ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ തിരിച്ചു വിളിക്കണം; രാഷ്ട്രപതിക്കും പ്രധാന മന്ത്രിക്കും കത്തയച്ച് കാന്തപുരം. Video ▶️

0
762

കോഴിക്കോട്: ലക്ഷദ്വീപില്‍ അഡ്മിനിസ്‌ട്രേറ്ററുടെ ജനജീവിതം ദുസ്സഹമാക്കുന്ന നടപടികളില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ രാഷ്ട്രപതിക്കും പ്രധാന മന്ത്രിക്കും കത്തയച്ചു. ഭാഷാപരമായും ഭൂമിശാസ്ത്രപരമായും കേരളത്തോട് ചേര്‍ന്നുനില്‍ക്കുന്ന ലക്ഷദീപ്, കുറ്റകൃത്യങ്ങള്‍ പോലും അസാധാരണമായ, സമാധാനത്തിന് പേരുകേട്ട പ്രദേശമാണ്. ആറു മാസമായി ചുമതലയിലുള്ള അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ കൊണ്ടുവന്ന നിയമങ്ങള്‍ ലക്ഷദീപിലെ ജനങ്ങളുടെ സവിശേഷ സംസ്‌കാരത്തെ തകര്‍ക്കുന്നവയും, നിത്യജീവിതത്തെ പ്രതിസന്ധിയിലാക്കുന്നവയുമാണെന്ന് കത്തില്‍ പറഞ്ഞു.

സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നുള്ള പ്രദേശവാസികളെ ഒഴിവാക്കല്‍, മദ്യത്തിന് അംഗീകാരം നല്‍കല്‍, മത്സ്യത്തൊഴിലാളികളുടെ ഉപകരണങ്ങള്‍ സൂക്ഷിക്കുന്ന ഇടങ്ങള്‍ നശിപ്പിക്കല്‍, സാമൂഹിക വിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമം ചുമത്തി ജനങ്ങളെ ഒരു വര്‍ഷം വരെ തടവില്‍ വെക്കാനുള്ള ശ്രമമാരംഭിക്കല്‍, സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഭക്ഷണ മെനുവില്‍ നിന്ന് ബീഫ് ഒഴിവാക്കല്‍, കൊവിഡ് പ്രോട്ടോകോളില്‍ അയവ് വരുത്തല്‍ തുടങ്ങി പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ വന്നത് മുതല്‍ ഏര്‍പ്പെടുത്തിയ ഓരോ നിയമവും ദീപുകാരുടെ സാധാരണ ജീവിതം ദുരിതമയമാക്കിയിരിക്കുന്നു.

പരമ്പരാഗത സംസ്‌കാരങ്ങള്‍ ഇന്നും സൂക്ഷ്മതയില്‍ പാലിച്ച്, അതിഥികളായെത്തുന്ന എല്ലാവരോടും അപാരമായ സ്‌നേഹം കാണിച്ച്, ഏറെ സമാധാനത്തോടെയും ശാന്തതയോടെയും ജീവിച്ചുവരുന്ന ലക്ഷദീപ് നിവാസികള്‍ക്ക് മേലില്‍ ചുമത്തിയ ഈ നിയമങ്ങള്‍ ദ്വീപിന്റെ തനത് സംസ്‌കൃതിയെ ഇല്ലാതാക്കാന്‍ ഉതകുന്നവയാണ്. ട്രൈബല്‍ ജനവിഭാഗങ്ങള്‍ക്ക് അവരുടെ സംസ്‌കാരത്തിലൂന്നി ജീവിക്കാന്‍ ആവശ്യമായ മുഴുവന്‍ സഹായങ്ങളും ഭരണകൂടങ്ങള്‍ ചെയ്തുവരുന്ന രീതിയാണ് ലോകത്ത് മുഴുവന്‍ കണ്ടുവരുന്നത്.
അതിനാല്‍, ലക്ഷദീപിലെ എഴുപത്തിനായിരത്തോളം വരുന്ന ജനങ്ങളെ പ്രതിസന്ധിയിലാക്കുന്ന അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കണം. ജനങ്ങള്‍ക്ക് മേല്‍ പുതുതായി ചുമത്തപ്പെട്ട നിയമങ്ങള്‍ ഒഴിവാക്കണം. ലക്ഷദ്വീപിലെ ജനജീവിതം മുമ്പത്തെപ്പോലെ ഭീതിമുക്തമാക്കാന്‍ ആവശ്യമായ ഇടപെടലുകള്‍ അടിയന്തരമായി നടത്തണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here