ക്രിമിനല്‍ കേസ് അയോഗ്യതയല്ല; തിരഞ്ഞെടുപ്പില്‍ വിലക്കാതെ സുപ്രീംകോടതി, ഹര്‍ജികള്‍ തള്ളി

0
713
www.dweepmalayali.com

ക്രിമിനല്‍ കേസ് അയോഗ്യതയല്ലെന്ന് സുപ്രീം കോടതി

www.dweepmalayali.com

ദില്ലി: ക്രിമിനല്‍ കേസില്‍ പ്രതിയായ വ്യക്തിയെ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍ നിന്ന് അയോഗ്യനാക്കാന്‍ സാധിക്കില്ലെന്ന് സുപ്രീംകോടതി വിധി. ഇക്കാര്യം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് തള്ളി.

എന്നാല്‍ ഗുരുതരമായ ക്രമിനല്‍ കേസില്‍ പെട്ടവരെ തിരഞ്ഞെടുപ്പില്‍ വിലക്കുന്ന നിയമം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി നിര്‍ദേശിച്ചു. നിയമനിര്‍മാണ സഭയുടെ പരിധിയിലേക്ക് കടക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.
സ്ഥാനാര്‍ഥികള്‍ മല്‍സരിക്കുന്ന വേളയില്‍ അവരുമായി ബന്ധപ്പെട്ട ക്രിമിനല്‍ കേസുകളുടെ വിവരങ്ങള്‍ സംബന്ധിച്ച സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. രാഷ്ട്രീയത്തെ അഴിമതിയിലും കുറ്റകൃത്യത്തിലും കലര്‍ത്തുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്ന് കോടതി നിരീക്ഷിച്ചു.
ഇക്കാര്യത്തില്‍ പാര്‍ലമെന്റിനാണ് നടപടി സ്വീകരിക്കാന്‍ കഴിയുക. ഗുരുതരമായ കേസില്‍പ്പെട്ടവരെ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍ നിന്ന് വിലക്കേര്‍പ്പെടുത്തുന്ന നിയമം പാര്‍ലമെന്റ് കൊണ്ടുവരണം. സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും ക്രമിനില്‍ കേസുകള്‍ സംബന്ധിച്ച് മാധ്യമങ്ങളില്‍ പരസ്യപ്പെടുത്തണം. നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിന് ശേഷം ഇക്കാര്യം ചെയ്യണം. രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ വെബ് സൈറ്റുകളിലും സ്ഥാനാര്‍ഥികള്‍ ഉള്‍പ്പെട്ട കേസുകള്‍ വിശദമാക്കണം. ബാക്കി കാര്യം വോട്ടര്‍മാര്‍ തീരുമാനിക്കട്ടെ എന്നും കോടതി വ്യക്തമാക്കി.
നിലവിലെ ജനപ്രാതിനിധ്യ നിയമ പ്രകാരം ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ട വ്യക്തികള്‍ക്ക് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ സാധിക്കില്ല. എന്നാല്‍ കേസില്‍ പ്രതിയായവരെ കൂടി വിലക്കണമെന്നാവശ്യപ്പെട്ടാണ് നിരവധി ഹര്‍ജികള്‍ സമര്‍പ്പിച്ചിരുന്നത്. ഇതാണ് കോടതി തള്ളിയത്.
ക്രമിനില്‍ കേസില്‍പ്പെട്ടവരെ മല്‍സരിപ്പിക്കരുതെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ തീരുമാനമെടുക്കണമെന്നും കോടതി വിലയിരുത്തി. രാജ്യത്തെ എംപി, എംഎല്‍എമാരില്‍ 1765 പേര്‍ ക്രിമിനല്‍ കേസ് നേരിടുന്നുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വിശദമാക്കിയിരുന്നു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here