ന്യൂഡൽഹി: ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾക്കൊപ്പം ഘടിപ്പിച്ചിട്ടുള്ള വിവിപാറ്റ് മെഷീനിലെ സ്ലിപ്പുകൾ എണ്ണി ഒത്തുനോക്കുന്നത് എന്ത് കൊണ്ട് വർധിപ്പിക്കാനാകില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി. മൂന്ന് ദിവസത്തിനകം ഇക്കാര്യത്തിൽ സത്യവാങ്മൂലം നൽകണമെന്ന് കോടതി ആവശ്യപ്പെട്ടു. വോട്ടിങ് മെഷീനിലെ വോട്ടുകൾക്കൊപ്പം വിവിപാറ്റിലെ 50 ശതമാനം വോട്ടുകളും എണ്ണണമെന്ന് ആവശ്യപ്പെട്ട് 21 പ്രതിപക്ഷ പാർട്ടികൾ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.
എണ്ണുന്ന വിവിപാറ്റ് സ്ലിപ്പുകളുടെ എണ്ണം വർധിപ്പിക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു. നിങ്ങളുടെ സ്വന്തം തീരുമാനമനുസരിച്ചാണ് ഇപ്പോൾ എണ്ണുന്നത്. ഇത് വർധിപ്പിക്കണം.
ഓരോ അസംബ്ലി മണ്ഡലത്തിലെയും ഒരു വിവിപാറ്റ് മെഷിനിലെ സ്ലിപ്പുകൾ എണ്ണുന്നുണ്ട്. തിരഞ്ഞെടുപ്പ് സംവിധാനം നന്നായി പ്രവർത്തിക്കുന്നെന്ന് വിശ്വസിക്കുന്നതിനുള്ള കാരണങ്ങൾ ഞങ്ങളുടെ പക്കലുണ്ട്. ഇനിയും അത് മെച്ചപ്പെടുത്തുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയിൽ പറഞ്ഞു.
ജുഡീഷ്യറി ഉൾപ്പടെ ഒരു സ്ഥാപനവും നിർദേശങ്ങളിൽ നിന്ന് അകന്ന് നിൽക്കേണ്ടതില്ലെന്ന് ഇതിന് മറുപടിയായി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് വ്യക്തമാക്കി. നിങ്ങൾക്ക് അത്ര ആത്മവിശ്വാസമുണ്ടെങ്കിൽ എന്തിനാണ് വിവിപാറ്റ് സംവിധാനം കൊണ്ടുവന്നത്, നിങ്ങൾ വിവിപാറ്റ് കൊണ്ടുവന്നതിനെ ആരെങ്കിലും എതിർത്തിട്ടുണ്ടോയെന്നും കോടതി കമ്മീഷനോട് ചോദിച്ചു.
ഏപ്രിൽ ഒന്നിന് കേസിൽ വാദം കേൾക്കുന്ന സന്ദർഭത്തിൽ കോടതിയെ സഹായിക്കാൻ ഒരു മുതിർന്ന ഓഫീസറെ ഹാജരാക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക