ന്യൂഡല്‍ഹി: കൊറോണ വ്യാപനം തടയാന്‍ ഇന്നലെ അര്‍ദ്ധരാത്രി 12 മുതല്‍ 21 ദിവസത്തേക്ക് രാജ്യം അടച്ചു പൂട്ടിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. അവശ്യസാധനങ്ങള്‍ ഉറപ്പാക്കും. കൊറോണയ്ക്കെതിരെ പോരാടാന്‍ 15,000 കോടി രൂപ വകയിരുത്തി. ഐസൊലേഷന്‍ വാര്‍ഡ്, ബെഡുകള്‍, വെന്റിലേറ്രര്‍, മറ്റു സൗകര്യങ്ങള്‍ എന്നിവ ഒരുക്കാനാണിത്.
കൊറോണയെ ഫലപ്രദമായി നേരിടാന്‍ മറ്റു മാര്‍ഗങ്ങളില്ല. ഓരോ പൗരനും ഇപ്പോള്‍ എവിടെയാണോ അവിടെ തങ്ങണം. വീടിന് മുന്നില്‍ അദൃശ്യമായ ലക്ഷ്മണരേഖയുണ്ട്. അത് മറികടക്കരുത്. വീട്ടിലിരിക്കൂവെന്ന് കൈകൂപ്പി അഭ്യര്‍ത്ഥിക്കുകയാണെന്നും ഒരാഴ്ചയ്ക്കിടെയുള്ള രണ്ടാമത്തെ അഭിസംബോധനയില്‍ പ്രധാനമന്ത്രി പറഞ്ഞു.

ജനതാ കര്‍ഫ്യൂ പ്രഖ്യാപിച്ചപ്പോള്‍ എല്ലാവരും കൂടെനിന്നു. അതിനെക്കാള്‍ കര്‍ശന കര്‍ഫ്യൂവാണിത്. ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് ഗൗരവമായി കാണണം. ചെറിയ കുട്ടികള്‍ മുതല്‍ വയസായവര്‍ വരെ പുറത്തിറങ്ങരുത്. സാമൂഹിക അകലം പാലിക്കുക മാത്രമാണ് ഏകവഴി. അല്ലെങ്കില്‍ രാജ്യം വലിയ വില നല്‍കേണ്ടിവരും. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദ്ദേശം കര്‍ശനമായി പാലിക്കണം. എന്തുവന്നാലും വീടുകളില്‍ നിന്ന് പുറത്തിറങ്ങരുത്. വിദൂര ഗ്രാമങ്ങളിലുള്ളവര്‍ മുതല്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി വരെയുള്ളവര്‍ക്ക് ഇത് ബാധകമാണ്.
വൈറസ് ബാധയുടെ കണ്ണി മുറിക്കാന്‍ 21 ദിവസത്തെ ഐസൊലേഷന്‍ അനിവാര്യമാണ്. കാര്യക്ഷമമായി ഇത് നടപ്പാക്കിയില്ലെങ്കില്‍ രാജ്യത്തെ 21 വര്‍ഷം പിന്നോട്ടടിക്കും. കൊറോണ ലോകത്ത് 67 ദിവസം കൊണ്ട് ആദ്യം ഒരു ലക്ഷം പേരെ ബാധിച്ചു. അടുത്ത ഒരു ലക്ഷം പേരെ ബാധിച്ചത് വെറും 11 ദിവസം കൊണ്ടാണ്. നാലു ദിവസം കൊണ്ടാണ് അടുത്ത ഒരു ലക്ഷം പേരെ ബാധിച്ചത്. മികച്ച ആരോഗ്യ അടിസ്ഥാനസൗകര്യങ്ങളുള്ള ഇറ്റലിയും അമേരിക്കയും പോലും രോഗ വ്യാപനം തടയാന്‍ ബുദ്ധിമുട്ടുന്നു. രോഗ വ്യാപനം കുറയ്ക്കാന്‍ വിജയിച്ച രാജ്യങ്ങളില്‍ നിന്ന് പാഠം പഠിക്കണം.
നമുക്കായി പോരാടുന്നവരെ ഓര്‍ക്കൂ
ഈ മഹാമാരിയില്‍ നിന്ന് ഓരോ ജീവനും രക്ഷിക്കാന്‍ രാപ്പകലില്ലാതെ ജോലി ചെയ്യുന്ന ഡോക്ടര്‍മാരെയും നഴ്സുമാരെയും പാരാമെഡിക്കല്‍ ജീവനക്കാരെയും ആംബുലന്‍സ് ഡ്രൈവര്‍മാരെയും ശുചീകരണ തൊഴിലാളികളെയും മാദ്ധ്യമപ്രവര്‍ത്തകരെയും പൊലീസുകാരെയും കുറിച്ച് ആലോചിക്കൂ. നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും രക്ഷിക്കാന്‍ പോരാടുകയാണവര്‍.

സ്വയം ചികിത്സിക്കരുത്
സംസ്ഥാനങ്ങള്‍ ആരോഗ്യ മേഖലയ്ക്ക് മുന്‍ഗണന നല്‍കണം. ഡോക്ടമാരുടെ ഉപദേശം കൂടാതെ മരുന്നുകള്‍ കഴിക്കരുത്. തെറ്റായ ചികിത്സാരീതി ജീവന്‍ അപകടത്തിലാക്കും. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്. ജനങ്ങളുടെ സഹായത്തിനായി സ്വകാര്യമേഖല മുന്നോട്ടുവരുന്നതില്‍ സന്തോഷമുണ്ട്. രാജ്യത്തെ പൗരന്മാര്‍ ഈ പ്രതിസന്ധിയെ വിജയകരമായി മറികടക്കും- പ്രധാനമന്ത്രി പറഞ്ഞു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക