ഡൽഹി: ലോക്സഭാ അംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കിയ ഉത്തരവ് പിൻവലിക്കാത്തതിനെതിരെ ലക്ഷദ്വീപ് മുൻ എം.പി മുഹമ്മദ് ഫൈസൽ നൽകിയ ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും. ഹർജി അടിയന്തിരമായി പരിഗണിക്കണമെന്ന മുഹമ്മദ് ഫൈസലിന്റെ ആവശ്യം ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് അംഗീകരിച്ചു. തുടർന്നാണ് ഹർജി ചൊവ്വാഴ്ച കേൾക്കാൻ കോടതി തീരുമാനിച്ചത്.
വധശ്രമക്കേസിൽ ഫൈസൽ കുറ്റക്കാരനാണെന്ന വിധിയും ശിക്ഷയും കേരള ഹൈക്കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. ഇതിനെതിരെ ലക്ഷദ്വീപ് ഭരണകൂടം സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജി നാളെ ജസ്റ്റിസ് കെ.എം ജോസഫ് അധ്യക്ഷനായ ബെഞ്ച് നാളെ പരിഗണിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇതോടൊപ്പം അംഗ്വതം അയോഗ്യനാക്കിയ ഉത്തരവ് പിൻവലിക്കാത്തതിനെതിരെ മുഹമ്മദ് ഫൈസൽ നൽകിയ ഹർജിയും പരിഗണിക്കുമെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്.
സീനിയർ അഭിഭാഷകൻ അഭിഷേക് മനു സിങ്‌വി, അഭിഭാഷകൻ കെ.ആർ ശശിപ്രഭു എന്നിവരാണ് മുഹമ്മദ് ഫൈസലിന് വേണ്ടി ഇന്ന് സുപ്രീം കോടതിയിൽ ഹാജരായത്. ലോക്സഭാ സെക്രട്ടറി ജനറലിനെതിരെയാണ് ഫൈസലിന്റെ ഹർജി. ലോക്സഭാ സെക്രട്ടറിയേറ്റ് നിയമ വിരുദ്ധമായ നിഷ്ക്രിയ സമീപനം സ്വീകരിക്കുവെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക