കവരത്തിക്ക് പിന്നാലെ ചെത്ത്ലാത്തും ആന്ത്രോത്തും; വെള്ളിയാഴ്ചകളിൽ കുട്ടികളെ സ്കൂളിലേക്ക് അയക്കില്ല.

0
649
Picture credit: Google

ചെത്ത്ലാത്ത്/ ആന്ത്രോത്ത്: മദ്റസാ സമയക്രമത്തെ ബാധിക്കുന്ന തരത്തിൽ ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ പുതിയ സ്കൂൾ സമയക്രമീകരണം മരവിപ്പിച്ച് പഴയ സമയക്രമം തുടരണം എന്ന ദ്വീപുകാരുടെ പൊതുവായ ആവശ്യം ലക്ഷദ്വീപ് ഭരണകൂടം പരിഗണിക്കാത്ത സാഹചര്യത്തിൽ, പ്രസ്തുത സമയക്രമീകരണവുമായി സഹകരിക്കേണ്ടതില്ല എന്ന് ചെത്ത്ലാത്ത്, ആന്ത്രോത്ത് ദ്വീപുകളിലെ സംഘടനകൾ ഐക്യകണ്ഠമായി തീരുമാനിച്ചു. ചെത്ത്ലാത്ത് ദ്വീപിൽ എസ്.എൽ.എഫ് ചെത്ത്ലാത്ത് യൂണിറ്റ്, മതപണ്ഡിതന്മാർ, പഞ്ചായത്ത് അംഗങ്ങൾ, എല്ലാ മദ്റസാ കമ്മിറ്റികളുടെയും ഭാരവാഹികൾ, എസ്.എസ്.എഫ്, എസ്.കെ.എസ്.എസ്.എഫ് തുടങ്ങിയ സംഘടനാ നേതാക്കൾ ഒന്നിച്ച് യോഗം ചേർന്ന് ആശയവിനിമയം നടത്തിയാണ് തീരുമാനം എടുത്തത്. ആന്ത്രോത്ത് ദ്വീപിൽ വില്ലേജ് ദ്വീപ് പഞ്ചായത്ത് ചെയർപേഴ്സൺ, ഖാളിമാരായ ഉസ്താദ് ഹംസക്കോയ ഫൈസി, സയ്യിദ് മുഹമ്മദ് മുസ്തഫാ സഖാഫി എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ മദ്റസാ മാനേജ്മെന്റുകൾ, മത സംഘടനകളുടെ പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി നേതാക്കൾ, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ഭാരവാഹികൾ, വിദ്യാർത്ഥി സംഘടനാ പ്രതിനിധികൾ പങ്കെടുത്തു. ആന്ത്രോത്ത് ദ്വീപിൽ ചേർന്ന യോഗത്തിൽ കവരത്തി ഖാളിയുടെ നേതൃത്വത്തിൽ എടുത്ത തീരുമാനങ്ങൾക്ക് പൂർണ്ണ പിന്തുണ അറിയിച്ചു.

Advertisement

വാരാന്ത്യ അവധി വെള്ളിയാഴ്ച ആയിരുന്നത് ഞായറാഴ്ച ആക്കി മാറ്റുകയും, രാവിലെ 9.30-ന് സ്കൂൾ ആരംഭിക്കുകയും ചെയ്യുന്ന രൂപത്തിലാണ് പുതുക്കിയ സമയക്രമം. ഇത് നടപ്പിലാക്കരുത് എന്ന് ജില്ലാ പഞ്ചായത്ത് ഔദ്യോഗികമായി ആവശ്യപ്പെട്ടെങ്കിലും ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പ് അത് അംഗീകരിച്ചില്ല.

ഇതേ ആവശ്യം ഉന്നയിച്ചുകൊണ്ട് മതസംഘടനകളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും കവരത്തിയിൽ ഉന്നത ഉദ്യോഗസ്ഥരെ നേരിൽ കണ്ട് നിവേദനം നൽകിയിരുന്നു. അനുകൂലമായ തീരുമാനം ഉണ്ടാവാതെ വന്നതോടെ കവരത്തി ഖാളി ബഹു ഹംസത്ത് മുസ്‌ലിയാരുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ സമയക്രമവുമായി സഹകരിക്കില്ല എന്ന് തീരുമാനിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ഇപ്പോൾ ചേത്ത്ലാത്ത്, ആന്ത്രോത്ത് എന്നീ ദ്വീപുകളിലും സന്നദ്ധ സംഘടനകൾ യോഗം ചേർന്നതും സ്കൂളുകളിലെ പുതിയ സമയക്രമവുമായി സഹകരിക്കില്ല എന്ന് തീരുമാനിച്ചതും. മറ്റു ദ്വീപുകളിലും ഇത്തരം യോഗങ്ങൾ നടന്നുവരികയാണ്. കൂടുതൽ ദ്വീപുകളിൽ നിന്നും താമസിയാതെ ഇതേ തീരുമാനം എടുത്തതായുള്ള വാർത്തകൾ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here