കോഴിക്കോട്: ബേപ്പൂരില്‍ നിന്ന് ലക്ഷദ്വീപിലേക്ക് പോയ കപ്പലില്‍ സാങ്കേതിക തടസ്സം കാരണം കയറാന്‍ പറ്റാതിരുന്ന 50ഓളം ആളുകള്‍ ദുരിതത്തിലായി. ആശുപത്രി ആവശ്യത്തിന് വേണ്ടി കോഴിക്കോട് എത്തിയ സ്ത്രീകളും കുട്ടികളും അടക്കമുള്ളവരാണ് കുടുങ്ങിയത്. പേരിലെയും അഡ്രസിലെയും അക്ഷരതെറ്റുകള്‍ കാരണമാണ് ഇവരെ കപ്പലില്‍ കയറ്റാതിരുന്നത്. ഇനി നവംബര്‍ രണ്ടിനേ ബേപ്പൂരില്‍ നിന്ന് ലക്ഷദ്വീപിലേക്ക് കപ്പലുള്ളൂ.
ഇന്നലെ കപ്പലില്‍ കയറി നാളെ വീട്ടിലെത്താമെന്ന് വിചാരിച്ചാണ് ഇവരെല്ലാം ബേപ്പൂര്‍ പോര്‍ട്ടിലെത്തിയത്. ഉച്ചക്ക് 12.30ന് വന്ന കൈക്കുഞ്ഞുങ്ങളടക്കമുള്ള എല്ലാവരേയും മൂന്ന് മണി വരെ പോര്‍ട്ടില്‍ നിര്‍ത്തി. അവസാനമാണ് ടിക്കറ്റ് ബുക്ക് ചെയ്ത സമയത്ത് നല്‍കിയ പേരിലെയും തിരിച്ചറിയല്‍ കാര്‍ഡിലെ പേരിലേയും അക്ഷരതെറ്റുകള്‍ ചൂണ്ടിക്കാട്ടി കപ്പലില്‍ കയറ്റാതിരുന്നത്.

മുന്‍കൂട്ടി ബുക്ക് ചെയ്ത 20-ഓളം ആളുകള്‍ യാത്ര ചെയ്യാന്‍ ഇന്നലെ എത്തിയിരുന്നില്ല. ആ ഒഴിവില്‍ യാത്ര ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വെയിറ്റിംഗ് ലിസ്റ്റിലുള്ളവര്‍ പോര്‍ട്ടിലെത്തിയെങ്കിലും അവര്‍ക്കും യാത്രാ അനുമതി നല്‍കിയില്ല. സി.ഐ.എസ്.എഫ് സുരക്ഷാ ചുമതലയുള്ള കൊച്ചിയിൽ പോലും റിപ്പോർട്ടിംഗ് സമയം അവസാനിക്കുന്ന മുറക്ക് അതുവരെ എത്താത്ത യാത്രക്കാരുടെ ടിക്കറ്റുകൾ സ്വാഭാവികമായി ക്യാൻസലാവുകയും വൈറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകാർക്ക് യാത്ര ചെയ്യാൻ അവസരം ഒരുക്കുകയുമാണ് ചെയ്യുന്നത്. എന്നാൽ പൂർണ്ണമായി ദ്വീപുകാർ നിയന്ത്രിക്കുന്ന ബേപ്പൂരിൽ യാത്രക്കാരെ തടയുന്നത് തികച്ചും പ്രതിഷേധാർഹമാണ്. ഇനി രണ്ടാം തിയതിയേ ലക്ഷദ്വീപിലേക്ക് കപ്പലുള്ളൂ. അതിലും ടിക്കറ്റ് ബാക്കിയില്ല. കൊച്ചിയില്‍ നിന്ന് കപ്പല്‍ പോകുന്നുണ്ടങ്കിലും ടിക്കറ്റ് ഇല്ലാത്ത അവസ്ഥയുണ്ട്. രണ്ടാം തിയതി വരെ നില്‍ക്കാനുളള പണം കയ്യിലില്ലെന്ന ബുദ്ധിമുട്ടിലാണ് പലരും. ഇതുമായി ബന്ധപ്പെട്ട് മീഡിയ വൺ ചാനലിൽ വന്ന റിപ്പോർട്ട് കാണാം.
നേരത്തെ, ഒന്നിടവിട്ട ദിവസങ്ങളിൽ ആന്ത്രോത്ത്, കൽപ്പേനി ദ്വീപുകളിൽ നിന്നും ബേപ്പൂരിലേക്കും തിരിച്ചും സ്പീഡ് വെസ്സലുകൾ സർവ്വീസ് നടത്തിയിരുന്നു. എന്നാൽ, കഴിഞ്ഞ കുറേക്കാലമായി ഈ സർവ്വീസുകൾ നിർത്തിവെച്ചിരിക്കുകയാണ്. കപ്പൽ പ്രോഗ്രാമിങ്ങ് ചെയ്യുന്ന ട്രാൻസ്പോർട്ട് കമ്മിറ്റിയിൽ വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള പ്രതിനിധികൾ അംഗങ്ങളാണ്. കൊച്ചി, ബേപ്പൂർ തുറമുഖങ്ങളിലേക്ക് വെസ്സൽ സർവ്വീസ് പുനരാരംഭിക്കണമെന്ന ആവശ്യം ട്രാൻസ്പോർട്ട് കമ്മിറ്റിയുടെ മുന്നിൽ പലവട്ടം എത്തിയതാണ്. എന്നാൽ അനുകൂലമായ തീരുമാനം എടുക്കാത്തത് യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. ഇപ്പോൾ ബേപ്പൂരിൽ കുടുങ്ങി കിടക്കുന്ന യാത്രക്കാരെ നാട്ടിൽ എത്തിക്കുന്നതിനായി 28-ന് എച്.എസ്.സി ചെറിയപാനി ആന്ത്രോത്തിൽ നിന്നും ബേപ്പൂരിലേക്ക് സർവ്വീസ് നടത്തും. ഈ വെസ്സൽ 30-ന് തിരിച്ച് ആന്ത്രോത്ത് ദ്വീപിലേക്ക് സർവ്വീസ് നടത്തും. ഇപ്പോൾ ഇങ്ങനെ ഒരു അഡീഷണൽ പ്രോഗാം അനുവദിച്ചത് വളരെ ഉപകാരമാണെന്നും, വൻകരയിലേക്കുള്ള വെസ്സൽ സർവ്വീസുകൾ തുടർന്നും ഉണ്ടാവണമെന്നും യാത്രക്കാർ പ്രതികരിച്ചു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക