ന്യൂഡൽഹി: ലക്ഷദ്വീപിലെ അഞ്ച് ദ്വീപുകളിലെ ടൂറിസം സാധ്യതാ പഠന റിപ്പോർട്ട് തയ്യാറാക്കിയതായി കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി ശ്രീ.അൽഫോൺസ് കണ്ണന്താനം പാർലമെന്റിൽ അറിയിച്ചു. നീതി ആയോഗ് തയ്യാറാക്കിയ പഠന റിപ്പോർട്ടിൽ അഞ്ച് ദ്വീപുകളിലെ ഹോട്ടൽ താമസ സൗകര്യം, യാത്രാ-ഇന്റർനെറ്റ് കണക്റ്റിവിറ്റി, മറ്റ് സൗകര്യങ്ങൾ എന്നിവ വിലയിരുത്തിയതായി കണ്ണന്താനം പറഞ്ഞു.
മിനിക്കോയ്, ബംഗാരം, തിന്നകര, ചെറിയം, സുഹലി എന്നീ അഞ്ച് ദ്വീപുകളിലെ ടൂറിസം സാധ്യതയാണ് നീതി ആയോഗ് പഠനവിധേയമാക്കിയത്.
ലക്ഷദ്വീപ്-ആന്തമാൻ നിക്കോബാർ ദ്വീപുകളിലെ പ്രത്യേകമായി തിരഞ്ഞെടുത്ത 26 ദ്വീപുകളിൽ സമ്പൂർണ്ണ വികസനം നടപ്പാക്കുന്നതിനായി നീതി ആയോഗിനെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. ഇതിൽപ്പെടുന്ന അഞ്ച് ദ്വീപുകളിലെ ടൂറിസം സാധ്യതാ പഠന റിപ്പോർട്ടാണ് ഇപ്പോൾ തയ്യാറായിരിക്കുന്നത്. ഈ ദ്വീപുകളിലെ വികസന പദ്ധതികൾ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനുമായി സഹകരിച്ച് നടപ്പിലാക്കും. ഈ ദ്വീപുകളിലെ ഹോട്ടൽ താമസ സൗകര്യം, യാത്രാ-ഡിജിറ്റൽ കണക്റ്റിവിറ്റികൾ, മറ്റ് വിനോദ സഞ്ചാര സൗകര്യങ്ങൾ എന്നിവ ദ്വീപുകളിലെ പരമാവധി പ്രാപ്തി കൂടി പരിഗണിച്ച് നടപ്പിലാക്കും.

കൂടാതെ മിനിക്കോയ് ദ്വീപിൽ ഇന്ത്യൻ എയർ ഫോഴ്സിന്റെ ഒരു വിമാനത്താവളം നിർമ്മിക്കുന്നതിന് വ്യോമയാന മന്ത്രാലയം അംഗീകാരം നൽകിയിട്ടുണ്ട്. ഈ വിമാനത്താവളം സൈനികേതര ആവശ്യങ്ങൾക്ക് കൂടി തുറന്നുകൊടുക്കുമെന്ന് കണ്ണന്താനം അറിയിച്ചു.

ഓരോ വർഷവും ദ്വീപിലേക്കുള്ള വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വലിയ കുറവാണ് കണ്ടുവരുന്നത്. 2015-16 സീസണിൽ 17,241 സ്വദേശീയരായ ടൂറിസ്റ്റുകളും 1173 വിദേശികളും ലക്ഷദ്വീപ് സന്ദർശിച്ചു. 2016-17 സീസണിൽ ഇത് 8217 സ്വദേശികളും 753 വിദേശികളുമായി കുറഞ്ഞു. 2017-18 സീസണിൽ 6620 സ്വദേശികളും 1027 വിദേശികളും എന്ന നിരക്കിലാണ്. ആഗസ്റ്റ് അവസാന വാരം മുതൽ അടുത്ത ടൂറിസം സീസണ് തുടക്കമാവുകയാണ്. അതിനുമുൻപ് തന്നെ തിരഞ്ഞെടുക്കപ്പെട്ട ദ്വീപുകളിലെ അടിസ്ഥാന സൗകര്യ വികസനം പൂർത്തിയാക്കാനുള്ള ശ്രമങ്ങളാണ് സർക്കാർ തലത്തിൽ പുരോഗമിക്കുന്നത്
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക