ന്യൂഡെൽഹി: ലക്ഷദ്വീപ് സന്ദർശനം ആഗ്രഹിക്കുന്ന വിനോദ സഞ്ചാരികൾക്ക് ഇനി എളുപ്പത്തിൽ ദ്വീപിൽ എത്താനാവും. എൻട്രി പെർമിറ്റ് നിയമങ്ങൾ ലഘൂകരിക്കാൻ വേണ്ട എല്ലാ നടപടികളും എടുക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ.രാജ്നാഥ് സിംഗ് പറഞ്ഞു. കഴിഞ്ഞ ദിവസം ഡെൽഹിയിൽ ചേർന്ന ദ്വീപ് ഡെവലപ്മെന്റ് ഏജൻസി (ഐ.ഡി.എ) മീറ്റിംഗിലാണ് കേന്ദ്ര സർക്കാർ ചരിത്രപരമായ തീരുമാനം എടുത്തത്. എൻട്രി പെർമിറ്റ് നിയമങ്ങൾ ലഘൂകരിക്കുന്നതോടെ ലക്ഷദ്വീപിലെ വിനോദ സഞ്ചാര മേഖല കൂടുതൽ ശക്തിപ്പെടും.

രാജ്യത്തെ എറ്റവും മനോഹരമായ വിനോദ സഞ്ചാര കേന്ദ്രമാണ് ലക്ഷദ്വീപ്. കേരളത്തിൽ നിന്ന് ഏറെ അടുത്ത് കിടക്കുന്ന മനോഹരമായ ദ്വീപുൾ കാണാനാഗ്രഹിക്കാത്ത മലയാളികൾ ഉണ്ടാവില്ല. ഗവണ്മെന്റ് ടൂർ പാക്കേജുകൾ വഴി പരിമിതമായ വിനോദ സഞ്ചാരികളെ മാത്രമേ ദ്വീപുകളിൽ എത്തിക്കാൻ സാധിക്കുന്നുള്ളു. അതിന് ഒരാളിൽ നിന്ന് ഈടാക്കുന്നത് 33,000-ത്തോളം രൂപയാണ്. അത്രയും തുക നൽകി ദ്വീപിലെത്താൻ കഴിയാത്തവർക്ക് ഏക മാർഗം എൻട്രി പെർമിറ്റ് വഴി ദ്വീപ് സന്ദർശിക്കുക എന്നതാണ്. എന്നാൽ ദ്വീപുകളിലേക്ക് പോവുന്നതിനുള്ള എൻട്രി പെർമിറ്റിന്റെ നിയമക്കുരുക്കുകൾ കാരണം ഭൂരിഭാഗം ആളുകളുടെയും ദ്വീപ് സന്ദർശനം എന്ന സ്വപ്നം പാതിവഴിയിൽ ഉപേക്ഷിക്കുന്നത് സ്ഥിരം കാഴ്ചയാണ്. വിനോദ സഞ്ചാരികളെ സ്പോൺസർ ചെയ്യാൻ തയ്യാറായി പ്രദേശവാസികളായ സ്പോൺസർമാർ ഉണ്ടെങ്കിലും പഞ്ചായത്തിന്റെ എൻ.ഒ.സി മുതൽ പോലീസിന്റെ അന്വേഷണ റിപ്പോർട്ട് വരെ കഴിഞ്ഞ് പെർമിറ്റ് അനുവദിച്ച് കിട്ടുമ്പോഴേക്ക് ആഴ്ചകൾ എടുക്കും. അപ്പോഴേക്ക് അവധിക്കാലം മനോഹരമാക്കാൻ ദ്വീപ് സന്ദർശനത്തിന് തയ്യാറെടുത്ത വിനോദ സഞ്ചാരികളുടെ അവധി തീരുകയും ദ്വീപ് യാത്ര ഉപേക്ഷിക്കുകയുമാണ് ചെയ്യുന്നത്. ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഇത്രയും നീണ്ട എൻട്രി പെർമിറ്റ് പ്രക്രിയകൾ ദ്വീപുകളിലേക്ക് വിനോദ സഞ്ചാരികൾ കൂടുതലായി എത്തുന്നതിന് വലിയ തടസ്സമാണ്. ഇതിനെതിരെ ദ്വീപുകളിൽ നിന്ന് തന്നെ പ്രതികരണങ്ങൾ ഉയർന്നിരുന്നു. ഇത്രയും നീണ്ട എൻട്രി പെർമിറ്റ് പ്രക്രിയകൾ ലഘൂകരിക്കണമെന്ന് ലക്ഷദ്വീപ് എം.പി പി.പി.മുഹമ്മദ് ഫൈസൽ നേരത്തെ പാർലമെന്റിൽ ആവശ്യപ്പെട്ടിരുന്നു. ദ്വീപിൽ ഒരു വിനോദ സഞ്ചാരിക്ക് വേണ്ട താമസ സൗകര്യം ഒരുക്കാനും അവരുടെ ഉത്തരവാദിത്വം ഏറ്റെടുക്കാനും ഒരു സ്പോൺസർ ഉണ്ടെങ്കിൽ കാലതാമസമില്ലാതെ അവർക്ക് വേണ്ട പെർമിറ്റ് അനുവദിക്കാനുള്ള സംവിധാനം ഉണ്ടാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. അംഗീകൃത ടൂറിസ്റ്റ് ഏജൻസികളും പെർമിറ്റ് നിയമങ്ങൾ ലഘൂകരിക്കുന്നതിന് വേണ്ടി അഡ്മിനിസ്ട്രേഷൻ തലത്തിൽ സമ്മർദ്ദം ചെലുത്തിയിരുന്നു.
കഴിഞ്ഞ ദിവസം ബഹു:കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ.രാജ്നാഥ് സിംഗിന്റെ നേതൃത്വത്തിൽ ഡെൽഹിയിൽ ചേർന്ന ഐ.ഡി.എയുടെ മൂന്നാമത് മീറ്റിംഗിലും പെർമിറ്റ് നിയമങ്ങൾ ലഘൂകരിക്കണം എന്ന ആവശ്യം ശക്തമായി ഉയർന്നു വന്നു. ലക്ഷദ്വീപിന്റെയും ആന്തമാൻ നിക്കോബാർ ദ്വീപുകളുടെയും ഈ ആവശ്യത്തോട് മന്ത്രി അനുകൂലമായാണ് പ്രതികരിച്ചത്. പെർമിറ്റ് നിയമങ്ങൾ ലഘൂകരിക്കാൻ ആവശ്യമായ നടപടികൾ എടുക്കുമെന്ന് അദ്ദേഹം അറിയിച്ചു. പെർമിറ്റുമായി ബന്ധപ്പെട്ട നൂലാമാലകൾ ഇല്ലാതാവുന്നതോടെ ലക്ഷദ്വീപിലേക്ക് വരുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ ഗണ്യമായ വർധനവുണ്ടാവും. അടുത്ത മാസം മൺസൂൺ കാലാവസ്ഥ തുടങ്ങുകയാണ്. ആഗസ്റ്റ് മാസം പകുതിയോടെ അടുത്ത വിനോദ സഞ്ചാര സീസണ് തുടക്കമാവും. അതിന് മുമ്പ് തന്നെ പെർമിറ്റ് നിയമങ്ങളിൽ മാറ്റമുണ്ടായാൽ സീസൺ തുടങ്ങുന്നതോടെ കൂടുതൽ വിനോദ സഞ്ചാരികൾ ലക്ഷദ്വീപിലേക്ക് ഒഴുകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക
Comment:അടിപൊളി