കൊല്ലം: കൊളംബോ-കൊല്ലം കപ്പൽ സർവീസ് സാധ്യതകളിലേക്ക് ഒരുപടികൂടി അടുത്തു. കൊല്ലത്തേക്ക് കപ്പൽ സർവീസിന് സന്നദ്ധതയറിയിച്ച് മുന്നോട്ടുവന്ന എക്സ്പ്രസ് ഫീഡേഴ്‌സ്‍ സീനിയർ ഡയറക്ടർ നെൽസൻ സെക്കേറയുമായി മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ആശ്രാമം ഗവ. ഗസ്റ്റ് ഹൗസിൽ ചർച്ചനടത്തി.
മൂന്നുമാസത്തിനുള്ളിൽ പദ്ധതി യാഥാർഥ്യമാക്കാനാണ് ശ്രമിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. എമിഗ്രേഷൻ ക്ലിയറൻസിനുള്ള കാലതാമസം ഒഴിവാക്കിയാൽ സർവീസ് തുടങ്ങാനാകുമെന്ന് സെക്കേറ വ്യക്തമാക്കി. എമിഗ്രേഷൻ നടപടികൾ വേഗത്തിലാക്കാൻ പ്രത്യേകം ഉദ്യോഗസ്ഥനെ നിയോഗിക്കുന്നത് പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു. കൊല്ലം തുറമുഖത്തിന്റെ സവിശേഷതകളും സാധ്യതകളും വിശദമാക്കുന്ന വീഡിയോ പ്രദർശനവുമുണ്ടായിരുന്നു. സ്വന്തമായി നൂറോളം കണ്ടെയ്നർ കപ്പലുകളുള്ള കമ്പനിയാണ് എക്സ്പ്രസ് ഫീഡേഴ്‌സ്.
നിലവിൽ ആഫ്രിക്കയിൽനിന്ന് കൊളംബോ വഴി കൊല്ലത്തേക്കുള്ള കശുവണ്ടിയടക്കം എത്തുന്നത് കൊച്ചി, മംഗലാപുരം തുറമുഖങ്ങളിലാണ്. കൊളംബോ-കൊല്ലം സർവീസ് യാഥാർഥ്യമായാൽ ചരക്ക് നേരേ കൊല്ലത്ത് എത്തിക്കാൻ കഴിയും. ഇങ്ങനെ ഒരു കണ്ടെയ്നറിൽനിന്നുമാത്രം പതിനായിരം രൂപയോളം ലാഭിക്കാം.
ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം തുടങ്ങിയ സമീപ ജില്ലകളിലേക്കുള്ള ചരക്കുകൾ കൊല്ലം തുറമുഖത്തെത്തിക്കാൻ കഴിഞ്ഞാൽ മറ്റ് തുറമുഖങ്ങളിലെത്തിച്ചാലുണ്ടാകുന്ന ഗതാഗതച്ചെലവ് പകുതിയായിവരെ കുറയ്ക്കാനാകും. മറ്റു തുറമുഖങ്ങളെ അപേക്ഷിച്ച് തുറമുഖനിരക്കും കൊല്ലത്ത് വളരെ കുറവാണ്. കൊച്ചിയിൽ ഒരു വിദേശ കണ്ടെയ്നറിന് 8,500 രൂപ ടി.എച്ച്.സി. (ടെർമിനൽ ഹാൻഡ്‌ലിങ് ചാർജ്) വരുന്ന സ്ഥാനത്ത് കൊല്ലത്ത് 3,500 രൂപ മാത്രമാണ് ചെലവ്.
മാരിടൈം ബോർഡ് അംഗങ്ങളായ മണിലാൽ, പ്രകാശ് അയ്യർ, പോർട്ട് ഓഫീസർ ക്യാപ്റ്റൻ എബ്രഹാം കുര്യാക്കോസ്, തുറമുഖവകുപ്പ് മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ജനാർദ്ദനൻ, പോർട്ട് ഓഫീസർ ഇൻ ചാർജ് ജിസ്‌മോൻ ജേക്കബ്, ഷിപ്പിങ് ഏജൻസി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
വരുന്നൂ കപ്പൽ ഭീമൻ
കൊല്ലം തുറമുഖത്തേക്ക് 160 മീറ്റർ വലിപ്പമുള്ള കൂറ്റൻ കപ്പൽ റെജീൻ എത്തും. വിഴിഞ്ഞം തുറമുഖത്തേക്ക് നിർമാണ പ്രവർത്തനങ്ങൾക്കാവശ്യമായ ഡ്രഡ്ജറുമായാണ് ഈ ജർമൻ കപ്പൽ എത്തുന്നത്. ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തുനിന്ന് നവംബർ ആദ്യ ആഴ്ചയോടെ കപ്പൽ കൊല്ലത്തെത്തുമെന്നാണ് കണക്കാക്കുന്നത്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക