പ്രതിപക്ഷ പാർട്ടികളെ കൂടെ നിർത്താൻ ഡൽഹിയിൽ കോൺഗ്രസ് യോഗം വിളിച്ചു.

0
756

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ പ്രാദേശിക സഖ്യങ്ങള്‍ രൂപവത്കരിക്കുന്നത് സംബന്ധിച്ച കോണ്‍ഗ്രസിന്റെ ഉന്നതതല യോഗം ഡല്‍ഹിയില്‍ ചേര്‍ന്നു. 10 സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസുമായി സഖ്യത്തില്‍ ഏര്‍പ്പെടുമെന്ന് ഉറപ്പുള്ള പാര്‍ട്ടികളുടെ പ്രതിനിധികളുമായാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം കൂടിക്കാഴ്ച നടത്തിയത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, അഹമ്മദ് പട്ടേല്‍, അശോക് ഗെലോട്ട് എന്നിവരുടെ നേതൃത്വത്തിലാണ് യോഗം.
അതേസമയം, സ്വന്തം മണ്ഡലമായ അമേഠിയിലുള്ള കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി യോഗത്തിന് എത്തിയില്ല. ബിഹാര്‍, ഉത്തര്‍ പ്രദേശ്, കര്‍ണാടക, മഹാരാഷ്ട്ര, അസം, പശ്ചിമ ബംഗാള്‍, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ പ്രതിനിധികളെയാണ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരിക്കുന്നതെന്ന് സീ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

രണ്ട് ഘട്ടങ്ങളായാണ് ഒരുദിവസം നീളുന്ന യോഗം. പത്ത് സംസ്ഥാനങ്ങളില്‍ സാധ്യമായ സഖ്യങ്ങളെക്കുറിച്ചുള്ള ആശയങ്ങള്‍ രൂപവത്കരിക്കുകയാണ് യോഗത്തിന്റെ ലക്ഷ്യം. അഞ്ച് സംസ്ഥാനങ്ങളിലെ നേതാക്കള്‍ രാവിലെയും ബാക്കിയുള്ളവര്‍ വൈകിട്ട് അഞ്ചിന് ശേഷവും യോഗത്തില്‍ പങ്കെടുക്കും.
ഒരോ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള പ്രതിനിധികള്‍ക്ക് 30 മിനിറ്റാണ് കാര്യങ്ങള്‍ വിശദീകരിക്കാന്‍ സമയം നല്‍കിയിരിക്കുന്നത്. പ്രാദേശിക പാര്‍ട്ടികളോട് സഖ്യത്തേക്കുറിച്ചുള്ള തങ്ങളുടെ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കാനും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ചൊവ്വാഴ്ച ഛത്തിസ്ഗഡില്‍ കോണ്‍ഗ്രസ് നേതൃത്വത്തെ ഞെട്ടിച്ച് മായാവതി സ്വന്തം സഖ്യം പ്രഖ്യാപിച്ചിരുന്നു. അജിത് ജോഗിയുടെ ജനതാ കോണ്‍ഗ്രസുമായാണ് മായാവതിയുടെ ബിഎസ്പി സഖ്യത്തിലേര്‍പ്പെട്ടത്. ഈ സാഹചര്യത്തിലാണ് അടിയന്തര യോഗം വിളിച്ചുചേര്‍ത്തതെന്നാണ് വിവരം. മധ്യപ്രദേശിലും മായാവതി പ്രതിപക്ഷ സഖ്യത്തിനോട് താത്പര്യം പ്രകടിപ്പിക്കാതെ സ്വന്തം നിലയ്ക്ക് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തില്‍ പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിച്ചുപോകുന്നത് തടയാനാണ് നീക്കം.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here