ചെത്ത്ലാത്ത്: ലക്ഷദ്വീപിലെ ചെത്ത്ലാത്ത് വില്ലേജ് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിലുള്ള വിദ്യാഭ്യാസ ശാക്തീകരണ സംരംഭമായ ‘ദിശ’ പദ്ധതിയുടെ ഭാഗമായി ചെത്ത്ലാത്ത് ദ്വീപിലെ മുഴുവൻ മദ്രസ്സാ വിദ്യാർത്ഥികൾക്കും മുഅല്ലിമീങ്ങൾക്കുമുള്ള ബാഗ് വിതരണത്തിന്റെ ഉത്ഘാടനം ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസർ ശ്രീ.ടി.കാസിം നിർവഹിച്ചു. പഞ്ചായത്ത് അധ്യക്ഷ ശ്രീമതി റസീനാ അധ്യക്ഷത വഹിച്ചു.
ലക്ഷദ്വീപിൽ ആദ്യമായിട്ടാണ്
മത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഇത്തരമൊരു പ്രോത്സാഹനവുമായി ഒരു വില്ലേജ് ദ്വീപ് പഞ്ചായത്ത് കൈത്താങ്ങ് നൽകുന്നത്. മദ്രസയിൽ പഠിക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും ബാഗ് നൽകുന്നതിന് പുറമെ ഉസ്താദുമാർക്കും അവർക്ക് അനുയോജ്യമായ ഹാൻഡ് ബാഗ് സമ്മാനിച്ചിരിക്കുകയാണ് ഈ പദ്ധതിയിലൂടെ.
അധ്യാപക ഒഴിവുകൾ സമയാസമയങ്ങളിൽ നികത്തുക, സ്കൂൾ, നഴ്സറി ക്ലാസ്സുകൾ മോഡിപിടിപ്പിക്കുക, ശിശു സൗഹൃദ ഫർണീച്ചറുകൾ ലഭ്യമാക്കുക എന്നീ പ്രവർത്തനങ്ങൾ നിലവിൽ പൂർത്തിയാക്കിയതിന്ന് പുറമെയാണ്
മത ഭൗതീക വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ പ്രോത്സാഹനങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെ മദ്രസ്സാ വിദ്യാർത്ഥികൾക്കും മുഅല്ലിമീങ്ങൾക്കും ബാഗുകൾ സമ്മാനിച്ചത്.
വ്യത്യസ്തമായ പദ്ധതികൾ അവതരിപ്പിച്ച് നേരത്തെയും ചെത്തലാത്ത് ദ്വീപ് ശ്രദ്ധേയമായിരുന്നു. ചെത്തലാത്ത് ദ്വീപിൽ കപ്പൽ എത്തുന്ന ദിവസങ്ങളിൽ ഭക്ഷണ കിറ്റുകൾ വിതരണം, ഫുട്ബോൾ ടർഫ്, സൗജന്യ വൈഫൈ സൗകര്യം, അച്ചാർ-കടി വിൽപ്പന കേന്ദ്രം തുടങ്ങി പദ്ധതികൾ അവതരിപ്പിച്ച് ചെത്തലാത്ത് പഞ്ചായത്ത് ഏവരുടെയും പ്രശംസ പിടിച്ചു പറ്റിയിരുന്നു.
മികച്ച പഞ്ചായത്തുകൾക്കുള്ള കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയം നൽകുന്ന ദേശീയ പഞ്ചായത്ത് പുരസ്കാരത്തിനും ലക്ഷദ്വീപ് തലത്തിൽ
മികച്ച ശുചിത്വ പഞ്ചായത്തിനുള്ള പുരസ്കാരവും ചെത്ത്ലാത്ത് പഞ്ചായത്തിന് ലഭിച്ചിട്ടുണ്ട്. അവാർഡ് തുക ഉപയോഗിച്ചാണ് ആരോഗ്യ വിദ്യാഭ്യാസ മേഖലകളിൽ സമാനമായ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.
ചടങ്ങിൽ പഞ്ചായത്ത് വൈസ് ചെയർപേഴ്സൻ എം.അലി അക്ബർ, അംഗങ്ങളായ മുഹമ്മദ് ജലാലുദ്ധീൻ, റഹ്മത്തുന്നിസ, ഫാത്തിമത്തുൽ ബുഷ്റ, എക്സികയുട്ടീവ് ഓഫീസർ ഇയ്യാസ്. കെ.കെ, മെഡിക്കൽ ഓഫീസർ ഡോ.ദിൽഷാദ്, പൊതുമരാമത്ത് അസിസ്റ്റന്റ് എൻജിനീയർ അബ്ദുൽ കലാം, പോർട്ട് അസിസ്റ്റന്റ് മുഹമ്മദ് ഷാഫി എന്നിവർ വിദ്യാർത്ഥികൾക്ക് ബാഗുകൾ വിതരണം ചെയ്തു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക