തിരുവനന്തപുരം: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായ്ക്ക് കത്തയച്ചു.
ലക്ഷദ്വീപിലെ പുതിയ സാഹചര്യങ്ങള്‍ ഏറെ വേദനയുണ്ടാക്കുന്നതാണ്. എനിക്ക് ഏറെ ഹൃദയബന്ധമുള്ള നാടാണ് ലക്ഷദ്വീപ്. കഴിഞ്ഞ ഡിസംബറില്‍ എല്ലാ കീഴ്വഴക്കങ്ങളെയും അട്ടിമറിച്ചു കൊണ്ട് ഗുജറാത്തിലെ ബി ജെ പി നേതാവിനെ അഡ്മിനിസ്ട്രേറ്ററായി നിയമിച്ചത് സംഘപരിവാറിന്റെ അജണ്ട നടപ്പിലാക്കാനാണെന്ന് സതീശന് പറഞ്ഞു.
നൂറു ശതമാനം മുസ്ലിം മതവിഭാഗത്തില്‍ പെട്ടവരുള്ള ദ്വീപ് സമൂഹത്തില്‍ ബീഫ് നിരോധനം ഉള്‍പ്പടെ കഴിഞ്ഞ ആറ് മാസം ഈ അഡ്മിനിസ്ട്രേറ്റര്‍ എടുത്ത നടപടികളെല്ലാം അവിടുത്തെ ജനങ്ങളുടെ സമാധാന ജീവിതത്തെ ഇല്ലാതെയാക്കുന്നതാണ്. ജില്ലാ പഞ്ചായത്തിന്റെ അധികാരങ്ങള്‍ വെട്ടിക്കുറച്ചതുള്‍പ്പെടെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ അവരുടെ പ്രതിഷേധത്തെ പോലും ഇല്ലാതെയാക്കുവാനുള്ള നടപടിയാണ് അവിടെ നടക്കുന്നത്. കളവോ കൊലയോ ഇല്ലാതെ ഏറ്റവും സമാധാനത്തോടെ ജീവിക്കുന്ന ആ ദ്വീപില്‍ ഗുണ്ടാ ആക്റ്റ് നടപ്പിലാക്കുന്നത് പ്രതിഷേധ സ്വരങ്ങളെ ഇല്ലാതെയാക്കുവാനാണെന്നും സതീശന് പറഞ്ഞു.
കേരളവുമായി ഏറെ ബന്ധമുള്ള നാടാണ് ലക്ഷദ്വീപ്. ഒരു കാരണവശാലും സംഘപരിവാറിന്റെ അജണ്ട നടപ്പിലാക്കാന്‍ അനുവദിക്കില്ല. ലക്ഷദ്വീപ് ടെറിട്ടോറിയല്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റും മുന്‍ എം.പി.യുമായ ഹംദുള്ളാ സയീദുമായി ഫോണില്‍ ബന്ധപ്പെട്ടു സ്ഥിതിഗതികള്‍ അന്വേഷിക്കുകയും എല്ലാ പിന്തുണയും അറിയിക്കുകയും ചെയ്തിട്ടുണ്ടെന്നും വി.ഡി സതീശന് അറിയിച്ചു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക