ആന്ത്രോത്ത് ദ്വീപിൽ രണ്ട് വ്യത്യസ്ത പ്രതിഷേധ റാലികൾ സംഘടിപ്പിച്ചു.

0
819
www.dweepmalayali.com
ആന്ത്രോത്ത്: പൗരത്വ ഭേദഗതി ബില്ലിനെതിരെ ഇന്ന് രാവിലെയും ഉച്ചതിരിഞ്ഞുമായി രണ്ട് വ്യത്യസ്ത പ്രതിഷേധ റാലികൾ സംഘടിപ്പിച്ചു. ലക്ഷദ്വീപിലെ ഏക പണ്ഡിത സംഘടനയായ ജംഇയ്യത്ത് ഹിമായത്ത് ശരീഅത്തുൽ ഇസ്ലാമിയ്യയുടെയും(ജെ.എച്ച്.എസ്.ഐ) സുന്നി വിദ്യാഭ്യാസ ബോർഡിന് കീഴിലുള്ള നാല് മദ്രസാ കമ്മിറ്റികളുടെയും മീലാദ് കോ ഓർഡിനേഷൻ കമ്മിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രതിഷേധ വാഹന ജാഥ ആന്ത്രോത്ത് ജുമുഅത്ത് പള്ളി പരിസരത്ത് നിന്നും ആരംഭിച്ച് സ്ഥലം സബ് ഡിവിഷണൽ ഓഫീസിൽ സമാപിച്ചു. ആന്ത്രോത്ത് ജംഗ്ഷനിൽ വെച്ച് എസ്.എം.രിയാസത്ത് അലി ഇർഫാനി പൗരത്വ ഭേദഗതി ബില്ലിന്റെ ഭവിഷ്യത്തുകളെക്കുറിച്ചും രാജ്യത്തിന്റെ മതേതരത്വത്തിന് നേരെ ഉയരുന്ന വെല്ലുവിളികളെ കുറിച്ചും വിശദീകരിച്ചു സംസാരിച്ചു. സി.എ.എ നിയമം ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ പതിനാല് ഉറപ്പു  നൽകുന്ന മൗലികമായ അവകാശങ്ങളുടെ നഗ്നമായ ലംഘനമാണെന്നും രാജ്യത്തിന്റെ മതേതരത്വം തകർക്കുന്നതിന് ഒരു ഫാഷിസ്റ്റ് ശക്തികളെയും അനുവദിക്കില്ല എന്നും  അദ്ദേഹം പറഞ്ഞു. പ്രസ്തുത ബില്ല് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് തയ്യാറാക്കിയ നിവേദനം നേതാക്കൾ സബ് ഡിവിഷണൽ ഓഫീസർക്ക് കൈമാറി. ഖാളി സയ്യിദ് മുഹമ്മദ് മുസ്തഫ സഖാഫി, മീലാദ് കോ ഓർഡിനേഷൻ കമ്മിറ്റി പ്രസിഡന്റ് കെ.പി പൂക്കുഞ്ഞിക്കോയ ഹാജി എന്നിവർ നേതൃത്വം നൽകി.
www.dweepmalayali.com
ഉച്ചതിരിഞ്ഞ് അറഫാ പള്ളിയിൽ നിന്നും ഖാളി ഹംസകോയ ഫൈസിയുടെ നേതൃത്വത്തിൽ ആരംഭിച്ച പ്രകടനം കാൽനടയായി ആന്ത്രോത്ത് സബ് ഡിവിഷണൽ ഓഫീസിൽ എത്തി സബ് ഡിവിഷണൽ ഓഫീസർക്ക് നിവേദനം നൽകി. ഭാരതത്തിന്റെ അഖണ്ഡതയും ഐക്യവും തകർക്കുന്ന പൗരത്വ ഭേദഗതി ബിൽ ഉടൻ പിൻവലിക്കണമെന്ന് ഖാളി ഹംസകോയ ഫൈസി ആവശ്യപ്പെട്ടു. മുൻ എം.പി അഡ്വ.ഹംദുള്ള സഈദ് പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് വിശദമായി സംസാരിച്ചു. നമ്മുടെ ഭരണഘടനയുടെ പ്രായാമ്പിളിനു നേരെയാണ് വർഗീയ ഫാഷിസ്റ്റ് ഭരണകൂടം കൈവെച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് ജീവിക്കുന്ന ഒരാളുടെയും മൗലികമായ ഒരു അവകാശവും ഹനിക്കുന്നതിന് ഒരു ഭരണകൂടത്തിനും അവകാശമില്ലെന്നും ബഹു. സുപ്രീം കോടതി പൗരത്വ ഭേദഗതി നിയമം തടയുമെന്നാണ് തന്റെ പ്രതികഷയെന്നും അദ്ദേഹം പറഞ്ഞു. ആന്ത്രോത്ത് വില്ലേജ് ദ്വീപ് പഞ്ചായത്ത് വൈസ് ചെയർപേഴ്സൺ എച്ച്.കെ മുഹമ്മദ് റഫീഖ്, മുൻ ചെയർപേഴ്സൺ മുഹമ്മദ് അൽത്താഫ് ഹുസൈൻ മറ്റു നേതാക്കൾ പങ്കെടുത്തു.
www.dweepmalayali.com

ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here