ആന്ത്രോത്ത്: ഡോക്ടർമാർ ഇല്ലാത്തതിൽ പ്രതിഷേധിച്ച് ആന്ത്രോത്ത് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ചെയർപേഴ്സൺന്റെ നേതൃത്വത്തിൽ പഞ്ചായത്ത് അംഗങ്ങൾ ധർണ്ണയിരുന്നു. ആന്ത്രോത്ത് വില്ലേജ് ദ്വീപ് പഞ്ചായത്ത് ചെയർപേഴ്സൺ ശ്രീമതി.തസ്ലീന ബീഗം ഉദ്ഘാടനം ചെയ്തു.
ആറ് ഡോക്ടർമാർ ഉണ്ടായിരുന്ന ആന്ത്രോത്ത് സി.എച്ച്.സിയിൽ നിലവിൽ വെറും മൂന്ന് ഡോക്ടർമാരാണ് സേവനമനുഷ്ഠിക്കുന്നത്. ഇവരിൽ രണ്ട് പേർ വനിതകളാണ്. മൂന്നു മണി വരെ നീളുന്ന ഒ.പി കഴിഞ്ഞ് ഇറങ്ങുന്ന ഇവർ തന്നെയാണ് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കുന്ന രോഗികളെയും ചികിത്സിക്കേണ്ടത്. തുടർന്ന് ഇവർ തന്നെ രാത്രിയും ഡ്യൂട്ടി എടുക്കുന്നു. ഡ്യൂട്ടി സമയത്തിന് ശേഷം ദിവസവും ശരാശരി അൻപതിലധികം രോഗികൾ അത്യാഹിത വിഭാഗത്തിൽ ചികിത്സയ്ക്കായി എത്തുന്നുണ്ട്. ശരാശരി ഓരോ വർഷവും ഇരുനൂറ്റിയമ്പതോളം സ്വാഭാവിക പ്രസവങ്ങൾ ആന്ത്രോത്ത് സി.എച്ച്.സിയിൽ നടക്കുന്നുണ്ട്. ഇത് നേരിടാൻ ആവശ്യമായ മതിതായ ജീവനക്കാർ ഇവിടെ ഇല്ല എന്ന് അധികൃതർ അറിയിച്ചു.

ഈ സാഹചര്യങ്ങൾ നിലനിൽക്കെ നിലവിലുണ്ടായിരുന്ന രണ്ട് സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ ലീവിൽ പോവുകയും, ഒരു മുന്നറിയിപ്പുമില്ലാതെ കവരത്തിയിൽ ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. ഇതിനെതിരെയാണ് ആന്ത്രോത്ത് പഞ്ചായത്തിലെ മുഴുവൻ അംഗങ്ങളും രാഷ്ട്രീയ ഭേദമെന്യേ രംഗത്തെത്തിയത്. പന്ത്രണ്ടായിരത്തിലധികം സ്ഥിര താമസക്കാരുള്ള ആന്ത്രോത്ത് ദ്വീപിനെ ആരോഗ്യ വകുപ്പ് വളരെ ലാഘവത്തോടെ സ്ഥിരമായി അവഗണിക്കുന്നത് തികച്ചും പ്രതിഷേധാർഹമാണെന്ന് ധർണ്ണയെ അഭിസംബോധന ചെയ്ത വൈസ് ചെയർപേഴ്സൺ ശ്രീ.എച്ച്.കെ മുഹമ്മദ് റഫീഖ് പറഞ്ഞു. പ്രശ്നത്തിന് എത്രയും പെട്ടെന്ന് പരിഹാരം ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധ സമരങ്ങളിലേക്ക് നീങ്ങുമെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി. പ്രതിപക്ഷത്ത് നിന്നും ഏഴാം വാർഡ് മെമ്പർ ശ്രീ. അൻവർ ഹുസൈൻ എ.ബി സംസാരിച്ചു. പഞ്ചായത്ത് അംഗങ്ങൾക്ക് പുറമെ മുതിർന്ന നേതാക്കൾ, രാഷ്ട്രീയ-സാമൂഹിക പ്രവർത്തകർ പങ്കെടുത്തു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക