെയ്യാൻ അനുമതി നൽകുന്നുള്ളൂ. ഉരുവിലെ ജീവനക്കാർ കോവിഡ് പരിശോധന നടത്തി തുറമുഖ അധികൃതർക്ക് റിപ്പോർട്ട് നൽകിയ ശേഷം മാത്രമാണ് ക്ലിയറൻസ് നൽകിയത്. ബേപ്പൂരിനും ലക്ഷദ്വീപിനും ഇടയിൽ 35 ഉരുക്കൾ സർവീസ് നടത്തുന്നുണ്ട്. കാലാവസ്ഥ മോശമായതിനാൽ മംഗളൂരു, തൂത്തുക്കുടി എന്നിവിടങ്ങളിൽ നിന്നുള്ള ഉരുക്കൾ എത്തിയിട്ടില്ല. ഇവ കൂടി വരുന്നതോടെ വരും ദിവസങ്ങളിൽ ബേപ്പൂരിൽ നിന്നു ദ്വീപിലേക്ക് ഉരു മാർഗമുള്ള ചരക്കു നീക്കം സജീവമാകും.
കടപ്പാട്: Manorama Online
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക