ന്യൂഡൽഹി: എം പി സ്ഥാനം പുഃനസ്ഥാപിക്കാത്തതിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് ലക്ഷദ്വീപ് മുൻ എം പി മുഹമ്മദ് ഫൈസൽ. ലോക്സഭാ സെക്രട്ടറിയേറ്റിനെ എതിർകക്ഷിയാക്കി കോടതിയലക്ഷ്യ ഹർജിയാണ് മുഹമ്മദ് ഫൈസൽ സമർപ്പിച്ചിരിക്കുന്നത്. അയോഗ്യത നീങ്ങിയിട്ടും എം പി സ്ഥാനം പുനഃസ്ഥാപിച്ചില്ലെന്ന് മുഹമ്മദ് ഫൈസലിന്റെ ഹർജിയിൽ പറയുന്നു. ഇത് മൂലം രണ്ട് പ്രധാനപ്പെട്ട ലോക്സഭ സെക്ഷനുകൾ നഷ്ടമായെന്നും ഹർജിയിൽ പറയുന്നു.
മുഹമ്മദ് ഫൈസലിന് വേണ്ടി അഭിഭാഷകൻ കെ ആർ ശശി പ്രഭുവാണ് ഹർജി ഫയൽ ചെയ്തത്. തിങ്കളാഴ്ച്ച ഹർജി ചീഫ് ജസ്റ്റിസിന് മുന്നിൽ അഭിഭാഷകൻ മനു അഭിഷേക് സിംഗ് വി പരാമർശിക്കും.
വധശ്രമക്കേസിൽ മുഹമ്മദ് ഫൈസൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ വിധി ഹൈക്കോടതി മരവിപ്പിച്ചിരുന്നു. 2009ൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘർഷത്തിനിടെ കോൺഗ്രസ് പ്രവർത്തകനായ മുഹമ്മദ് സാഹിലിനെ ആക്രമിച്ച കേസിലാണ് മുഹമ്മദ് ഫൈസൽ അടക്കം നാല് പേരെ 10 വർഷം തടവിന് വിധിച്ചത്. ഫൈസലിനെ എം പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയതിനു പിന്നാലെ ലക്ഷദ്വീപിൽ ഉപതെരഞ്ഞെടുപ്പും പ്രഖ്യാപിച്ചിരുന്നു.
ഇതിനെതിരെ മുഹമ്മദ് ഫൈസൽ സുപ്രീം കോടതിയെ സമീപിച്ചു. ഇതിനിടെയാണ് എം പിയെ കുറ്റക്കാരനെന്ന് കണ്ടെത്തിയ സെഷൻസ് കോടതി വിധിയും 10 വർഷം തടവുശിക്ഷയും സ്‌റ്റേ ചെയ്ത് കേരള ഹൈക്കോടതി ഉത്തരവിട്ടത്. പിന്നാലെയാണ് പ്രഖ്യാപിച്ച ഉപതെരഞ്ഞെടുപ്പ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ മരവിപ്പിച്ചത്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക