കോഴിക്കോട്: ആദ്യമായി ഇന്ത്യയെ പ്രതിനിധീകരിച്ച് ഇറ്റലിയിൽ നടക്കുന്ന അണ്ടർ 13 ടൂർണമെന്റിൽ കളിക്കാൻ ഇറങ്ങുന്ന എസി മിലാൻ അക്കാദമി കേരളയുടെ ടീമിൽ ലക്ഷദ്വീപ് മിനിക്കോയ് സ്വദേശി ഹാഷിർ മണിക്ഫാനും. ജർമനി, നെതർലൻഡ്സ്, ഓസ്ട്രിയ, ഡെൻമാർക്ക് രാജ്യങ്ങളിലെ ക്ലബ്ബുകളടങ്ങുന്ന ഗ്രൂപ്പിലാണ് മിലാൻ അക്കാദമി കേരള ടീമും ഏറ്റുമുട്ടാൻ ഇറങ്ങുന്നത്.
ലക്ഷദ്വീപ് മിനിക്കോയ് സ്വദേശികളായ അബ്‌ദുൾ നാസറിന്റെയും ഷംഷാദ് ബീഗത്തിന്റെയും മകനാണ് ഹാഷിർ. എസി മിലാൻ അക്കാദമിയിൽ കോച്ചായ ആൽബർട്ടോ ലക്കാൻഡെലെയാണ് ഹാഷിറിന്റെയും സഹ താരങ്ങളുടെയും പരിശീലകൻ.

കഴിഞ്ഞ വർഷമാണ് ലോകപ്രശസ്ത ക്ലബ് എസി മിലാൻ ‘എസി മിലാൻ അക്കാദമി കേരള’ എന്ന പേരിൽ കേരളത്തിൽ പരിശീലനകേന്ദ്രങ്ങൾ തുറന്നത്. കോഴിക്കോടും മലപ്പുറത്തും കൊച്ചിയിലും പരിശീലന കേന്ദ്രങ്ങൾ ഉണ്ട്.
ആഷിർ മണിക്ഫാനെ കൂടാതെ അണ്ടർ 13 ടീമിൽ മുഹമ്മദ് സിനാൻ, റയാൻ സുബൈർ, ആൽവിൻ പോൾ, മുഹമ്മദ് അയ്മൻ, സിദ്ധാർഥ് ജീവൻ, നിവിൻ ടി.നൈനാൻ, ആഗ്‌നേയ് ചുങ്കത്ത്, കെ.എം.ദീക്ഷിത്, മെഹസ് മാവൂർ, പി.കെ.ഡാനിഷ്, ദേവാംഗ് കൊളപ്പാടൻ, വി.പി. മുഹമ്മദ് ഷസിൽ, സി.അൻഫൽ, ഒമർ ജസ്‌ലാൻ എന്നിവരാണ് ഇറ്റലിയിലേക്ക് പോകുന്നത്. ഏപ്രിൽ അഞ്ചിന് ഇറ്റലിയിലേക്ക് പോകുന്ന ടീം 7,8,9 തീയതികളിൽ മത്സരത്തിനിറങ്ങും.

പ്രധാന പരിശീലകനായ ആൽബർട്ടോയും സഹപരിശീലകനായ മുക്കം സ്വദേശി ഷെബിൻ മുഹമ്മദും ടീമിനൊപ്പമുണ്ടാവും. 12ന് നടക്കുന്ന ചാമ്പ്യൻസ് ലീഗിൽ എസി മിലാനും നാപ്പോളിയും തമ്മിലുള്ള ക്വാർട്ടർ ഫൈനൽ മത്സരം നേരിട്ട് കണ്ടാവും ടീമിന്റെ മടക്കം.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക