ന്യൂഡൽഹി: അയോഗ്യനാക്കപെട്ട ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ ശിക്ഷ മരവിപ്പിച്ചത് കണക്കിലെടുത്ത് ഉപതിരഞ്ഞെടുപ്പ് നടത്തണമോ എന്നതിൽ തീരുമാനമെടുക്കാൻ സുപ്രീം കോടതി നിർദേശം. കേന്ദ്ര തെതിരഞ്ഞെടുപ്പ് കമ്മീഷനാണ് നിർദേശം നൽകിയത്. ഫൈസൽ ശിക്ഷിക്കപ്പെട്ടതിന് തൊട്ടുപിന്നാലെ തന്നെ പാർലമെന്റ് അംഗത്വത്തിൽനിന്ന് അയോഗ്യനാക്കിയതിനെ സുപ്രീം കോടതി വിമർശിച്ചു.
ലക്ഷദ്വീപ് ലോക്സഭാ മണ്ഡലത്തിൽ ഫെബ്രുവരി 27-ന് ഉപതിരഞ്ഞെടുപ്പ് നടത്തുമെന്നായിരുന്നു കേന്ദ്ര തിരെഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ വധശ്രമകേസിൽ ഫൈസലിന്റെ ശിക്ഷ കേരള ഹൈക്കോടതി മരവിപ്പിച്ച സാഹചര്യത്തിൽ ഉപതിരെഞ്ഞെടുപ്പ് തടയണമെന്ന് അയോഗ്യനാക്കപ്പെട്ട എംപിക്കുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ കപിൽ സിബലും, കെ.ആർ ശശിപ്രഭും വാദിച്ചു. ശിക്ഷ മരവിപ്പിച്ച ഹൈക്കോടതി വിധിയുടെ പകർപ്പ് അഭിഭാഷകർ കോടതിക്ക് കൈമാറി.
എംപി അയോഗ്യനാക്കപ്പെട്ട സാഹചര്യത്തിൽ സീറ്റ് ഒഴിഞ്ഞ് കിടക്കുന്നുവെന്ന് ലോക്സഭാ സെക്രട്ടറിയേറ്റ് അറിയിച്ചതിനാലാണ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതെന്ന് കേന്ദ്ര തിരെഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ മനീന്ദർ സിംഗ് സുപ്രീം കോടതിയെ അറിയിച്ചു. ഹർജിയിൽ കേന്ദ്ര തിരെഞ്ഞെടുപ്പ് കമ്മീഷനെതിരെ നടത്തിയ കടുത്ത പരാമർശങ്ങൾ അനുചിതമാണെന്നും അദ്ദേഹം കോടതിയിൽ ചൂണ്ടിക്കാട്ടി.
അതേസമയം ശിക്ഷയ്ക്ക് എതിരെ അപ്പീൽ നൽകിയിട്ടുണ്ടോയെന്ന കാര്യം എന്തുകൊണ്ടാണ് അയോഗ്യത സംബന്ധിച്ച കാര്യത്തിൽ തീരുമാനം എടുക്കുന്നതിന് മുമ്പ് പരിശോധിക്കാത്തത് എന്ന് സുപ്രീം കോടതി ആരാഞ്ഞു. ഇന്റർനെറ്റ് യുഗത്തിൽ ഇക്കാര്യങ്ങൾ ഒക്കെ അറിയാൻ ബുദ്ധിമുട്ട് ആണോയെന്നും ബെഞ്ചിൽ അംഗമായ ജസ്റ്റിസ് ബി.വി നാഗരത്ന ആരാഞ്ഞു. അയോഗ്യത സംബന്ധിച്ച തീരുമാനം സ്പീക്കറാണ് എടുത്തതെന്ന് ചൂണ്ടിക്കാട്ടിയപ്പോൾ, എന്തുകൊണ്ട് തെരെഞ്ഞെടുപ്പ് കമ്മീഷൻ ഇക്കാര്യങ്ങൾ സ്പീക്കറിന്റെ ശ്രദ്ധയിൽ പെടുത്തിയില്ലെന്ന് കോടതി ആരാഞ്ഞു.
സുപ്രീം കോടതിയുടെ ഇന്നത്തെ നിർദ്ദേശത്തോടെ ഉപതെരെഞ്ഞടുപ്പ് നടത്തുന്നത് സംബന്ധിച്ച തീരുമാനത്തിൽ തെരെഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാടാണ് ഇനി നിർണ്ണായകം ആകുക.
അപ്പീലുമായി ലക്ഷദ്വീപ് ഭരണകൂടം
മുഹമ്മദ് ഫൈസലിന്റെ ശിക്ഷ മരവിപ്പിച്ച ഹൈക്കോടതി വിധിക്കെതിരെ ലക്ഷദ്വീപ് ഭരണകൂടം സുപ്രീം കോടതിയെ സമീപിക്കും. ഇക്കാര്യത്തില്‍ ഉടന്‍ തന്നെ ഹര്‍ജി നല്‍കുമെന്ന് ദ്വീപ് ഭരണകൂടം അറിയിച്ചു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക