കൊച്ചി: ശാഫ്റ്റ് ബെയറിംഗ് തകരാറിലായതിനാൻ ഇന്ന് കൊച്ചിയിൽ നിന്നും പുറപ്പെടേണ്ടിയിരുന്ന എം.വി കവരത്തിയുടെ യാത്ര റദ്ദാക്കി. സാരമായ അറ്റകുറ്റപ്പണികൾ ഉള്ളതിനാൽ ഇനി എന്ന് മുതൽ സർവ്വീസ് പുനരാരംഭിമെന്ന് വ്യക്തമായ ധാരണയില്ല. ശാഫ്റ്റ് സംബന്ധമായ തകരാറുകൾ ആയതിനാൽ ‘ഡ്രൈ-_ഡോക്ക്’ വേണ്ടി വരുമെന്നാണ് അറിയാൻ സാധിച്ചത്. അങ്ങിനെയെങ്കിൽ ഇനി സർവ്വീസ് പുനരാരംഭിക്കാൻ ദിവസങ്ങൾ വേണ്ടി വരും.

കോടികൾ മുടക്കി അറ്റകുറ്റപ്പണി നടത്തിയ എം.വി കവരത്തി കപ്പൽ ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ഓടിത്തുടങ്ങിയത്. മാസങ്ങൾ ഡോക്കിൽ കയറ്റിയ ശേഷവും കപ്പലിൽ ആവശ്യമായ പല അറ്റകുറ്റപ്പണികളും ചെയ്യാതെയാണ് കപ്പൽ തിരിച്ചു നീറ്റിലിറക്കിയത്. ചില പണികൾ ബാക്കിയുണ്ടെങ്കിലും യാത്രക്കാരെ ബുദ്ധിമുട്ടിക്കാതിരിക്കാൻ എത്രയും പെട്ടെന്ന് കപ്പൽ സർവ്വീസ് പുനരാരംഭിക്കുകയായിരുന്നു എന്നാണ് അധികൃതർ പ്രതികരിച്ചത്. എന്നാൽ കപ്പലിന്റെ ശാഫ്റ്റ് പോലും കൃത്യമായി അറ്റകുറ്റപ്പണി നടത്താതെ ‘ഡോക്കിങ്ങ്’ എന്ന പേരിൽ കോടികൾ മുടക്കുന്നതിൽ അഴിമതി ഉണ്ടെന്ന് പൊയുവെ ആരോപണം ഉയരുന്നുണ്ട്. ഓരോ ‘ഡോക്കിങ്ങും’ കഴിയുമ്പോൾ കപ്പലിന്റെ മുഴുവൻ അറ്റകുറ്റപ്പണിയും ചെയ്തതായി കാണിച്ച് ബില്ലുകൾ പാസാക്കി എടുക്കുന്നതായും ആരോപണമുണ്ട്. കവരത്തി കപ്പലിന്റെ ഏറ്റവും ഒടുവിൽ നടന്ന ‘ഡോക്കിങ്ങിലും’ ഇങ്ങനെ ചെയ്യാത്ത പണികളുടെ ബില്ലുകൾ പാസാക്കി എടുത്തതായി പറയപ്പെടുന്നു. ഈ മേഖലയിൽ സുതാര്യമായ അന്വേഷണങ്ങൾ നടത്തണമെന്ന് നവമാധ്യമങ്ങളിലൂടെ ശക്തമായ ആവശ്യം ഉയർന്നു കഴിഞ്ഞു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക