ന്യൂഡൽഹി: ലക്ഷദ്വീപിൽ സ്വകാര്യ പങ്കാളിത്തത്തോടെ ഇക്കോ ടൂറിസം പദ്ധതിക്ക് കേന്ദ്രസർക്കാർ അംഗീകാരം നൽകി. ഇതിനായി മിനിക്കോയ് ദ്വീപിൽ സ്വകാര്യമേഖലയ്ക്ക് 15 ഹെക്ടറോളം 75 വർഷത്തേക്ക് വിട്ടുകൊടുക്കും. കടലോരത്ത് വില്ലകൾ നിർമിക്കാൻ 8.53 ഹെക്ടറും വാട്ടർവില്ലകൾക്കായി ആറ് ഹെക്ടറുമാണ് നൽകുക. 319 കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കുക. രണ്ട് വർഷംമുമ്പ് വിഭാവനംചെയ്ത പദ്ധതിയിൽ സ്വകാര്യമേഖലയ്ക്ക് ഒട്ടേറെ ഇളവുകൾ നൽകിയാണ് ധനമന്ത്രാലയത്തിലെ സാമ്പത്തികകാര്യ സമിതി പുതിയ പദ്ധതി അംഗീകരിച്ചത്. പദ്ധതിയിൽ ദ്വീപ്വാസികൾക്ക് നിശ്ചിതശതമാനം തൊഴിൽ സംവരണം ചെയ്യണമെന്ന് മുമ്പ് നിർദേശിച്ചിരുന്നു. ഈ വ്യവസ്ഥ നീക്കംചെയ്തു. വർഷംതോറും ലൈസൻസ് ഫീസിൽ 10 ശതമാനം വർധനയെന്നത് അഞ്ച് ശതമാനമായി കുറച്ചു. പരിസ്ഥിതി സൗഹൃദ റിസോർട്ടുകൾ നിർമിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് കേന്ദ്രസർക്കാർ അവകാശപ്പെടുന്നു. ലക്ഷദ്വീപ് അതോറിറ്റി മുന്നോട്ടുവച്ച പദ്ധതിനിർദേശം ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതിയോടെയാണ് ധനമന്ത്രാലയത്തിൽ എത്തിയത്. ലക്ഷദ്വീപിലെ വിവാദപരിഷ്കാരങ്ങളുടെ ലക്ഷ്യം വ്യക്തമാക്കുന്നതാണ് പുതിയ പദ്ധതി. തീരത്തുനിന്ന് മത്സ്യത്തൊഴിലാളികളെ ഒഴിപ്പിക്കുന്നത് സ്വകാര്യടൂറിസം പദ്ധതിക്കുവേണ്ടിയാണെന്ന് നേരത്തേ ആരോപണം ഉയർന്നിരുന്നു.

മത്സ്യബന്ധന ഷെഡുകൾ പൊളിക്കാൻ വീണ്ടും നോട്ടീസ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ രണ്ട് വിവാദ ഉത്തരവുകൾ ഹൈക്കോടതി റദ്ദാക്കിയതിനു പിന്നാലെ വീണ്ടും പൊളിക്കൽ ഉത്തരവുമായി റവന്യൂ വിഭാഗം. ചെറിയം ദ്വീപിൽ മത്സ്യത്തൊഴിലാളികൾ കെട്ടിയ ഷെഡുകൾ ഏഴു ദിവസത്തിനകം പൊളിച്ചുനീക്കണമെന്നാണ് പുതിയ ഉത്തരവ്. അല്ലാത്തപക്ഷം ഷെഡുകൾ റവന്യൂ വിഭാഗം പൊളിച്ചുനീക്കുമെന്നും ചെലവ് ഷെഡുകൾ സ്ഥാപിച്ചവരിൽനിന്ന് ഈടാക്കുമെന്നും ഉത്തരവിൽ പറയുന്നു. നേരത്തേ മറ്റു ദ്വീപുകളിൽ മത്സ്യത്തൊഴിലാളികൾ സ്ഥാപിച്ചിരുന്ന ഷെഡുകൾ അഡ്മിനിസ്ട്രേഷൻ പൊളിച്ചുനീക്കിയിരുന്നു. ടൂറിസം വികസനത്തിന്റെയും തീവ്രവാദ വിരുദ്ധ നടപടികളുടെയും പേരുപറഞ്ഞാണ് നടപടി. ഡെയ്റി ഫാമുകൾ അടച്ചുപൂട്ടാനും സ്കൂൾ ഉച്ചഭക്ഷണത്തിൽനിന്ന് ചിക്കനും ബീഫും ഒഴിവാക്കണമെന്നുമുള്ള അഡ്മിനിസ്ട്രേറ്ററുടെ ഉത്തരവുകൾ കഴിഞ്ഞ ദിവസം ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. വികസനപ്രവർത്തനങ്ങളുടെ മറവിൽ ദ്വീപുവാസികളുടെ ഭൂമി നിർബന്ധപൂർവം പിടിച്ചെടുക്കാനും നീക്കമുണ്ടായി. പ്രതിഷേധം ശക്തമായപ്പോൾ ഈ നീക്കത്തിൽനിന്ന് തൽക്കാലം പിൻമാറി.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക