ദേശീയ പതാക ഉയര്‍ത്തി; വൃക്ഷത്തൈകള്‍ നട്ടു: അയോധ്യയില്‍ പള്ളി നിര്‍മ്മാണത്തിന് ഔദ്യോഗിക തുടക്കം

0
429

ലക്നൗ: അയോധ്യയിലെ പള്ളിസമുച്ചയ നിര്‍മ്മാണത്തിന്‍റെ പ്രാംരംഭഘട്ടങ്ങള്‍ക്ക് ഔദ്യോഗിക തുടക്കമായി. രാജ്യം 72-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന വേളയില്‍ പള്ളി നിര്‍മ്മാണ സ്ഥലത്ത് ദേശീയ പതാക ഉയര്‍ത്തിക്കൊണ്ടാണ് തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് ഔദ്യോഗിക തുടക്കമിട്ടത്. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ അയോധ്യയിലെ ധന്നിപ്പുരില്‍ അനുവദിച്ച അഞ്ചേക്കര്‍ ഭൂമിയിലാണ് ഒരുങ്ങുന്നത്. രാമക്ഷേത്രം ഉയരുന്ന രാമജന്മ ഭൂമിയില്‍ നിന്നും 25 കിലോമീറ്റര്‍ മാറിയാണ് ഈ പ്രദേശം.

– കോടതി ഉത്തരവ് അനുസരിച്ച്‌ സര്‍ക്കാര്‍ വിട്ടുനല്‍കിയ ഭൂമിയില്‍ മസ്ജിദ് നിര്‍മ്മാണത്തിനായി കേന്ദ്ര സുന്നി വഖഫ് ബോര്‍ഡ് ഇന്ത്യ ഇസ്ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (IICF) എന്ന പേരില്‍ ട്രസ്റ്റ് രൂപീകരിച്ചിരുന്നു. ഇവരുടെ മേല്‍നോട്ടത്തിലാണ് നിര്‍മ്മാണ നടപടികള്‍. രാവിലെ എട്ടേമുക്കാലോടെ IICF ചീഫാണ് സ്ഥലത്ത് ത്രിവര്‍ണപതാക ഉയര്‍ത്തിയത്. ഇതിനു ശേഷം ട്രസ്റ്റിലെ എല്ലാം അംഗങ്ങളും ഓരോ വൃക്ഷത്തൈ നട്ടുപിടിപ്പിച്ചു. ഇതോടെ അയോധ്യയിലെ പള്ളി നിര്‍മ്മാണത്തിന് ഔദ്യോഗികമായി തുടക്കം കുറിക്കുകയാണെന്നും അറിയിച്ചു.

‘നിര്‍മ്മാണ സ്ഥലത്തെ മണ്ണ് പരിശോധന ആരംഭിച്ചിട്ടുണ്ട്. അതായത് പള്ളി നിര്‍മ്മാണത്തിനായുള്ള സാങ്കേതിക നടപടികള്‍ക്ക് തുടക്കം കുറിച്ചു എന്ന് വേണമെങ്കില്‍ പറയാം. മണ്ണ് പരിശോധനഫലം വന്നശേഷം ഞങ്ങളുടെ രൂപരേഖകള്‍ക്ക് അംഗീകാരം കൂടി ലഭിച്ചാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ഇതിനായി ധനസമാഹരണം ആരംഭിച്ചിട്ടുണ്ട്. ആളുകള്‍ സംഭാവനയും നല്‍കിത്തുടങ്ങി’. IICF അധ്യക്ഷന്‍റെ വാക്കുകളെ ഉദ്ധരിച്ച്‌ എന്‍ഡിറ്റിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ മാസമാണ് അയോധ്യയില്‍ ഉയരാന്‍ പോകുന്ന പുതിയ പള്ളിയുടെ രൂപരേഖ ട്രസ്റ്റ് പുറത്തുവിട്ടത്. ജാമിയ മിലിയ സ്കൂള്‍ ഓഫ് ആര്‍ക്കിടെക്ച്ചറിലെ ഡീന്‍ സയ്യിദ് മുഹമ്മദ് അക്തറാണ് രൂപരേഖ പ്രദര്‍ശിപ്പിച്ചത്. ആശുപത്രി, സമൂഹ അടക്കള, ലൈബ്രറി, മ്യൂസിയം എന്നിവ ഉള്‍പ്പെടുന്നതാണ് മസ്ജിദ് സമുച്ചയം. ‘ആധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയാണ് മസ്ജിദിന്‍റെ രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്. പരമ്ബരാഗത രീതികളില്‍ നിന്നും വ്യത്യസ്തമായി താഴികക്കുടം ഇല്ലാതെയാകും മസ്ജിദ് നിര്‍മ്മാണം. അണ്ഡാകൃതിയിലുള്ള രണ്ട് നില കെട്ടിടത്തില്‍ മിനാരങ്ങളും ഉണ്ടാകില്ല. സൗരോര്‍ജ്ജം ഉപയോഗപ്പെടുത്താനുള്ള സൗകര്യമുള്ള പള്ളിയില്‍ ഒരേസമയം രണ്ടായിരം പേര്‍ക്ക് നമസ്കരിക്കാനുള്ള സൗകര്യം ഉണ്ടാകും’. എന്നാണ് അക്തര്‍ അറിയിച്ചത്.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here